മാര്‍ച്ചില്‍ പെട്രോള്‍ വില വീണ്ടും കുറയും

Posted on: February 29, 2016 2:56 pm | Last updated: February 29, 2016 at 2:56 pm

petrolഅബുദാബി: രാജ്യത്തെ പെട്രോള്‍വില മാര്‍ച്ചില്‍ വീണ്ടും കുറയുമെന്ന് യു എ ഇ ഊര്‍ജമന്ത്രാലയം വ്യക്തമാക്കി. സ്‌പെഷ്യല്‍ 95 വിഭാഗത്തില്‍ പെട്ട പെട്രോളിന് ലിറ്ററിന് നിലവിലെ 1.47 ദിര്‍ഹത്തില്‍നിന്ന് 1.36 ദിര്‍ഹമായാണ് മാര്‍ച്ചില്‍ കുറയുക. സൂപ്പര്‍ 98ന് 1.58 ദിര്‍ഹത്തില്‍നിന്ന് 1.47 ദിര്‍ഹമായി കുറയുമ്പോള്‍ ഇ പ്ലസ് 91ന് 1.40 ദിര്‍ഹത്തില്‍ നിന്ന് 1.29 ദിര്‍ഹമായി വില കുറയും. അതേ സമയം ഡീസല്‍ വിലയില്‍ രണ്ട് ശതമാനത്തോളം വര്‍ധനവ് ഉണ്ടാവും. ഇതോടെ ഡീസല്‍ ലിറ്ററിന് 1.37 ദിര്‍ഹത്തില്‍ നിന്ന് 1.40 ദിര്‍ഹമായി ഉയരും.

സര്‍ക്കാര്‍ സബ്‌സിഡി എടുത്തുകളഞ്ഞതോടെയാണ് കഴിഞ്ഞ വര്‍ഷം മധ്യം മുതല്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ മാസാമാസം പുതുക്കി നിശ്ചയിക്കാന്‍ ആരംഭിച്ചത്. ഊര്‍ജമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. മതര്‍ അല്‍ നെയാദി തലവനായ എണ്ണവില പുനരവലോകനസമിതിയാണ് എല്ലാ മാസവും 28ന് യോഗം ചേര്‍ന്ന് രാജ്യാന്തര വിപണിയിലെ വിലക്ക് അനുസൃതമായി എണ്ണവില പുതുക്കി നിശ്ചയിക്കുന്നത്. 2014ല്‍ എണ്ണവിലയില്‍ 70 ശതമാനത്തില്‍ അധികം കുറവ് വന്നതിനെതുടര്‍ന്നായിരുന്നു സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായി യു എ ഇ എണ്ണവില ഓരോ മാസവും പുതുക്കി നിശ്ചയിക്കാന്‍ നടപടി സ്വീകരിച്ചത്.