Connect with us

National

പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്

Published

|

Last Updated

ഹൈദരാബാദ്: രാജ്യത്തെ പ്രമുഖരായ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, അരവിന്ദ് കെജരിവാള്‍, സിപിഐ നേതാവ് ഡി രാജ, ജെഡിയു നേതാവ് കെസി ത്യാഗി, കോണ്‍ഗ്രസ് നേതാവ് ആനന്ത് ശര്‍മ, അജയ് മാക്കന്‍, ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കന്നയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരെയാണ് രാജ്യ ദ്രോഹകുറ്റം ചമുത്തി കേസെടുത്തിരിക്കുന്നത്. തെലങ്കാനയിലെ സൈബരാബാദ് സരൂര്‍ നഗര്‍ പൊലീസാണ് കേസെടുത്തത്.

ഐപിസി 124 എ രാജ്യദ്രോഹം, സിആര്‍പിസി 156 (3) വകുപ്പുകള്‍ പ്രകാരമാണ് വിവിധ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ജെഎന്‍യു വിവാദത്തില്‍ രംഗറെഡ്ഡി ജില്ലാ കോടതിയാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കാന്‍ ഉത്തരവിട്ടത്. അഭിഭാഷകനായ ജനാര്‍ദ്ദന്‍ റെഡ്ഡി നല്‍കിയ ഹര്‍ജിയിലാണ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. ജെഎന്‍യു വിഷയത്തില്‍ ഇവര്‍ രാജ്യദ്രോഹ നിലപാട് സ്വീകരിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം.