Connect with us

Editorial

പൊതുസ്വത്ത്: കര്‍ശന നടപടി വേണം

Published

|

Last Updated

പ്രക്ഷോഭങ്ങളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരായ സുപ്രീം കോടതിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹമാണ്. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ ഗുജറാത്തിലെ ഹര്‍ദിക് പട്ടേല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബുധനാഴ്ച സുപ്രീം കോടതി ശക്തമായ ഭഷയില്‍ പ്രതികരിച്ചത്. പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിനിടെ പൊതുമുതല്‍ വ്യാപകമായി നശിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പ്രതിഷേധ സമരങ്ങള്‍ക്കിടെ നശിപ്പിക്കാനുള്ളതല്ല പൊതുമുതലെന്നും അതിന് ആരെയും അനുവദിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി. അങ്ങനെ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടത്തിന്റെ കണക്കനുസരിച്ച് പിഴ ഈടാക്കുമെന്നും സംഹാരകരെ ശിക്ഷിക്കാന്‍ മാനദണ്ഡങ്ങള്‍ തയ്യാറാക്കുമെന്നും ജസ്റ്റിസ് ജെ. എസ് ഖേകര്‍ അധ്യക്ഷനായ ബഞ്ച് പ്രസ്താവിക്കുകയുണ്ടായി.
പൊതുമുതല്‍ നശീകരണത്തിനെതിരെ 2011ല്‍ കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ശനമായ ഒരു ഉത്തരവ് വന്നിരുന്നു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ നശിപ്പിക്കപ്പെടുന്ന പൊതുമുതലിന്റെ നഷ്ടം കോടതിയില്‍ മുന്‍കൂര്‍ കെട്ടിവെക്കണമെന്നായിരുന്നു അന്നത്തെ വിധി. ഏതാനും ചിലര്‍ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും പൊതുസമൂഹത്തില്‍ നിന്ന് അനുകൂലമായ പ്രതികരണമാണ് അതിന് ലഭിച്ചത്. സമരത്തിന്റെ പേരില്‍ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വരുത്തിവെക്കുന്ന നഷ്ടം മുഴുവന്‍ താങ്ങേണ്ടിവരുന്നത് നികുതിദായകരായ പൊതുജനങ്ങളാണെന്നത് കൊണ്ട് തന്നെ കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയും സ്വാഗതം ചെയ്യപ്പെടാതിരിക്കില്ല.
സമരത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്ന പ്രവണത രാജ്യത്ത് വ്യാപകമാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കുന്നത് രാഷ്ട്രീയ, ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ അംഗീകൃത സമരമുറയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭവും ഹരിയാനയിലും രാജസ്ഥാനിലും അടുത്തിടെ അരങ്ങേറിയ ജാട്ട് പ്രക്ഷോഭവും രാജ്യത്തിന് നഷടമാക്കിയത് സഹസ്ര കോടികളുടെ പൊതുസ്വത്താണ്. ജാട്ട് പ്രക്ഷോഭത്തില്‍ 36,000 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണക്ക്. സര്‍ക്കാറിനെ പാഠം പഠിപ്പിക്കുകയാണ് സമരക്കാരുടെ ലക്ഷ്യമെങ്കിലും സര്‍ക്കാറിനോ മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ഭരണകക്ഷി നേതാക്കള്‍ക്കോ അതുകൊണ്ട് ഒരു നഷ്ടവും സംഭവിക്കുന്നില്ല. നികുതിദായകരായ പൊതുജനമാണ് അതിന്റെ ഭാരം സഹിക്കേണ്ടിവരുന്നത്. കത്തിച്ച വാഹനങ്ങള്‍ക്ക് പകരം സര്‍ക്കാര്‍ പുതിയ വാഹനങ്ങും നശിപ്പിച്ച ഫര്‍ണിച്ചറുകള്‍ക്ക് പകരം പുതിയ ഫര്‍ണിച്ചറും വാങ്ങിക്കുന്നത് നികുതിപ്പണം ഉപയോഗിച്ചാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ വിരുദ്ധസമരമെന്നല്ല, ജനവിരുദ്ധ സമരമെന്നാണ് ഇവയെ വിശേഷിപ്പിക്കേണ്ടത്.
ജനാധിപത്യ സമൂഹങ്ങളില്‍ സമരങ്ങളും പ്രക്ഷോഭങ്ങളും സാധാരണമാണ്. അവകാശങ്ങള്‍ നേടിയെടുക്കാനും ജനവികാരം പ്രകടിപ്പിക്കാനുമുള്ള അംഗീകൃത രീതിയുമാണത്. അത് പക്ഷേ സമാധാനപരമായിരിക്കണം. സാമൂഹികവിരുദ്ധര്‍ക്കും ഗുണ്ടകള്‍ക്കും അഴിഞ്ഞാടാനുള്ള അവസരമായി മാറരുത് സമരങ്ങള്‍. പൊതുമുതല്‍ നശിപ്പിച്ചും സമാധാനാന്തരീക്ഷം തകര്‍ത്തുമല്ല ആവശ്യങ്ങള്‍ നേടേണ്ടത്. സമാധാപരമായ പ്രക്ഷോഭങ്ങളിലൂടെയാണ് ഗാന്ധിജി, മൗലാനാ മുഹമ്മദലി, മൗലാനാ അസാദ് തുടങ്ങിയ മുന്‍കാല നേതാക്കള്‍ ബ്രിട്ടീഷ് ഭരണ കൂടത്തെ മുട്ടുകുത്തിച്ചത്. സമരം അക്രമത്തിലേക്ക് വഴുതുമ്പോള്‍ ജനവികാരം അതിനെതിരാകുകയും സമരത്തിന് നേതൃത്വം നല്‍കുന്ന പ്രസ്ഥാനങ്ങളുടെ ജനപിന്തുണ നഷ്ടമാകുകയും ചെയ്യുമെന്ന് അത്തരം പ്രസ്ഥാന നേതൃത്വങ്ങള്‍ മനസ്സിലാക്കണം. രാജ്യത്ത് കരുത്താര്‍ജിച്ചിരുന്ന പല വിപ്ലവ പ്രസ്ഥാനങ്ങളുടെയും ജനപിന്തുണ പില്‍ക്കാലത്ത് നഷ്ടമാക്കാനിടയാക്കിയത് അവരുടെ അക്രമസമരങ്ങളായിരുന്നു.
ശക്തമായ നടപടികളുടെ അഭാവമാണ് രാജ്യത്ത് അക്രമ സമരങ്ങളുടെ പെരുപ്പത്തിന് കാരണം. പൊതുമുതല്‍ നശിപ്പിക്കുന്നവരെ നിയമത്തിന് വിട്ടുകൊടുക്കുന്നതിന് പകരം സംരക്ഷണം നല്‍കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. കേരളത്തില്‍ പൊതുസ്വത്ത് നശീകരണം നേരത്തെ ഗുണ്ടാ നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായിരുന്നു. എതിര്‍പ്പിനെ തുടര്‍ന്ന് പിന്നീട് അത് ഒഴിവാക്കുകയാണുണ്ടായത്. ഭരണത്തിലിരിക്കുമ്പോള്‍ പൊതുമുതല്‍ നശീകരണത്തിനെതിരെ കലിതുള്ളുന്നവര്‍ പ്രതിപക്ഷത്തെത്തുമ്പോള്‍ സര്‍വസംഹാരികളായി മാറുന്ന ഇന്നത്തെ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നടപടികള്‍ പ്രതീക്ഷിക്കാവതല്ല. ഇതുസംബന്ധിച്ചു നിയമ നിര്‍മാണം നടന്നാല്‍ തന്നെ പ്രായോഗിക തലത്തില്‍ അത് നടപ്പാകണമെന്നുമില്ല. ഇവിടെയാണ് കോടതി ഇടപെടലുകളുടെ പ്രസക്തി.

Latest