രാജേഷ് പിള്ളയുടെ മൃതദേഹം സംസ്‌കരിച്ചു

Posted on: February 28, 2016 4:14 pm | Last updated: February 28, 2016 at 4:14 pm

rajesh pillaiകൊച്ചി: അന്തരിച്ച യുവ സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് മലയാള ചലച്ചിത്ര ലോകം വിട നല്‍കി. അദ്ദേഹത്തിന്റെ മൃതദേഹം ഞായറാഴ്ച കൊച്ചി രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. രാവിലെ എട്ടു മുതല്‍ പത്തു വരെ മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
കരള്‍രോഗത്തെ തുടര്‍ന്ന് ഇന്നലെയായിരുന്നു 42കാരനായ രാജേഷ് പിള്ളയുടെ അന്ത്യം. എറണാകുളം പിവിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. 2005ല്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രമേഖലയിലെത്തിയ രാജേഷ് പിള്ള ട്രാഫിക് എന്ന ട്രെന്‍ഡ് സെറ്റര്‍ ചിത്രത്തിലൂടെയാണ് മലയാളത്തില്‍ മികച്ച സംവിധായകന്റെ വരവറിയിച്ചത്. മിലി, വേട്ട എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.അവസാന ചിത്രമായ വേട്ടയുടെ റിലീസ് കഴിഞ്ഞ ദിവസമായിരുന്നു. ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വ്യാഴാഴ്ചയാണു തിരുവനന്തപുരത്തു ചികിത്സയിലായിരുന്ന രാജേഷിനെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.