Connect with us

National

കേന്ദ്ര ബജറ്റ് 2016: ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ

Published

|

Last Updated

ന്യൂഡല്‍ഹി:ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കി കേന്ദ്ര സര്‍ക്കാരിന്റെ പൊതുബജറ്റ്. ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന പുതിയ ആരോഗ്യപരിപാലന പദ്ധതി കൊണ്ടുവരുമെന്ന് കേന്ദ്ര പൊതുബജറ്റില്‍ ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. എല്ലാ ജനറല്‍ ആശുപത്രികളിലും ഡയാലിസിസിന് സൗകര്യമൊരുക്കും. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ദാരിദ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് പാചകവാതകം എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു.
മുതിര്‍ന്ന പൗരമാര്‍ക്ക് 1.30 ലക്ഷം രൂപയുടെ ചികിത്സ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്‌

കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഒമ്പത് മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് മോദി സര്‍ക്കാരിന്റെ മൂന്നാം പൊതു ബജറ്റ് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചത്. ദേശീയ പെന്‍ഷന്‍ പദ്ധതിക്ക് 40% നികുതി ഇളവ് നല്‍കും. കാലാവധി പൂര്‍ത്തിയാക്കിയാലുള്ള തുകയ്ക്കാണ് ഇളവ്. നാഷണല്‍ പെന്‍ഷന്‍, ഇപിഎഫ്ഒ സേവനനികുതി ഒഴിവാക്കി. ഒരുകോടിക്കു മുകളില്‍ വരുമാനമുള്ളവര്‍ക്ക് ആദായനികുതി സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തി. ലക്ഷ്വറി കാറുകള്‍ക്ക് വില കൂടും, 10 ലക്ഷത്തിലധികം വിലയുള്ളവയ്ക്ക് ഒരുശതമാനം സെസ് ചുമത്തും. പ്രഫഷണലുകളും മുന്‍കൂര്‍ നികുതി പരിധിയില്‍ വരും. സ്വത്ത് മറച്ചുവച്ചവര്‍ക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 30% നികുതിക്കു പുറമേ 7.5% ശതമാനം സര്‍ച്ചാര്‍ജ് നല്‍കണം. ബീഡി ഒഴികെയുള്ള പുകയില ഉത്പന്നങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, ആഢംബര കാറുകള്‍ എന്നിവയ്ക്ക് വില കൂടും. പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് സെസ് ഏര്‍പ്പെടുത്തി. വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍ക്ക് വിലകൂടും. ബ്രെയില്‍ ലിപി കടലാസുകള്‍ക്ക് വില കുറയും.