Connect with us

Gulf

ഖാദര്‍ ഹാജിയുടെ സേവന സ്മരണയില്‍ ഖത്വറിലെ സഹപ്രവര്‍ത്തകര്‍

Published

|

Last Updated

ദോഹ: ദീര്‍ഘകാലം ഖത്വറില്‍ ജോലി ചെയ്യുകയും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുകയും ചെയ്ത കെ ഐ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വിയോഗം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളിലും വേദനയായി. തൃശൂര്‍ കാളത്തോട് കൃഷ്ണാപുരം സ്വദേശിയായ ഖാദര്‍ ഹാജി ഏറെ വര്‍ഷങ്ങള്‍ ഖത്വറില്‍ നഗരസഭാ ജീവനക്കാരനായിരുന്നു.
ഖത്വറില്‍ എസ് വൈ എസ്, മര്‍കസ് പ്രവര്‍ത്തനങ്ങളുടെ തുടക്കക്കാരിലൊരാളായിരുന്ന ഖാദര്‍ ഹാജി ജോലി കഴിഞ്ഞ് സജീവമായി പ്രവര്‍ത്തിച്ചു. പ്രയാസപ്പെടുന്നവര്‍ക്കു വേണ്ടിയുള്ള സേവനങ്ങളിലും അദ്ദേഹം വ്യാപൃതനായി. കൂടുതല്‍ പ്രവാസി മലയാളികള്‍ ഇല്ലാതിരുന്ന കാലത്ത് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിച്ചയാളായിരുന്നു ഖാദര്‍ ഹാജി. ഇപ്പോഴും ഖത്വറില്‍ തുടരുന്ന നിരവധിയാളുകളുമായി ഖാദര്‍ഹാജി സൗഹൃദം പുലര്‍ത്തിയിരുന്നു. ആദ്യകാലങ്ങളില്‍ സിറാജ് റീഡേഴ്‌സ് ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നേതൃപരമായ പങ്കു വഹിച്ചു.
ജോലി വിരമിച്ച് നാട്ടില്‍ പോയതിനു ശേഷവും സേവനരംഗത്ത് തുടര്‍ന്ന അദ്ദേഹം മരിക്കുമ്പോള്‍ മുസ്‌ലിം ജമാഅത് സോണ്‍ വൈസ് പ്രസിഡന്റ്, കൃഷ്ണപുരം മഹല്ല് ജന. സെക്രട്ടറി, ചിറയ്ക്കല്‍ ദാറുസ്സലാം യതീം ഖാന ട്രഷറര്‍, ഖലീഫ ഉമര്‍ ചാരിറ്റബിള്‍ സൊസൈറ്റി മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
അബ്ദുല്‍ ഖാദര്‍ ഹാജിയുടെ നിര്യാണത്തില്‍ ഐ സി എഫ് ഖത്വര്‍ നാഷനല്‍ കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നതിനും മയ്യിത്ത് നിസ്‌കരിക്കുന്നതിനും പ്രസിഡന്റ് അബ്ദുര്‍റസാഖ് മുസ്‌ലിയാര്‍ പറവണ്ണ അഭ്യര്‍ഥിച്ചു.