അപ്രഖ്യാപിത അടിയന്തിരാവസ്ഥയും ധൈഷണിക ലോകവും

അടിയന്തരാവസ്ഥാ കാലത്ത് മാധ്യമങ്ങളെ സംബന്ധിച്ച് അഡ്വാനി പറഞ്ഞ പ്രശസ്തമായ വാക്കുണ്ട്: 'കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരാണ് പത്രക്കാര്‍'. ആ വാക്കുകളുടെ പ്രസക്തി ഇന്ന് വര്‍ധിച്ചിരിക്കുകയാണ്. ഇന്നും ചില മാധ്യമങ്ങള്‍ കുഴലൂത്ത് നടത്തുന്നുണ്ട്. സര്‍ക്കാറിനെയും കുഞ്ചിക സ്ഥാനത്തുള്ളവരെയും പരമാവധി എന്റര്‍ടൈന്‍ ചെയ്യാന്‍ ചില മാധ്യമങ്ങള്‍ ശ്രദ്ധപുലര്‍ത്തുന്നുണ്ട്. അവര്‍ തന്നെ സമാന്തര പോലീസും കോടതിയും ആരാച്ചാരുമെല്ലാം ആകുന്നുണ്ട്. അതിന് കള്ളവാര്‍ത്ത ചമക്കുക മാത്രമല്ല, വ്യാജ തെളിവ് നിര്‍മിക്കുന്നതിന് ധൈര്യം വരികയും ചെയ്തിരിക്കുന്നു കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക്. വാര്‍ത്തകളെ ശ്വാസം മുട്ടിച്ച് കൊല്ലുകയും ചിത്രവധം നടത്തുകയും ചെയ്യുന്നുണ്ട്.
Posted on: February 29, 2016 5:34 am | Last updated: February 28, 2016 at 11:36 pm
SHARE

modiനാല്‍പ്പത് വര്‍ഷം മുമ്പ് ഈ സമയം നമ്മുടെ രാജ്യത്ത് ഭരണഘടന തന്നെ അപ്രസക്തമാക്കിയ അടിയന്തരാവസ്ഥയുടെ ദിനരാത്രങ്ങളായിരുന്നു. ദേശീയ തലത്തിലും പാര്‍ട്ടിയിലും എതിര്‍പ്പുകളുടെ വേലിയേറ്റമുണ്ടായപ്പോള്‍, ഒടുവില്‍ കോടതിയില്‍ നിന്നുതന്നെ തിരിച്ചടി നേരിട്ടപ്പോള്‍ ഭരണം സുരക്ഷിതമാക്കാനുള്ള മകന്‍ സഞ്ജയ്‌യുടെയും പ്രതിരോധ മന്ത്രി ബന്‍സിലാലിന്റെയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സിദ്ധാര്‍ഥ ശങ്കര്‍റേയുടെയും ഉപദേശങ്ങള്‍ ശിരസ്സാവഹിച്ചാണ് ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ദിരാ സര്‍ക്കാറിനെതിരെ ജെ പി എന്ന രണ്ടക്ഷരത്തില്‍ ഇന്ത്യയെയാകെ ഇളക്കിമറിച്ച ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ വലിയ ബഹുജനപ്രക്ഷോഭം ആളിക്കത്തിയിരുന്നു. ഭരണകൂടത്തിന്റെ മര്‍ദനോപാധികള്‍ ശക്തമായി ഉപയോഗിച്ചിട്ടും നിരവധി പേര്‍ അടിയന്തിരാവസ്ഥക്കെതിരെ രംഗത്തെത്തി. പത്രങ്ങള്‍ സര്‍ക്കാറിന്റെ പി ആര്‍ വര്‍ക്ക് ഏറ്റെടുത്തു. നട്ടെല്ലുള്ള മാധ്യമപ്രവര്‍ത്തകര്‍ അകത്താകുകയോ സെന്‍സര്‍മാരെ കബളിപ്പിച്ച് വിദേശ സര്‍ക്കാറുകളുടെ വീഴ്ചകകളെ വിമര്‍ശിക്കുകയോ ചെയ്തു. വരികള്‍ മാത്രം വായിക്കുന്ന സെന്‍സര്‍മാര്‍ക്ക് ഒന്നും പിടികിട്ടിയില്ലെങ്കിലും സര്‍ക്കാറിലെ ചാണക്യന്മാര്‍ വരികള്‍ക്കിടയിലെ വിമര്‍ശമുന കണ്ടെത്തുകയും എഴുതിയയാള്‍ക്ക് കനത്ത താക്കീത് നല്‍കുകയും ചെയ്തു.
ആ കരാള ദിനങ്ങള്‍ക്ക് ഇന്നത്തെ അവസ്ഥയുമായി ചില സാമ്യതകള്‍ കാണുന്നില്ലേ? അന്ന് ഇന്ദിരയുടെ മനസൂക്ഷിപ്പുകാരനായി ബന്‍സിലാല്‍ ഉണ്ടായിരുന്നെങ്കില്‍, മോദിയുടെ ആജ്ഞാനുവര്‍ത്തിയായി അഭീഷ്ടം പോലെ പ്രവര്‍ത്തിക്കാന്‍ ഹരിയാനയുടെ മുഖ്യമന്ത്രി സ്ഥാനത്ത് ഇന്നുള്ളത് മനോഹര്‍ലാല്‍ ഖട്ടാര്‍ ആണ്. ഭഗത് സിംഗിന്റെ നാമധേയത്തിലുള്ള ചാണ്ഡിഗഢിലെ വിമാനത്താവളം ആര്‍ എസ് എസ് ആചാര്യന്‍ മംഗള്‍ സീനിന്റെ പേരിലാക്കിയത് ഖട്ടാര്‍ സര്‍ക്കാറിന്റെ സമ്മര്‍ദം മൂലമായിരുന്നു. പശു/ കാള കശാപ്പ് നിയമവിരുദ്ധമാക്കിയും ഇടക്കിടെ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ഓര്‍മിപ്പിച്ചും ഖട്ടാര്‍ തന്റെ വിനീത വിധേയത്വം തെളിയിക്കുന്നുണ്ട്. അസഹിഷ്ണുതയും ആവിഷ്‌കാര പാര തന്ത്ര്യവും അപരദ്വേഷവും വെറുപ്പും സ്ഫുരിക്കുന്ന വാക്കുകളും പ്രവൃത്തികളുമാണ് ഉത്തരവാദപ്പെട്ട അധികാര കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നത്. സര്‍ക്കാറിനെതിരായ വിമര്‍ശം പോലും രാജ്യദ്രോഹമായി വായിക്കപ്പെടുന്നു. എതിര്‍ശബ്ദങ്ങളെയും അപ്രിയ വാര്‍ത്തകളെയും പ്രതികാരവാഞ്ഛയോടെ കാണുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പല രീതിയിലും ദുരുപയോഗം ചെയ്യുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിലവില്‍ വന്നതു മുതല്‍ ഈ തരത്തിലുള്ള പ്രവണതകള്‍ തലപൊക്കിയിരുന്നു. പക്ഷേ, അന്ന് ഇതിനെതിരെ ശബ്ദിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല സാംസ്‌കാരികലോകം. മോദി സര്‍ക്കാര്‍ അധികാരമേറ്റ് ആറ് മാസത്തിനകമാണ് വി എച്ച് പിയുടെ നേതൃത്വത്തില്‍ ഘര്‍വാപസി അരങ്ങേറിയത്. ഹിന്ദുമതത്തിലേക്ക് നിര്‍ബന്ധിപ്പിച്ച് മതം മാറ്റലായിരുന്നു അത്. ആ സമയത്തു തന്നെയാണ് രാമന്റെ മക്കള്‍ അല്ലാത്തവരെല്ലാം ജാരസന്തതികളാണെന്ന സാധ്വി (?) പ്രാച്ചിയുടെ വെളിപാടുണ്ടായത്. തുടര്‍ന്ന് പശു, കാള ഇറച്ചി ഭക്ഷിക്കുന്നതിനും വില്‍ക്കുന്നതിനുമെതിരെ വലിയ കോലാഹലങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. മുസ്‌ലിംകള്‍ക്ക് വേണ്ടിയാണ് പാക്കിസ്ഥാന്‍ സൃഷ്ടിച്ചതെന്നും ഹിന്ദുസ്ഥാന്‍ ഹുന്ദുക്കളുടെതാണെന്നും വ്യാഖ്യാനിച്ച് വിഭജനഘട്ടത്തില്‍ ജീവന്‍ പണയം വെച്ച് ഇന്ത്യയില്‍ നിന്ന മുസ്‌ലിംകളുടെ പിന്‍മുറക്കാരോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ കല്‍പ്പിച്ച് ബി ജെ പി- സംഘ്പരിവാര്‍ നേതാക്കള്‍ നിരന്തരം തീട്ടൂരങ്ങള്‍ പുറപ്പെടുവിച്ചതും അന്നായിരുന്നു. ദളിത് പിന്നാക്ക ജനവിഭാഗത്തിന് നേരെ മേല്‍ജാതി കോയ്മ ഉറഞ്ഞുതുള്ളുകയും ചെയ്തു. എന്നാല്‍ മോദിയുടെ പി ആര്‍ കമ്പനി അസാധ്യ മെയ്‌വഴക്കത്തോടെ സൃഷ്ടിച്ചെടുത്ത പ്രഭാവത്തില്‍ പലര്‍ക്കും തൊണ്ടയനങ്ങിയില്ല. ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയുണ്ടെന്ന് വിളിച്ചുപറയാന്‍ ധൈര്യം പ്രകടിപ്പിച്ചത് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവായിരുന്നു. ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് അഖ്‌ലാഖ് എന്ന വയോധികനെ, വ്യോമസേനാംഗത്തിന്റെ പിതാവിനെ അതിനിഷ്ഠൂരമാം വിധം കൊന്ന ദാരുണ സംഭവത്തോടെയാണ് എതിര്‍ശബ്ദങ്ങള്‍ രൂക്ഷമായത്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയുടെ കൊലപാതകമാണ് സാംസ്‌കാരിക, ബൗദ്ധിക രംഗത്ത് നിന്ന് ശക്തമായ പ്രതിഷേധങ്ങള്‍ ഉയരാന്‍ ഇടയാക്കിയത്. ബീഫ് ഫെസ്റ്റിവലുകള്‍ നടത്തിയും പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുത്തും ഭക്ഷണ/ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ഒട്ടുവളരെ പേര്‍ രംഗത്തുവന്നു. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, കരണ്‍ ജോഹര്‍ തുടങ്ങി നിരവധി സിനിമാ പ്രവര്‍ത്തകര്‍ പലനിലക്കും പൊട്ടിത്തെറിച്ചു.
വ്യവസ്ഥിതിയുടെ തണല്‍ തേടുന്ന, ആനുകൂല്യങ്ങളും അംഗീകാരവും കാംക്ഷിക്കുന്ന സാംസ്‌കാരിക രംഗത്തെ വലിയൊരു വിഭാഗത്തെ കൃത്യമായി അടയാളപ്പെടുത്താനും ഈ ആവിഷ്‌കാര സ്വാതന്ത്ര്യ സമരം അവസരമൊരുക്കി. സ്വന്തം ഇടം സംരക്ഷിക്കുന്നതിന് അധികാരത്തെ പ്രീതിപ്പെടുത്തുകയെന്ന നിലപാടിലായിരുന്നു വലിയൊരു വിഭാഗം. അവര്‍ ലഭിച്ച അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കുകയോ തങ്ങളുടെ തന്നെ നാവുകള്‍ അരിയുന്ന അമിതാധികാരത്തിനെതിരെ തൊണ്ടയനക്കുകയോ ചെയ്യാതെ പ്രീണനനയം തുടര്‍ന്നു. ഇന്ത്യയെന്ന സ്വത്വത്തെ അടയാളപ്പെടുത്തുന്ന നിര്‍ണയിക്കുന്ന നിഖില മേഖലകളിലുമുള്ള ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും നാനാത്വത്തില്‍ ഏകത്വവുമെല്ലാം ഊര്‍ധ്വന്‍ വലിക്കുമ്പോള്‍ ഇടപെടലെന്ന ആയുധം അടിയറവ് വെച്ച സാംസ്‌കാരിക ഷണ്ഡന്മാര്‍ ആരൊക്കെയെന്ന് തൊട്ടുകാണിക്കാന്‍ പറ്റുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഏകാധിപത്യത്തിനെതിരെ അമിതാധികാര പ്രവണതക്കെതിരെ ജനദ്രോഹത്തിനെതിരെ സാഹോദര്യവും സ്‌നേഹവും ബലികഴിക്കുന്നതിനെതിരെ എന്നും ഉച്ചത്തില്‍ കലഹിക്കുകയും പോരാടുകയും വിജയം നേടുകയും ചെയ്ത ചരിത്രമാണ് സാംസ്‌കാരിക- സാഹിത്യ- ധൈഷണിക മണ്ഡലങ്ങള്‍ക്കുള്ളത്. ഇത്തരം അപചയങ്ങള്‍ക്കെതിരെ കലാലയങ്ങളെ സമരഭൂമികയാക്കി വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങുമ്പോള്‍ അവര്‍ക്ക് വിജയത്തിലേക്കുള്ള വഴി ചൂണ്ടാക്കാട്ടി മനോബലമേകി എഴുത്തും പ്രസംഗവും വരയും കുറിയുമായി ഒപ്പമുണ്ടാകുന്ന ചരിത്രമാണ് ധൈഷണിക- ബൗദ്ധിക മണ്ഡലങ്ങളിലെ അതികായര്‍ക്കുള്ളത്.
ലോകചരിതം അതിന് തെളിവാണ്. അധികം ചികയേണ്ടതില്ല; അടിയന്തരാവസ്ഥാ കാലത്തെ കലാലയങ്ങള്‍, സാംസ്‌കാരിക മണ്ഡലം, രാഷ്ട്രീയ അരങ്ങുകള്‍ എവ്വിധമായിരുന്നെന്ന് അറിഞ്ഞാല്‍ മതി. അന്ന് ബി ജെ പിയുടെ പ്രാഗ് രൂപമായിരുന്ന ജനസംഘത്തിലെ സിംഹങ്ങളും അവരുടെ അന്നത്തെ ശിഷ്യന്മാരും ഇന്ന് സര്‍ക്കാറിന്റെ താക്കോല്‍സ്ഥാനങ്ങളിലുണ്ട്. അന്ന് ആര്‍ എസ് എസ് ബാന്ധവം ഉപേക്ഷിച്ചുവെന്ന് (വെറുംവാക്കാണെങ്കിലും) ഉറപ്പുനല്‍കിയാണ് എ ബി വാജ്പയിയെയും എല്‍ കെ അഡ്വാനിയെയുമെല്ലാം ജെ പി ഒപ്പം കൂട്ടിയത്. രാഷ്ട്രീയ രംഗത്ത് ആര്‍ എസ് എസിനും പരിവാര്‍ സംഘടനകള്‍ക്കും മേല്‍വിലാസമുണ്ടാക്കിയത് ഒരര്‍ഥത്തില്‍ ഈ കൂട്ടുകൂടല്‍ ആയിരുന്നു.
അടിയന്തരാവസ്ഥാ കാലത്ത് മാധ്യമങ്ങളെ സംബന്ധിച്ച് അഡ്വാനി പറഞ്ഞ പ്രശസ്തമായ വാക്കുണ്ട്: ‘കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരാണ് പത്രക്കാര്‍’. ആ വാക്കുകളുടെ പ്രസക്തി ഇന്ന് വര്‍ധിച്ചിരിക്കുകയാണ്. ഇന്നും ചില മാധ്യമങ്ങള്‍ കുഴലൂത്ത് നടത്തുന്നുണ്ട്. സര്‍ക്കാറിനെയും കുഞ്ചിക സ്ഥാനത്തുള്ളവരെയും പരമാവധി എന്റര്‍ടൈന്‍ ചെയ്യാന്‍ ചില മാധ്യമങ്ങള്‍ ശ്രദ്ധപുലര്‍ത്തുന്നുണ്ട്. അവര്‍ തന്നെ സമാന്തര പോലീസും കോടതിയും ആരാച്ചാരുമെല്ലാം ആകുന്നുണ്ട്. അതിന് കള്ളവാര്‍ത്ത ചമക്കുക മാത്രമല്ല, വ്യാജ തെളിവ് നിര്‍മിക്കുന്നതിന് ധൈര്യം വരികയും ചെയ്തിരിക്കുന്നു കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക്. വാര്‍ത്തകളെ ശ്വാസം മുട്ടിച്ച് കൊല്ലുകയും ചിത്രവധം നടത്തുകയും ചെയ്യുന്നുണ്ട്.
അധികാരത്തിലിരിക്കുന്നവര്‍ക്ക് മാത്രമേ മാറ്റം വന്നിട്ടുള്ളൂ. ഭരണകക്ഷിയുടെ പേരും കൊടിയുടെ നിറവും ചിഹ്നങ്ങളും മാത്രമാണ് മാറിയിട്ടുള്ളത്. അമിതാധികാര പ്രവണതയും സര്‍ക്കാര്‍ സംവിധാനങ്ങളെ അടിച്ചമര്‍ത്താനുള്ള ഉപാധിയാക്കുന്നതും തുടരുക തന്നെയാണ്. ചരിത്രത്തിന്റെ ആവര്‍ത്തനം പോലെ. പക്ഷേ അമിതാധികാര പ്രേമികളെ അധികകാലം രാജ്യം വാഴിച്ചിട്ടില്ല എന്നതാണ് ചരിത്രം. അടിയന്തരാവസ്ഥാനന്തര തിരഞ്ഞെടുപ്പില്‍ ഇന്ദിരയെന്ന ദുര്‍ഗയെ (ബംഗ്ലാദേശിന്റെ രൂപവത്കരണത്തിലേക്ക് നയിച്ച ഇന്ത്യ- പാക് യുദ്ധത്തില്‍ വിജയിച്ചപ്പോള്‍ എ ബി വാജ്പയ് ഇന്ദിരയെ പാര്‍ലിമെന്റില്‍ വെച്ച് പ്രശംസിച്ചത് ദുര്‍ഗയെന്നായിരുന്നു) മലര്‍ത്തിയടിച്ചവരാണ് ധീരരായ വോട്ടര്‍മാര്‍. എന്നാല്‍ തമ്മില്‍ത്തല്ലും കുനിഷ്ടും അനൈക്യവും മുഖമുദ്രയായിരുന്ന ജനതാ പരിവാറിന്റെ ഭരണത്തില്‍ മനംമടുത്ത് ഇന്ദിര വീണ്ടും അധികാരത്തിലേറിയത് മറ്റൊരു ചരിത്രം.
ഉറങ്ങാന്‍ ഒരു മേല്‍ക്കൂര പോലുമില്ലാത്ത കാര്യസാധ്യത്തിന് വെളിമ്പ്രദേശം മാത്രം ആശ്രയമായ രണ്ട് നേരം ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തവരുടെ ദേശസ്‌നേഹത്തിന്റെ ഏഴയലത്ത് പോലും വരാത്തതാണ് ഇന്ത്യയുടെ ഭൂപടത്തിന്റെ മാതൃക ഷര്‍ട്ടില്‍ വെച്ചും ത്രിവര്‍ണപതാക ഡിസൈന്‍ ചെയ്ത കോട്ടിട്ടും വ്യാജ ദേശസ്‌നേഹത്തിന്റെ സൂപ്പര്‍മാര്‍ക്കറ്റുകളാകുന്ന ഗിമ്മിക്കുകളുടെത്. ദേശദ്രോഹി/ ദേശസ്‌നേഹി എന്നിങ്ങനെ വിഭജനം നടത്തി ഭയം കുത്തിവെക്കാനാണ് ഈ വ്യാജന്മാരുടെ ശ്രമം. അതിന് മാധ്യമത്തെയും സാംസ്‌കാരിക അടയാളങ്ങളെയും ഉപയോഗപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here