Connect with us

Gulf

അച്ചാ ദിന്‍ വരണമെങ്കില്‍ മോദി അധികാരമൊഴിയണം: എ സഈദ്

Published

|

Last Updated

ദോഹ: ഇന്ത്യയില്‍ അച്ചാ ദിന്‍(നല്ല ദിനം) വരണമെങ്കില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ഭരണകൂടം അധികാരത്തില്‍ നിന്നൊഴിയണമെന്ന് എസ് ഡി പി ഐ ദേശീയ പ്രസിഡന്റ് എ സഈദ്. അച്ചാ ദിന്‍ വരാന്‍ 10 വര്‍ഷത്തെ സമയം വേണമെന്നു മോദിയും 20 വര്‍ഷം വേണമെന്ന് അമിത്ഷായും പറയുന്നു. എന്നാല്‍, മോദി അധികാരമൊഴിഞ്ഞാല്‍ ഒറ്റ ദിവസം കൊണ്ട് ഇന്ത്യയില്‍ അച്ചാ ദിന്‍ വരും. ഇന്ത്യന്‍ സോഷ്യല്‍ ഫോറം നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റ് ആക്രമണത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ പങ്ക് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹത്തെ തൂക്കിലേറ്റുമ്പോള്‍ കോണ്‍ഗ്രസ് ഭരണത്തിന് നേതൃത്വം കൊടുത്തിരുന്ന പി ചിദംബരം തുറന്നു പറഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ മരണത്തിന് ഉത്തരവാദി ആരെന്ന് വ്യക്തമാക്കേണ്ടത് ഇന്ത്യന്‍ ഭരണകൂടമാണ്.
ഭരണം കൈയാളുന്നവര്‍ ഇന്ത്യന്‍ ദേശീയതയെ സാമ്രാജ്യത്വത്തിന്റെയും വര്‍ഗീയതയുടെയും വഴിയിലൂടെയാണ് കൊണ്ടു പോകുന്നത്. ഇതിന് അടിസ്ഥാനപരമായ മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
എസ് ഡി പി ഐ തമിഴ്‌നാട് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് സംസാരിച്ചു. സോഷ്യല്‍ ഫോറത്തിലേക്ക് പുതുതായി കടന്നു വന്ന വിവിധ സംസ്ഥാനക്കാരായ 80ഓളം പേരെ എ സഈദ്, അബ്ദുല്‍ ഹമീദ് എന്നിവര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് സുബ്ഹാന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സഈദ് കൊമ്മച്ചി, ഷാനവാസ്, ഹുസൂര്‍ അഹ്മദ് സംസാരിച്ചു.

Latest