മാണിയുടെ പുത്രവാത്സല്യം അതിരുവിട്ടു; കേരളാ കോണ്‍ഗ്രസ് വീണ്ടും പിളരുന്നു

Posted on: February 29, 2016 9:05 am | Last updated: February 29, 2016 at 9:05 am

maniകോട്ടയം: വര്‍ഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യവും പാര്‍ലിമെന്ററി രംഗത്ത് അമ്പതാണ്ടിന്റെ റെക്കോര്‍ഡും സ്വന്തമായുള്ള കെ എം മാണിക്ക് പുത്രവാത്സല്യം അതിരുവിട്ടപ്പോള്‍ സ്വന്തം പാര്‍ട്ടിയിലും അണികളിലുമുള്ള വിശ്വാസം നഷ്ടമാകുന്നു. ഐക്യകേരള കോണ്‍ഗ്രസ് സ്വപ്‌നം കണ്ട് കേരള കോണ്‍ഗ്രസ് സെക്യുലര്‍, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗങ്ങളെ ഒപ്പം കൂട്ടിയെങ്കിലും ജോസ് കെ മാണിയുടെ നേതൃത്വത്തെ അംഗീകരിക്കാന്‍ തയ്യാറാവാതെ പി സി ജോര്‍ജിന് പിന്നാലെ പി ജെ ജോസഫിനൊപ്പം എത്തിയ വലിയൊരു വിഭാഗം നേതാക്കള്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടിയുമായി ഇടതുസഖ്യത്തിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറു സീറ്റുകള്‍ നല്‍കാമെന്നും എല്‍ ഡി എഫില്‍ ഘടകകക്ഷിയാക്കാമെന്നുമുള്ള ഉറപ്പ് വിമത നേതാക്കള്‍ക്ക് സി പി എം നേതൃത്വം നല്‍കി കഴിഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജിന് പുറമെ മുന്‍ എം എല്‍ എമാരായ ആന്റണി രാജു, ഡോ. കെ സി ജോസഫ്, പി സി ജോസഫ് എന്നിവരാണ് പുതിയ കേരള കോണ്‍ഗ്രസിന്റെ അമരക്കാര്‍. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തിലെത്തുന്ന സര്‍വ്വേഫലങ്ങള്‍ പുറത്തുവന്നതോടെ പുതിയ കേരള കോണ്‍ഗ്രസിലേക്ക് നേതാക്കളുടെയും അണികളുടെയും വലിയ തോതിലുള്ള ഒഴുക്കുണ്ടാകുമെന്ന പ്രതീക്ഷയാണ് വിമത നേതാക്കള്‍. രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ പുതിയ പാര്‍ട്ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച് ചിത്രം വ്യക്തമാകുമെന്നും, ഇന്നും നാളെയുമായി എല്ലാ ജില്ലകളിലും പ്രവര്‍ത്തക യോഗം വിളിച്ചുചേര്‍ക്കുമെന്നും നേതാക്കള്‍ അറിയിച്ചു. നിലവില്‍ കേരള കോണ്‍ഗ്രസ് എം സംസ്ഥാന ഭാരവാഹിത്വം വഹിക്കുന്ന 30 ഓളം സെക്രട്ടറിമാരും നാലു ജില്ലാ പ്രസിഡന്റുമാരും തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിയതോടെ സീറ്റുചര്‍ച്ചകളില്‍ ജോസ് കെ മാണിയുടെ നേതൃത്വം അംഗീകരിക്കുന്നവരെ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന ഔദ്യോഗിക പക്ഷത്തിന്റെ ആലോചനകള്‍ പുറത്തായതോടെയാണ് ജോസഫ് വിഭാഗത്തിനൊപ്പമുള്ള പ്രമുഖ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയത്. കെ എം മാണിയെ പരസ്യമായി ബി ജെ പി സ്വാഗതം ചെയ്തിട്ടും എതിരഭിപ്രായം പറയാതെ വര്‍ഗീയ കക്ഷികളോട് മൃദുസമീപം സ്വീകരിക്കുന്ന മാണിയുടെ നിലപാടുകളും പാര്‍ട്ടിയില്‍ അസ്വസ്ഥത പുകയാന്‍ കാരണമായി. മുന്‍കാല തിരഞ്ഞെടുപ്പുകളിലെല്ലാം ബി ജെ പിയുമായി കേരള കോണ്‍ഗ്രസ് മാണി വിഭാഗം രഹസ്യബാന്ധവത്തിന് മുതിര്‍ന്നിരുന്നു. ഈ സാധ്യതകള്‍ ബി ജെ പിക്കും രാഷ്ട്രീയമായി അനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള കോണ്‍ഗ്രസിനെ എന്‍ ഡി എ സഖ്യത്തിലേക്ക് ബി ജെ പി നേതൃത്വം സ്വാഗതം ചെയ്തത്. എന്നാല്‍ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് ശേഷം ബി ജെ പിയുമായുള്ള സഖ്യ സാധ്യതകള്‍ ആലോചിക്കാമെന്ന അടവുനയമാണ് ബി ജെ പി സംസ്ഥാന ഘടകവുമായി കെ എം മാണി ഉണ്ടാക്കിയിരിക്കുന്നതെന്നും എതിരാളികള്‍ ആരോപിക്കുന്നു. കേന്ദ്രത്തില്‍ ജോസ് കെ മാണിക്ക് മന്ത്രിസ്ഥാനം ഉറപ്പിക്കാനുള്ള തന്ത്രമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് കേരള കോണ്‍ഗ്രസ് വിമത നേതാക്കള്‍ പറയുന്നത്. യു ഡി എഫില്‍ കോണ്‍ഗ്രസിന്റെ പക്കല്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളിലെ വിമത ശബ്ദങ്ങള്‍ ഇല്ലാതാക്കാനുള്ള കെ എം മാണിയുടെ ശ്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിലെ ഒരുവിഭാഗം രംഗത്ത് എത്തികഴിഞ്ഞു. ഒപ്പം പാര്‍ട്ടിയില്‍ നിന്നും നേതാക്കളും അണികളും വ്യാപകമായി കൊഴിഞ്ഞുപോകുന്നത് ഐക്യമുന്നണിക്കുള്ളില്‍ സമ്മര്‍ദ്ദം ശക്തമാക്കാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ നീക്കങ്ങളുടെ മുനയൊടിച്ചിരിക്കുകയാണ്. ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് കോണ്‍ഗ്രസിനെതിരെ ഒളിയമ്പ് എയ്‌തെങ്കിലും ആരൊക്കെയാണ് ഗൂഢാലോചനക്ക് പിന്നെലെന്ന് വെളിപ്പെടുത്താന്‍ കെ എം മാണിയും കേരള കോണ്‍ഗ്രസും ധൈര്യം കാട്ടിയിരുന്നില്ല. ഇത്തരം രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ നേരിടുന്നതിനിടെയാണ് തിരഞ്ഞെടുപ്പില്‍ മത്സര മോഹവുമായി ഡസന്‍ കണക്കിന് നേതാക്കള്‍ രഹസ്യമായും പരസ്യമായും പാര്‍ട്ടി നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നത്. പാര്‍ട്ടിയുടെ കടിഞ്ഞാന്‍ മകന്‍ ജോസ് കെ മാണിയെ ഏല്‍പ്പിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും മാണി നടത്തിവരുന്ന നീക്കങ്ങളില്‍ അസംതൃപ്തരായി നേതാക്കളും അണികളും പാര്‍ട്ടിയില്‍ നിന്നും അടുത്തകാലത്ത് വ്യാപകമായി കൊഴിഞ്ഞുപോകുന്നത് മാണിക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് വരും നാളുകളില്‍ ഉണ്ടാക്കുക.