കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ കണ്ടെത്തി; ബ്യൂട്ടി സെന്റര്‍ ഒരു മാസത്തേക്ക് അടച്ചിട്ടു

Posted on: February 29, 2016 10:27 pm | Last updated: March 1, 2016 at 10:06 pm
SHARE
ബ്യൂട്ടി സ്ഥാപനത്തില്‍ ഉദ്യോഗസ്ഥന്‍ നോട്ടീസ് പതിക്കുന്നു
ബ്യൂട്ടി സ്ഥാപനത്തില്‍ ഉദ്യോഗസ്ഥന്‍ നോട്ടീസ് പതിക്കുന്നു

ദോഹ: വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍പ്പനക്കു വെച്ചതു കണ്ടെത്തിയതിനെത്തുടര്‍ന്ന് ബ്യൂട്ടി സെന്റര്‍ ഒരു മാസം അടച്ചിടാന്‍ ഉത്തരവ്. അല്‍ മിര്‍ഖാബില്‍ പ്രവര്‍ത്തിച്ച സ്ഥാപനത്തിലാണ് നിയമലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്ന് മന്ത്രാലയം നോട്ടീസ് പതിച്ചത്.
രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കുറ്റകൃത്യം കണ്ടെത്തിയത്. കൃത്രിമത്വങ്ങള്‍ തടയുന്നതിന് പൊതുജന സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുമായി പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കാലാവധി കഴിഞ്ഞതും കേടുവന്നതുമായ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതുള്‍പ്പെടെയുള്ള നിലവാര പരിശോധനക്കു പുറമേ വില കൂട്ടി വാങ്ങുക, വില പ്രദര്‍ശിപ്പിക്കാതിരിക്കുക, വ്യാജ ഉത്പന്നങ്ങളുടെ വില്‍പ്പന തുടങ്ങിയവയും പരിശോധനക്കു വിധേയമാക്കുന്നുണ്ട്.
വില്‍പ്പന നടത്തുന്ന ഉത്പന്നങ്ങള്‍ കൃത്യമായി പ്രദര്‍ശിപ്പിക്കണമെന്നും പ്രൊഡക്ട് ലേബല്‍ വ്യക്തമായിരിക്കണമെന്നുമാണ് നിയമം. ലേബലില്‍ ഉത്പന്നത്തിന്റെ ചേരുവകളുള്‍പ്പെടെയുള്ള വിശദാംശം രേഖപ്പെടുത്തിയിരിക്കണം. തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയിലുള്ള വിശദീകരണങ്ങള്‍ ഇതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും നിയമം പറയുന്നു.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് വാണിജ്യ നിയമം. അടച്ചു പൂട്ടുന്ന വിവരം സ്ഥാപനത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കും. മന്ത്രാലയം വെബ്‌സൈറ്റിലും രാജ്യത്തെ രണ്ടു പ്രാദേശിക പത്രങ്ങളിലും സ്ഥാപനത്തിന്റെ പേരു സഹിതവും പരസ്യപ്പെടുത്തുകയും ചെയ്യാമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കര്‍ശന പരിശോധനകള്‍ നടന്നു വരുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിയമം കര്‍ശനമായി നടപ്പിലാക്കുമെന്നും വാണിജ്യ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here