ചൂടില്‍ ഉരുകി കേരളം; പാലക്കാട് 40 ഡിഗ്രി

Posted on: February 28, 2016 11:41 am | Last updated: February 28, 2016 at 11:46 am

draughtതിരുവനന്തപുരം: വേനല്‍ച്ചൂടില്‍ സംസ്ഥാനം വെന്തുരുകുന്നു. പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി. വേനല്‍മഴ ലഭിക്കുന്നതുവരെ ചൂട് ഇതേപടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
മറ്റു മിക്ക ജില്ലകളിലും 35 ഡിഗ്രിക്ക് മുകളിലാണ് ചൂട്. കോഴിക്കോട്, പുനലൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 37 ഡിഗ്രിയായിരുന്നു ഇന്നലത്തെ താപനില. തിരുവനന്തപുരം നഗരത്തില്‍ 35 ഡിഗ്രിയും. തൃശൂര്‍ മുതലുള്ള വടക്കന്‍ ജില്ലകളില്‍ വരണ്ട കാലാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്.
മാര്‍ച്ച് അവസാനം വരെ സ്ഥിതിയില്‍ വ്യത്യസമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. 36.4 ശതമാനം ചൂടാണ് ശരാശരി ഫെബ്രുവരി മാസത്തില്‍ സംസ്ഥാനത്ത് അനുഭവപ്പെടാറുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 36.8ലേക്ക് ഉയര്‍ന്നിരുന്നു. ഇക്കുറിയിത് 38 കടന്നുവെന്നത് ഓരോ വര്‍ഷവും താപനില ക്രമാതീതമായി വര്‍ധിക്കുന്നുവെന്നതിന്റെ സൂചനയാണ്.
സമുദ്ര താപനില വര്‍ധിപ്പിക്കുന്ന എല്‍നിനോ പ്രതിഭാസമാണ് നിലവിലെ ചൂട് കൂടുന്നതിന് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. പെസഫിക് സമുദ്രത്തിലാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. ഇതിന്റെ ഫലമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുള്ള കാറ്റില്‍ നീരാവി കുറയും. ഈ വരണ്ട കാറ്റാണ് ചൂട് കൂടുന്നതിന് കാരണം.