Connect with us

Kerala

കണ്ണൂരില്‍ ആദ്യ വിമാനമിറങ്ങി

Published

|

Last Updated

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ വിമാനം വിജയകരമായി ഇറങ്ങി. രാവിലെ ഒമ്പത് മണിയോടെ വ്യോമസേനയുടെ കോഡ് 2ബി വിമാനമാണ് പരീക്ഷണാര്‍ഥം ഇറക്കിയത്. റണ്‍വേ സംവിധാനം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് വിമാനമിറങ്ങിയത്. ഒരു മണിക്കൂറിനുള്ളില്‍ ചടങ്ങ് പൂര്‍ത്തിയാക്കിയതിനു ശേഷം വിമാനം ബംഗലൂരുവിലേക്ക് തിരിച്ചു പോകും. വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ ഇനിയും ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് ഔദ്യോഗിക വിവരം.

ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിമാനമിറങ്ങുന്നത്  കാണാന്‍  പ്രദേശവാസികളും എത്തിയിരുന്നു. അതേസമയം, ചടങ്ങില്‍ നിന്ന് ഇടതു മുന്നണിയുടെ ജനപ്രതിനിധികള്‍ വിട്ടുനിന്നു. ഇടതു സംഘടനകളുടെ നേതൃത്വത്തില്‍ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നു മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ല പരിപാടികളും ബഹിഷ്‌കരിക്കുമെന്ന് സിപിഐഎം നേതാക്കള്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കണ്ണൂര്‍ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2400 മീറ്റര്‍ റണ്‍വേയാണ് പൂര്‍ത്തിയായിരിക്കുന്നത്. മംഗലാപുരം വിമാനത്താവളത്തിലെ റണ്‍വേയുടെ ദൂരത്തിന് തുല്യമാണിത്. കഴിഞ്ഞ ഡിസംബറില്‍ ആദ്യ പരീക്ഷണം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ 2014 ല്‍ എകെ ആന്റണി തറക്കല്ലിട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചതിലും വൈകിയാണ് ഭാഗികമായി പൂര്‍ത്തിയായത്.

സാധാരണ വിമാനത്താവള നിര്‍മാണത്തിന് അഞ്ചുവര്‍ഷം വരെ വേണ്ടിവരുമെങ്കിലും റെക്കോഡ് വേഗത്തിലാണ് കണ്ണൂരില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. 1892 കോടി രൂപയാണ് ചെലവ്.

Latest