സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍

Posted on: February 28, 2016 7:47 pm | Last updated: February 28, 2016 at 7:47 pm

രാജ്യത്ത് തൊഴില്‍ വിസയില്‍ വരുന്നവര്‍ അവരുടെ തസ്തികക്ക് അനുയോജ്യമായ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുണ്ട്. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഖത്വറില്‍ ഒരു ഉദ്യോഗസ്ഥന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടത് അദ്ദേഹം വിസയില്‍ രാജ്യത്തു പ്രവേശിച്ച് ലേബര്‍ കരാറിന് അപേക്ഷിക്കുമ്പോഴാണ്.
അതുകൊണ്ടു തന്നെ ആവശ്യമായ സാക്ഷ്യപ്പെടുത്തലുകള്‍ സ്വന്തം രാജ്യത്തുനിന്നു തന്നെ നിര്‍വഹിക്കാന്‍ കഴിയും. അതതു രാജ്യത്തെ ബന്ധപ്പെട്ട വകുപ്പുകളില്‍നിന്നുള്ള സാക്ഷ്യപ്പെടുത്തലിനു പുറമേ ഖത്വര്‍ എംബസിയില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ സാക്ഷപ്പെടുത്തുകയും തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും സാക്ഷ്യപ്പെടുത്തെണ്ടതുണ്ട്.
വിദേശകാര്യ മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ ഉണ്ടെകില്‍ മാത്രമേ ഖത്വര്‍ വിദേശകാര്യ മന്ത്രാലയം ഈ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ അനുവദിക്കുകയുള്ളൂ. (ബിരുദ സര്‍ട്ടിഫിക്കറ്റിനു മാത്രമാണ് ഈ നിയമം) സര്‍ട്ടിഫിക്കറ്റുകള്‍ ഖത്വറില്‍ പ്രവര്‍ത്തിക്കുന്ന സ്വന്തം രാജ്യത്തിന്റെ എംബസികളില്‍ നിന്നും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.
തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും അനുവദിച്ച പ്രൊഫഷന്‍ (തസ്തിക) ഉദ്യോഗാര്‍ഥിയെയും യോഗ്യതയും പരിഗണിക്കാതെ അപേക്ഷിക്കുകയും വിസയെടുത്ത് ആള്‍ രാജ്യത്തു പ്രവേശിക്കുകയും ശേഷം തൊഴില്‍ കരാര്‍ സാക്ഷ്യപ്പെടുത്താന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ കാര്യാലയത്തിലെ കൗണ്ടറിലെത്തുമ്പോഴാണ് അമളി മനസ്സിലാക്കുക.
മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി സര്‍ട്ടിഫിക്കറ്റുകള്‍ ചേംബര്‍ ഓഫ് കോമേഴ്‌സില്‍ സാക്ഷ്യപ്പെടുത്തുന്നതായി കണ്ടു വരുന്നുണ്ട്. വളരെ ചുരുക്കം ചിലര്‍ മാത്രമാണിതു ചെയ്യുന്നത്. യഥാര്‍ഥത്തില്‍ ഒരു വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ചേംബറും തമ്മില്‍ ഒരു ബന്ധവുമില്ല. ബിസിനസ്, കയറ്റുമതി, ഇറക്കുമതി, റിക്രൂട്ടിംഗ് തുടങ്ങിയവ സംബന്ധിച്ചുള്ള രേഖകളാണ് ചേംബറില്‍ സാക്ഷ്യപ്പെടുത്തേണ്ടി വരുന്നത്. വളരെ അപൂര്‍വമായി സാലറി സര്‍ട്ടിഫിക്കറ്റുകളും ചേംബറില്‍ സാക്ഷ്യപ്പെടുത്തെണ്ടാതായി വരാറുണ്ട്.
സര്‍ട്ടിഫിക്കറ്റുകള്‍ നാട്ടില്‍ നിന്നും സാക്ഷ്യപ്പെടുത്താതെ വന്നവര്‍ക്ക് ഇവിടെ നിന്നും സാക്ഷ്യപ്പെടുത്തുന്നതിന് അയക്കാം. അറ്റസ്റ്റേഷന്‍ സേവനം ചെയ്തുകൊടുക്കുന്ന ഏജന്‍സികള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നു. എന്നാല്‍ വിശ്വാസ്യയോഗ്യമല്ലാത്ത സ്ഥാപനങ്ങളില്‍ ഏല്‍പ്പിക്കുന്നതു സുരക്ഷിതമാകില്ല.
വ്യാജ അറ്റസ്റ്റേഷനുള്‍ നടത്തി പണം തട്ടുന്ന സംഘങ്ങളും ഈ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നതിനാല്‍ അറ്റസ്റ്റേഷന്‍ സര്‍വീസുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.