Connect with us

Kannur

സി പി എമ്മിന്റെ സ്ഥാനാര്‍ഥി സാധ്യതാ പാനലൊരുങ്ങുന്നു

Published

|

Last Updated

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കണമെന്നതിനെക്കുറിച്ച് സി പി എമ്മില്‍ അനൗപചാരിക ചര്‍ച്ച തുടങ്ങി. സിറ്റിംഗ് സീറ്റുകളില്‍ ആരൊക്കെ മത്സരിക്കണമെന്നതിനെക്കുറിച്ച് അതാത് ജില്ലാ കമ്മിറ്റികളുടെ അഭിപ്രായ രൂപവത്കരണം തേടുന്നതിനു മുന്നോടിയായുള്ള ചര്‍ച്ചകളാണ് പല ജില്ലകളിലും തുടങ്ങിയത്. ജില്ലാ ഘടകങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥി സാധ്യതാ പാനലുകള്‍ പരിശോധിച്ചാണ് സി പി എം അന്തിമ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കുക. മാര്‍ച്ച് ആദ്യവാരത്തോടെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങാനാണ് പാര്‍ട്ടി സംസ്ഥാന ഘടകം നേരത്തെ തീരുമാനിച്ചിട്ടുള്ളത്. ഘടക കക്ഷികളുമായുള്ള സീറ്റു വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ സി പി എമ്മിന്റെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുകയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറയുന്നുണ്ടെങ്കിലും അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങാനായി ജില്ലാ ഘടകങ്ങളോട് ഇതിനകം നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചില ജില്ലകളിലെങ്കിലും ചര്‍ച്ചകള്‍ തുടങ്ങിയതെന്നാണ് സൂചന. ഇടതു മുന്നണിക്ക് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രിയായേക്കാവുന്ന സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സി പി എമ്മിന് ജില്ലയില്‍ ഏറ്റവും കരുത്തുള്ള മണ്ഡലങ്ങളിലൊന്നായ പയ്യന്നൂരില്‍ നിന്ന് മത്സരിച്ചേക്കുമെന്നാണ് സൂചന. പിണറായിയുടെ ജന്മ നാടുള്‍പ്പെടുന്ന മണ്ഡലമായ ധര്‍മടത്തു നിന്നും അദ്ദേഹം മത്സരിക്കുമെന്നാണ് നേരത്തെ സൂചനയുണ്ടായിയിരുന്നതെങ്കിലും പയ്യന്നൂരാണ് കുറേക്കൂടി സുരക്ഷിത മണ്ഡലമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. ധര്‍മടത്തു നിന്നും ലഭ്യമാകുന്നതില്‍ എത്രയോ ഇരട്ടി ഭൂരിപക്ഷം ഇവിടെ നിന്നും ലഭിക്കുമെന്നും പാര്‍ട്ടി ജില്ലാ ഘടകം വിലയിരുത്തുന്നു. എല്‍ ഡി എഫ് മന്ത്രിസഭയാണ് വരുന്നതെങ്കില്‍ മറ്റൊരു മന്ത്രി സ്ഥാനത്തുണ്ടാകാന്‍ സാധ്യതയുള്ള ഇ പി ജയരാജന്‍ ഇക്കുറി മണ്ഡലം മാറി കല്യാശ്ശേരിയില്‍ നിന്നു മത്സരിക്കുമെന്നും സൂചനയുണ്ട്. കല്യാശ്ശേരിയെ പ്രതിനിധീകരിക്കുന്ന എം എല്‍ എ. ടി വി രാജേഷിനെ അഴീക്കോട് മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് സാധ്യത. നേരിയ ഭൂരിപക്ഷത്തിന് കൈവിട്ടു പോയ കല്യാശ്ശേരി തിരിച്ചുപിടിക്കുകയെന്നതായിരിക്കും ഇക്കുറി ടി വി രാജേഷിന്റെ നിയോഗം. മട്ടന്നൂരില്‍ കെ കെ ശൈലജയേയും ധര്‍മടത്ത് സി പി എം ജില്ലാസെക്രട്ടറിയേറ്റംഗം എം സുരേന്ദ്രനെയും തലശ്ശേരിയില്‍ ഡി വൈ എഫ് ഐ നേതാവ് എ എന്‍ ഷംസീറിനെയും മത്സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നറിയുന്നു. കണ്ണൂരില്‍ പൊതുസമ്മതനായ സ്വതന്ത്രനെ സി പി എം മത്സരിപ്പിക്കാന്‍ ആലോചിക്കുന്നതായാണ് സൂചന. തളിപ്പറമ്പില്‍ ജെയിംസ് മാത്യു തന്നെയായിരിക്കും സ്ഥാനാര്‍ഥി. കൂത്തുപറമ്പ്, ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയേയുണ്ടാവൂ.ഇതില്‍ രണ്ട് സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടു നല്‍കും. ഇതില്‍ ഒരു സീറ്റില്‍ കടന്നപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നറിയുന്നു.
കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ സിറ്റിംഗ് എം എല്‍ എയായ കെ കുഞ്ഞിരാമനെ തന്നെ തിരഞ്ഞെടുപ്പു ഗോദയിലിറക്കാനാണ് അനൗദ്യോഗിക തീരുമാനം. എം എല്‍ എ എന്ന നിലയില്‍ കെ കുഞ്ഞിരാമന്‍ നടത്തിയ പ്രവര്‍ത്തനം പാര്‍ട്ടി പ്രവര്‍ത്തകരില്‍ മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരിലും മതിപ്പുണ്ടാക്കിയതായി പാര്‍ട്ടി വിലയിരുത്തുന്നു. ഭരണപക്ഷ എം എല്‍ എമാര്‍ നടപ്പിലാക്കിയതിനേക്കാളും മികച്ച പ്രവര്‍ത്തനമാണ് ഉദുമയില്‍ കെ കുഞ്ഞിരാമന്‍ നടപ്പിലാക്കിയതെന്നും വിലയിരുത്തുന്നു.
അതേസമയം തൃക്കരിപ്പൂരില്‍ നിലവിലുള്ള എം എല്‍ എ കെ കുഞ്ഞിരാമന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാകില്ല. രണ്ടു തവണ എം എല്‍ എ ആയവര്‍ക്കു വീണ്ടും അവസരം കൊടുക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest