Connect with us

Articles

പ്രവാസി എന്തിനാണ് വിമാനം കയറുന്നത്?

Published

|

Last Updated

സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുന്നു. വികസനത്തിന്റെ റണ്‍വേയില്‍ വിസില്‍ മുഴങ്ങുന്നു. അങ്ങനെ കണ്ണൂരിന്റെ ആകാശത്ത് വിമാനം പറക്കുകയാണ്. മൂര്‍ഖന്‍ പറമ്പിലെ മൊട്ടപ്പാറകളില്‍ ഇനി വിമാനമിറങ്ങി നിരങ്ങുമ്പോള്‍ ഒരു രാജ്യവും ജനതയും അഭിമാനത്തിന്റെ ആകാശത്തെത്തുകയാണ്. നാടുകളും നാളുകളും താണ്ടിയും തേടിയുമുള്ള പരസ്പര കൈമാറ്റവും കരമാറ്റവുമെല്ലാം ഇനി കണ്ണൂരിന്റെയും സ്വന്തം കാഴ്ചകളായി തീരുന്നു.

ഡിപ്പാര്‍ച്ചര്‍

2014 ജനുവരി 15. ബുധന്‍. പുലര്‍ച്ചെ 5.45. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഡിപ്പാര്‍ച്ചറില്‍ ആള്‍ത്തിരക്കില്ല. കണ്ണു കലങ്ങിയവര്‍, കരഞ്ഞെന്ന് തോനുന്നവര്‍, അങ്ങിങ്ങായി അങ്ങനെ കുറച്ചുപേരുണ്ട്. അവര്‍ ആരെയെങ്കിലും യാത്രയാക്കാന്‍ വന്നവരായിരിക്കണം. പ്രവാസിയുടെ നോവും നൊമ്പരവും കൊണ്ട് നനയാത്ത വിമാനമോ വിമാനത്താവളമോ ഉണ്ടോയെന്നറിയില്ല. ആലോചിച്ചു നോക്കുമ്പോള്‍ കാലാകാലങ്ങളായി എത്ര പേരായിരിക്കണം ഇത് വഴി ജീവിതവും സ്വപ്നങ്ങളും തേടി പോയിട്ടുണ്ടാവുക? ഇതില്‍ എത്ര പേരായിരിക്കും ആരും കാണാതെ കൈപൊത്തി കരഞ്ഞിട്ടുണ്ടാവുക?…

എന്‍ട്രി

പ്രവാസി എന്തിനാണ് വിമാനം കയറുന്നത്. പെട്ടെന്നെത്താനോ പെട്ടി കൊണ്ടുവരാനോ അല്ല. തന്റെ കുടുംബത്തിന്റെ ക്ഷേമത്തിനും സ്വന്തം നാടിന്റെ വികസനത്തിനുമാണ്. സുഖവും സൗകര്യങ്ങളും മറക്കാനാണ്. ജീവിക്കാനാണ്. മുന്നിലെ പ്രവിശാലമായ മണല്‍ കാട്ടിലേക്ക് കണ്ണുകളെറിഞ്ഞ് കരയാനാണ്. ആകാശം മുട്ടെയുള്ള ആഗ്രഹങ്ങളും ആശകളും എത്തിപ്പിടിക്കാനാണ്. ഒന്നുകൂടി ഓര്‍മ്മകള്‍ ഒരുക്കി കൂട്ടി സ്വപ്നങ്ങള്‍ കെട്ടിപ്പൊക്കാനാണ്.

കുടുംബത്തിന് വേണ്ടിയാണ് അവന്‍ സ്വന്തം കുടുംബം ഉപേക്ഷിക്കുന്നത്. നാടുവേണ്ടെന്ന് വെക്കുന്നതും അവന്റെ നാടിന് വേണ്ടി തന്നെയാണ്. വേരു പറിച്ചെടുത്തല്ല പ്രവാസി നാടുവിടുന്നത്. വീണ്ടും തിരിച്ചുവന്ന് വേരു പിടിപ്പിക്കാനാണ്. അവന് മടങ്ങി വന്നേ പറ്റു. ഏകാന്തതകളില്‍ അലിയുന്ന, ഓര്‍മ്മകളില്‍ നിറയുന്ന സ്വന്തം ജീവിത്തത്തെ കുറിച്ചുള്ള നഷ്ടബോധം അവനെ കൂടുതല്‍ കരുത്തനാക്കുന്നു. ആ കരുത്തില്‍ ജീവിതത്തിലേക്ക് ശക്തമായി അവന്‍ തിരിച്ചുവരുന്നു.

ജിദ്ദയിലെ ശറഫിയ്യയിലും ബുറൈദയുടെ തെരുവുകളിലും റിയാദിലെ ബത്തയിലും ജീവിക്കാന്‍ വേണ്ടി ജീവിതം ഉപേക്ഷിച്ചെത്തിയവരെയാണ് നിറയെ കണ്ടത്. ദമാമിന്റെ ഇടവഴികളും അല്‍കോബാറിന്റെ നഗര വീഥികളും അല്‍ ഹസ്സയിലെ എണ്ണപ്പാടങ്ങളും പറഞ്ഞുതരുന്നതും ഇതു തന്നെ. ജുബൈലും നജ്‌റാനും ജിസാനുമെല്ലാം വിളിച്ചുപറയുന്നത് മറ്റൊന്നല്ല. വിമാനം കയറി വന്നവന്റെ വിമാനത്തില്‍ തിരിച്ചപോകേണ്ടവന്റെ വേദനകള്‍ മാത്രമാണ്. ഒരു പക്ഷെ ഇതെല്ലാം കാലങ്ങളായി ആകാശത്തിന്റെ അനന്തതയില്‍ അലിഞ്ഞ് ഇല്ലാതായി തീര്‍ന്നതായിരിക്കണം. ആകാശം കയറുന്നവന്റെ ആകാംക്ഷയില്‍ അറിയാതെ പോയിതീര്‍ന്നതായിരിക്കണം.

പ്രവാസിയുടെ കുറിപ്പുകളില്‍ ബാബു ഭരദ്വാജ് ഇങ്ങനെ കുറിക്കുന്നുണ്ട്: ‘എന്റെ ദൗര്‍ബല്യങ്ങളെ പിഴുതുകളയാനാണ് ഓരോ തവണയും മരുഭൂമിയിലേക്ക് പോകുന്നത്. മാനസികമായി ശക്തനാവിന്‍ ജീവിതത്തോട് കൂടുതല്‍ കര്‍കശ ചിത്തനാവാന്‍. പക്ഷെ, ഓരോ തവണയും കൂടുതല്‍ സ്വപ്നങ്ങള്‍ മനസ്സില്‍ നിറച്ച് ഞാന്‍ തിരിച്ചുവരുന്നു. അര്‍ത്ഥമില്ലാത്ത സ്വപ്നങ്ങള്‍…

എമിഗ്രേഷന്‍

നേരു പറഞ്ഞാല്‍ എല്ലാവരും പ്രവാസികളാണ്. ജീവിതവും ഒരു പ്രവാസമാണ്. പാസ്‌പോര്‍ട്ടില്ലാതെ വിസയില്ലാതെ ഇവിടേക്ക് വന്നവര്‍. എമിഗ്രേഷന്‍ ആവശ്യമില്ലാതെ കസ്റ്റംസിന് പിടികൊടുക്കാതെ എത്തിപ്പെട്ടവര്‍. വിമാനം കയറിയില്ലെന്നേയുള്ളൂ. വിമാനത്താവളം കണ്ടില്ലെന്നതും ശരിയാണ്. എന്നാലും നാം ഇവിടെ പ്രവാസികളായി വന്നവര്‍. മറ്റൊരു ലൗകത്തിന്റെ മോഷവും വിജയവും തേടി ജീവിതം അന്വേശിച്ച് വന്നവര്‍. ഒന്ന് ആലോചിച്ചുനോക്കൂ. ജീവിതത്തിന്റെ തിക്കു തിരക്കുകള്‍ക്കും വേഗങ്ങള്‍ക്കുമിടയില്‍ നമുക്ക് അതറിയുന്നുണ്ടോ? അതേകുറിച്ച് നമുക്ക് വല്ല ബോധവും ഉണ്ടോ?

ഓര്‍മ്മപ്പെടുത്തലാണ് നമുക്ക് മരണം. ജീവിതം മരണത്തിലൂടെ കരമാറുന്നുണ്ട്. അവധിയും കാത്ത് കഴിയുകയാണ് നാം. അതു കഴിഞ്ഞാല്‍ നമുക്ക് യാത്ര തിരിക്കേണ്ടതുണ്ട്. വീട്ടുമുറ്റത്തെ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഒറ്റപ്പെട്ട, വികാര നിര്‍ഭരമായ യാത്ര. അവിടെ എയര്‍പോര്‍ട്ടോ എയര്‍ ഇന്ത്യയോ ഇല്ല. ശാന്തമായ ഉറക്കം. അതിലൂടെ മടക്കം. അങ്ങനെ എല്ലാ ഓര്‍മ്മകളും അവസാനിക്കുന്ന ഇടത്ത് കുറേ ഓര്‍മ്മപ്പെടുത്തലുകള്‍ ആരംഭിക്കുന്നു. ഇനി തിരിച്ചുവരാന്‍ കഴിയാത്ത വിധം എല്ലാ യാത്രകളും അവസാനിക്കുന്നു.

എക്‌സിറ്റ്

2014 ഫിബ്രുവരി 17. തിങ്കള്‍. ഉച്ച രണ്ട് മണി. ചുട്ടുപൊള്ളുന്ന വെയില്‍. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും എയര്‍ ഇന്ത്യയുടെ വിമാനം പറന്നുയരുന്നു. പ്രവാസികളേയും പേറി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക്. ബുര്‍ജ് ഖലീഫയോടൊപ്പം ഇടതൂര്‍ന്ന് വളരുന്ന കെട്ടിട സമുച്ചയങ്ങള്‍ക്ക് മുകളിലൂടെ പ്രൗഡിയുടെ ഒരു നഗരം ദൂരെയാവുകയാണ്….

താഴേക്ക് നോക്കി. ആരെയും കാണുന്നില്ല. … കാരശ്ശേരി, കണ്ണപുരം സഖാഫി, ബിലാല്‍ക്ക… കാറെടുത്ത് വന്ന് ദുബൈ നാട് കാണിച്ചുതന്ന മൊട്ടക്കെ സലീം. കൂടെ നൗഫലും അമീനും. അബൂദാബി ഒന്നാകെ ഓടിച്ചു തന്ന കാഞ്ഞങ്ങാട്ടെ റിയാസ്. ഷാര്‍ജ ഏഷ്യന്‍ പെയിന്റിനടുത്ത് മുനീറും ബാസിത്തും. അല്‍ഖൂസിലെ ലേബര്‍ ക്യാമ്പിനകത്ത് കൊച്ചുമാര്‍ക്കറ്റിനോട് ചേര്‍ന്ന ഇരുട്ട് മുറിയില്‍ ഇബ്രാഹിം. ഇബ്‌നു ബത്തൂത്ത ഇന്റസ്ട്രിയല്‍ ഏരിയയില്‍ തടവറയില്‍ എന്നപോലെ അബ്ദുല്‍ ഫത്താഹ്…. ഒര്‍മ്മിച്ചുപോകുകയെന്നത് എന്നോട് തന്നെയുള്ള ഒരു കലാപമാണോ എന്നറിയില്ല, അജ്മാനില്‍ റിയ. അല്‍ ഐനില്‍ ഷിയ. മുസഫയില്‍ ഇര്‍ഫാനി. ഫുജൈറയില്‍ ലത്വീഫി. ഉമ്മുല്‍ ഖുവൈനില്‍ മൊയ്തൂക്ക. ഖോര്‍ഫുക്കാന്‍ മലനിരകള്‍ക്കിടയില്‍ മജീദ്. റാസല്‍ ഖൈമയില്‍ ഷമീര്‍ സാഹിബ്… പരസ്പരം കൈപ്പിടിച്ച് കരമാറുന്നതിനിടയില്‍ എല്ലാവരോടുമായി പറഞ്ഞു: “സാര്യല്ലാ, അടുത്ത വരവിന് നമ്മക്ക് കണ്ണൂരിലിറങ്ങാം.”

പിന്നെ പിന്നെ പുറം കാഴ്ചകള്‍ മാഞ്ഞുതുടങ്ങി. ഒന്നും കേള്‍ക്കാന്‍ കഴിയാത്തത് പോലെ രണ്ട് കാതുകളും അടഞ്ഞു. പെയ്തു തീരാത്ത മനസ്സില്‍ പേടി കൂട് കെട്ടി. കണ്ണുകള്‍ അടച്ച് ഞനുറക്കെ ഓര്‍മ്മിച്ചുനോക്കി… അങ്ങ് ദൂരെ, എത്രയോ അകലെ മനോഹരമായ ഗ്രാമത്തല്‍ പണി തീരാത്ത എന്റെ വീട്. അതിനകത്ത് ഇപ്പോള്‍ റുബിയുണ്ടാവണം. പുറത്ത് മുറ്റത്ത് റബിയും, റഷയും കളിക്കുന്നുണ്ടാവണം. താഴെ തറവാട്ടില്‍ നിന്നും റജ്‌ലയും, നജയും മുകളിലേക്ക് കയറി വരുന്നുണ്ടാവണം…… പക്ഷെ, ഭൂമിയില്‍ ഇപ്പോള്‍ നടക്കുന്നതൊന്നും എനിക്കറിയേണ്ടതില്ല. കാരണം, മണിക്കൂറില്‍ എണ്ണൂറ്ററുപത് കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന എന്റെ വിമാനം ഇപ്പോഴും ഭൂമിയില്‍ നിന്ന് ഒമ്പതിനായിരത്തി മുന്നൂറോളം മീറ്റര്‍ ഉയരത്തിലാണ്.

അറൈവല്‍

കെട്ടുകളും പെട്ടികളും കറങ്ങിവരുന്നേടത്ത് നല്ല തിരക്കാണ്. ട്രോളികള്‍ കൈവിടാതെ എല്ലാവരും കാത്തിരിക്കുന്നു. സാഹസപ്പെട്ടു കൊണ്ടുവന്നവ കണ്ടെത്തി കയ്യിലാക്കുന്നത് ഒരു മത്സരംപോലെ ആവേശകരമാണ്. വെറുതെ വിമാനം കയറി ഇറങ്ങിവന്നാല്‍ പോരാ. ഒരു ട്രോളിയില്‍ പെട്ടികള്‍ അട്ടിവെച്ച് മുന്നോട്ടേക്ക് തള്ളി പുറത്തേക്കിറങ്ങണം. പാസ്‌പോര്‍ട്ടും വിമാന ടിക്കറ്റുമൊക്കെ കയ്യില്‍ പിടിച്ചിരിക്കണം. ദുബായീന്ന് വരുന്നതല്ലേ,ആവശ്യത്തിന് അഹങ്കാരമൊക്കെ അഭിനയിക്കണം.
പുറത്തേക്ക് നീട്ടിനോക്കി. വിമാനത്താവളത്തിലെ അറൈവലിന്റെ മുഖം ബഹളമയമാണ്. പ്രിയപ്പെട്ടവരെ ആദ്യം കാണാനെത്തിയവര്‍. കൈപിടിച്ച് കാറില്‍ കയറാനെത്തിയവര്‍. ആയാസത്തോടെ ഏച്ചുവലിച്ചുകൊണ്ടുവന്ന പെട്ടികള്‍ പിടിച്ചുപറിക്കുംപോലെ വാങ്ങികടത്തികൊണ്ടുപോവാന്‍ വന്നവര്‍. കൂട്ടത്തില്‍ കാത്തിരുന്നു മടുത്ത ഭാര്യമാരുണ്ട്, വാത്സല്യം വാരാനെത്തിയ കുറെ മക്കളുണ്ട്.
കണ്ണു നനച്ചും മൂക്ക് പിഴിച്ചും അന്ന് യാത്രയാക്കിയ കുടുംബത്തിന്റെ നടുവിലേക്ക് ട്രോളി തുഴഞ്ഞ് അയാളിറങ്ങി…. ചുറ്റും കൂടിയവര്‍ ട്രോളിയിലേക്ക് മാത്രം നോക്കുന്നു, പെട്ടികള്‍ എണ്ണെന്നു. ആള്‍തിരക്കിനിയടില്‍ ഒറ്റപ്പെട്ടതുപോലെ അയാള്‍ക്ക് തോനുന്നു. അല്ലെങ്കിലും ഒരു ഒറ്റപ്പെടല്‍ തന്നെയാണല്ലോ അയാള്‍ എപ്പോഴും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

Latest