അവസാന യുദ്ധത്തിന് തയ്യാറാവാന്‍ മുസ്ലിംകളോട് സംഘപരിവാര്‍

Posted on: February 29, 2016 2:17 pm | Last updated: March 1, 2016 at 9:56 am
SHARE

ram-shankar-katheriaആഗ്ര: അവസാന യുദ്ധത്തിന് തയ്യാറാവാന്‍ മുസ്‌ലിംകളോട് കേന്ദ്രമന്ത്രിയടക്കമുള്ള സംഘപരിവാര്‍ നേതാക്കളുടെ ആഹ്വാനം. ആഗ്രയില്‍ വിഎച്ച്പി പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട നടന്ന അനുശോചന യോഗത്തിലാണ് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി റാം ശങ്കര്‍ കഠേരിയ അടക്കമുള്ള സംഘപരിവാര്‍ നേതാക്കള്‍ കൊലവിളി നടത്തിയത്. മുസ്ലിംകള്‍ക്കെതിരെ തെരുവിലിറങ്ങണമെന്നും ആരെങ്കിലും തടയാന്‍ വരുന്നത് കാണട്ടേയെന്നും കഠേരിയ വെല്ലുവിളിച്ചു.

കൊല്ലപ്പെട്ട വിഎച്ച്പി പ്രവര്‍ത്തകന്‍ അരുണ്‍ മഹാവുറിന്റെ അനുശോചന യോഗത്തിലാണ് കൊലവിളി പ്രസംഗം അരങ്ങേറിയത്. കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രിയും ആഗ്രാ എംപിയുമായ റാം ശങ്കര്‍ കഠേരിയ, ഫത്തേപൂര്‍ സിക്രി എംപി ബാബുലാല്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാദയോഗം. ചടങ്ങില്‍ പ്രസംഗിച്ചവര്‍ ഓരോരുത്തരും മുസ്ലിംകളെ കുറിച്ച് ഉത്കണ്ഠപ്പെടുകയും മുസ്ലിം രാക്ഷസന്മാരെ നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

മുസ്ലിംകള്‍ക്കെതിരെ നമ്മള്‍ പോരാടേണ്ടതുണ്ട്. ഇനിയും ആയുധമെടുത്തില്ലെങ്കില്‍ അരുണിനെ നഷ്ടപ്പെട്ടത് പോലെ മറ്റൊരാളെയും നഷ്ടപെടും. അതിനാല്‍ അക്രമികള്‍ക്കെതിരെ ഹിന്ദുക്കളുടെ ശക്തി കാണിക്കേണ്ടതുണ്ടെന്നും ചടങ്ങില്‍ പ്രസംഗിച്ച കേന്ദ്രമന്ത്രി റാം ശങ്കര്‍ കഠേരിയ പറഞ്ഞു. മന്ത്രിയായതിനാല്‍ തന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുകയാണ്. അരുണിന്റെ ഘാതകരെ തൂക്കിലേറ്റണം. ഈയോഗം ഒരു തുടക്കം മാത്രമാണ്. നമ്മുടെ കോളനികളിലെയെല്ലാം അനുശോചന യോഗങ്ങള്‍ ചേരും. ശേഷം നമ്മുടെ നേതാക്കള്‍ ഒരു തീരുമാനത്തിലെത്തും. തെരുവിലിറങ്ങാനാണ് ആജ്ഞയെങ്കില്‍ നമ്മള്‍ ആയിരങ്ങള്‍ തെരുവ് പിടിക്കും. ആരെങ്കിലും തടയാന്‍ വരുന്നത് കാണട്ടെയെന്നും മന്ത്രി പറഞ്ഞു.

തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും അതിന് ശ്രമിച്ചാല്‍ മുസ്ലിംകളെ വെച്ചേക്കില്ലെന്നും ബിജെപി എംപി ബാബുലാല്‍ മുന്നറിയിപ്പ് നല്‍കി. ഇത് വെറുതേയിരിക്കേണ്ട സമയമല്ലെന്നും മുഖംമൂടി ധരിച്ച് മുസ്ലിം വീടുകളില്‍ കയറിയിറങ്ങി അവരെ വളയണമെന്നും ഒരു തല്ക്ക് പത്തെണ്ണം വീതം കൊയ്യണമെന്നും മറ്റൊരു എംപിയായ കുണ്ടനിക ശര്‍മ ആഹ്വാനം ചെയ്തു. ശേഷം പ്രസംഗിച്ച ബിജെപി എംഎല്‍എ ജഗന്‍ പ്രസാദ് ഗാര്‍ഗും വിഷം ചീറ്റി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണെന്നും തോക്കും വാളുകളുമേന്തി ഹിന്ദുക്കളുടെ ശക്തി കാണിക്കേണ്ട സമയമായെന്നും ഇയാള്‍ പറഞ്ഞു. രോഷം കൊള്ളാത്തവന്‍ ഹിന്ദുവല്ലെന്ന മുദ്രാവാക്യവുമായി 5000ത്തോളം വരുന്ന പ്രവര്‍ത്തകര്‍ ഇതിനെ എതിരേറ്റു.

വിഎച്ച്പി ജനറല്‍ സെക്രട്ടറി സുന്ദര്‍ ജെയിന്റെയും ബജ്‌റംഗ് ദള്‍ നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ അതീവ സുരക്ഷയിലായിരുന്നു യോഗം. മുസഫര്‍നഗറിന്റെ പരിണിത ഫലം കണ്ടതല്ലേയെന്നും ആഗ്രയെ മറ്റൊരു മുസഫര്‍നഗറാക്കരുതെന്നും സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പായി സുന്ദര്‍ ജയിന്‍ പറഞ്ഞു. മുസ്ലിംകളെ രാവണന്റെ പിന്മുറക്കാരെന്ന് വിശേഷിപ്പിക്കുകയും അന്തിമ യുദ്ധം നേരിടാന്‍ തയ്യാറായിക്കോളൂവെന്നും വിഎച്ച്പി ജില്ലാ സെക്രട്ടറി അശോക് ലവാനിയ പറഞ്ഞു. മഹാവുറിന്റെ മരണത്തിന് 13 ദിവസത്തിനകം പ്രതികാരം ചെയ്യും. കാളിയുടെ മുന്നില്‍ മനുഷ്യബലി നല്‍കുന്നത് പോലെ മഹാവുറിന്റെ ബലികുടീരത്തിന് മുന്നില്‍ മുസ്ലിംകളുടെ തലയോട്ടി അര്‍പിക്കുമെന്നും ഇയാള്‍ പറഞ്ഞു. മുസ്ലിംകള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ പേരില്‍ നേരത്തെ ജയിലിലായിരുന്നു ലവാനിയ.

LEAVE A REPLY

Please enter your comment!
Please enter your name here