പെട്രോള്‍പമ്പുകള്‍ നാളെ മുതല്‍ അനിശ്ചികാലത്തേക്ക് അടച്ചിടും

Posted on: February 29, 2016 10:09 am | Last updated: February 29, 2016 at 8:34 pm
SHARE

PETROL PUMPകൊച്ചി: പെട്രോള്‍ പമ്പുകളുടെ ലൈസന്‍സുകള്‍ പുതുക്കി നല്‍കാത്ത ഓയില്‍കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ച് നാളെമുതല്‍ പെട്രോള്‍പമ്പുകള്‍ അനിശ്ചികാലത്തേക്ക് അടച്ചിടാന്‍ ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഐ ഒ സിയുടെ കമ്പനി അധികൃതരും പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാനഭാരവാഹികളുമായി നടന്ന മൂന്നാംവട്ട ചര്‍ച്ചയിലും തീരുമാനമാകാത്തതിനെത്തുടര്‍ന്നാണ് പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന പ്രസിഡന്റ് അഡ്വ തോമസ് വൈദ്യന്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം വരെ പമ്പുകള്‍ക്കുള്ള എക്‌സ്‌പ്ലോസീവ് ലൈസന്‍സുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ലൈസന്‍സുകളും ഓയില്‍ കമ്പനികള്‍തന്നെയാണ് നല്‍കിയിരുന്നത്. അതിനായി 1000 ലിറ്റര്‍ പെട്രോളിന്‍മേല്‍ 47 രൂപയും ഡീസലിന്‍മേല്‍ 43 രൂപയും കമ്പനികള്‍ ഈടാക്കുന്നുണ്ട്. ഇത്കൂടാതെ ഡീലര്‍ കമ്മീഷനില്‍നിന്നും നിശ്ചിത ശതമാനം ലൈസന്‍സ് ഫീസ് റിക്കവറിയായി ഡീലര്‍മാര്‍ നേരിട്ടും നല്‍കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൊലൂഷ്യന്‍, ഫയര്‍ഫോഴ്‌സ്, ഫാക്ടറീസ്, ഇന്‍ഡസ്ട്രീസ് തുടങ്ങിയ വകുപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എടുത്തുനല്‍കാന്‍ കമ്പനി തയ്യാറാകുന്നില്ലെന്ന് തോമസ് വൈദ്യന്‍ പറഞ്ഞു.

നിലവിലുള്ള 70 ശമതാനം പമ്പുകളും മതിയായ ബിസിനസില്ലാതെ നഷ്ടത്തിലാണ്. യാതൊരു മാനദണ്ഡവുമില്ലാതെ മത്സരബുദ്ധിയോടെ പുതിയ പമ്പുകള്‍ തുറക്കാന്‍ മല്‍സരിക്കുന്ന ഓയില്‍ കമ്പനികള്‍ കരിനിമയങ്ങളാല്‍ ഡീലര്‍മാരെ അടിമകളാക്കി മാറ്റുകയാണ്. അടക്കുന്ന തുകക്കുള്ള ഇന്ധനം നല്‍കാന്‍ കമ്പനികള്‍ തയ്യാറാകാത്തതുമൂലം ഡീലര്‍മാര്‍ക്ക് വന്‍ നഷ്ടമാണുണ്ടാകുന്നത്.
റിലയന്‍സ്, എസ് ആര്‍ എന്നീ കമ്പനികള്‍ക്ക് നിഷ്പ്രയാസം കേരളത്തില്‍ പമ്പു തുടങ്ങാന്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയ ചില ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് പുതിയപമ്പുകള്‍ക്ക് എന്‍ഒ സി നല്‍കുന്നതിന് മാനദണ്ഡങ്ങള്‍ സൃഷ്ടിക്കാതിരിക്കുന്നതിനുപിന്നില്‍. ഈ വെല്ലുവിളികള്‍ക്കുപുറമെയാണ് ലൈസന്‍സ് പുതുക്കുന്നതുകൂടി ഡീലര്‍മാരുടെ തലയില്‍കെട്ടിവെക്കാന്‍ ഓയില്‍കമ്പനികള്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here