Connect with us

Articles

പുകയില ഉപഭോഗം: കൂടുതല്‍ പ്രതിരോധമുയരണം

Published

|

Last Updated

ഏറ്റവും പുതിയ പഠനമനുസരിച്ച്, ലോകത്ത് പ്രതിവര്‍ഷം പുകയില ഉപയോഗത്താല്‍ മരിക്കുന്നവരില്‍ നാലില്‍ മൂന്നു പേരും ഇന്ത്യക്കാരാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കൗമാരക്കാരുള്ള ഇന്ത്യതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഇര എന്ന് ചുരുക്കം. ഹള്‍യോര്‍ക്ക് മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെയൊരു നിരീക്ഷണം നടന്നിട്ടുള്ളത്. എന്നുവെച്ചാല്‍ കൗമാരക്കാര്‍ക്കിടയില്‍ പുകയില ഉപയോഗം കൂടുന്നുവെന്ന് തന്നെയാണ്.
പുകയില ഉത്പന്നങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വിറ്റാല്‍ ഏഴ് വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് നിഷ്‌കര്‍ഷിക്കുന്ന ജുവനൈല്‍ ജസ്റ്റിസ് (Care and Protection of Children) ആക്ട് 2015 നിയമം പ്രാബല്യത്തിലുണ്ട്. പക്ഷേ, മുന്‍കാല അനുഭവങ്ങള്‍ വെച്ചുനോക്കുകയാണെങ്കില്‍ ഇതൊന്നും ഫലപ്രദമാകില്ലെന്ന് മനസ്സിലാകും. നിയമങ്ങള്‍ കുട്ടികളെ പുകവലി ഉത്പന്നങ്ങള്‍ ഉപയാഗിക്കുന്നതില്‍ നിന്ന് തടഞ്ഞു നിര്‍ത്താനുതകുന്നതായിരുന്നില്ലെന്ന് 2009 2010ലെ GYTS (Global Youth Tobacco Survey) സര്‍വേ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 13 മുതല്‍ 15 വരെ പ്രായമുള്ള 56 ശതമാനം കുട്ടികളും കടകളില്‍ നിന്ന് സിഗരറ്റ് വാങ്ങുന്നതിന് അവരുടെ പ്രായം പ്രശ്‌നമാകാറില്ലെന്ന് സമ്മതിക്കുന്നു. 15 മുതല്‍ 17 വരെ പ്രായമുള്ള മിക്ക വ്യക്തികള്‍ക്കും പുകവലി ഉത്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2009ല്‍ ഇന്ത്യയിലെ 13 മുതല്‍ 15 വരെ പ്രായമുള്ള യുവാക്കളില്‍ ഏകദേശം പതിനഞ്ച് ശതമാനവും (19 ശതമാനം ആണ്‍ കുട്ടികളും എട്ട് ശതമാനത്തിലധികം പെണ്‍കുട്ടികളും) വ്യത്യസ്ത രൂപത്തിലുള്ള പുകവലി ഉത്പന്നങ്ങളുപയോഗിക്കുന്നുണ്ടെന്നാണ് GYTS യുടെ വിലയിരുത്തല്‍. ഇതേ പ്രായത്തിലുള്ള, പുകയില ഉത്പന്നങ്ങള്‍ തൊട്ടു നോക്കാത്ത 15.5 ശതമാനം വരും കാലങ്ങളില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അതില്‍ പറയുന്നു. മാത്രമല്ല ഇത്തരം വസ്തുക്കളുപയോഗിക്കുന്ന ഇതേ പ്രായത്തിലുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുടെ തോത് 2006ല്‍ 13.7 ശതമാനമായിരുന്നെങ്കില്‍ 2009ല്‍ 14.6 ശതമാനമായി വര്‍ധിച്ചു. ഈ സര്‍വേ കാര്യമായി സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് നടന്നത്. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത അല്ലെങ്കില്‍ അതില്‍ മാത്രമായി ഒതുങ്ങിപ്പോയ യുവാക്കളുടെയോ കൗമാരക്കാരുടെയോ കണക്ക് ഇതിലും അധികമായിരിക്കും.
15 മുതല്‍ 17 വരെ പ്രായമുള്ള ഇന്ത്യയിലെ 10 ശതമാനം കുട്ടികളും വിവിധയിനം പുകയില ഉത്പന്നങ്ങളുടെ ഉപഭോക്താക്കളാണെന്ന് 2010ലെ ഏഅഠട (Global Adult Tobacco Survey) റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗസ്റ്റ് 2015, Global Health Promotionല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഇത്തരം ഉത്പന്നങ്ങള്‍ ശീലമാക്കിയ പതിനഞ്ചിനും പതിനേഴിനുമിടക്ക് പ്രായമുള്ള ഏകദേശം 4.4 ദശലക്ഷം കുട്ടികളുണ്ട്.
എന്ത് കൊണ്ട് കുട്ടികള്‍
പതിനെട്ടു വയസ്സിന് താഴെയുള്ള കുട്ടികളില്‍ കാല്‍ ഭാഗവും വ്യത്യസ്ത പുകയില ഉത്പന്നങ്ങള്‍ രുചിച്ചു നോക്കിയവരാണെന്ന് മുകളില്‍ വിവരിച്ച GYTS ന്റെയും GATS-ന്റെയും റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാം. ഈ രണ്ട് സര്‍വേയെ അടിസ്ഥാനമാക്കി ഒരു കാര്യം കൂടി സ്പഷ്ടമാകും. ഇന്ത്യയിലെ പുകയില ഉത്പാദന കമ്പനികള്‍ വൈവിധ്യമാര്‍ന്ന തന്ത്രങ്ങളിലൂടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ചെറുപ്രായത്തിലേ കുട്ടികളെ വശീകരിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്.
ഇക്കാര്യം മനസ്സിലാക്കാന്‍ Asian Pacific Journal of Cancer Preventionല്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് എടുത്തു നോക്കിയാല്‍ മതി. പതിമൂന്ന് മുതല്‍ പതിനഞ്ചു വരെ പ്രായമായ കുട്ടികള്‍ക്ക് ഇത്തരം കമ്പനികള്‍ ഫ്രീയായി പുകയില ഉത്പന്നങ്ങള്‍ ഓഫര്‍ നല്‍കിയും പരസ്യങ്ങള്‍ വഴി വശീകരിച്ചും ഒരു പാട് ലാഭം കൊയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്തിനാണ് കമ്പനികള്‍ പുകവലി ഉപഭോഗത്തിന് കുട്ടികളെ ടാര്‍ജറ്റ് ചെയ്യുന്നത്? 1994ലെ US Surgeon Generalന്റെ റിപ്പോര്‍ട്ട് വെളിവാക്കുന്നത് യുവാക്കള്‍ എപ്പോഴാണ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതെന്നും എപ്പോഴാണത് അവരുടെ ശീലമായി മാറുന്നതെന്നും കമ്പനികള്‍ക്കറിയാമെന്നാണ്. ചെറുപ്രായത്തില്‍ പുകവലിക്കുന്ന മിക്കവരും ഭാവിയിലതിന്റെ അടിമകളായാണ് കാണപ്പെട്ടിട്ടുള്ളത്. അവരെ അതില്‍ നിന്ന് പൂര്‍ണമായും മറ്റു പുകവലിക്കാരെ പോലെ വേഗത്തില്‍ മോചിപ്പിക്കാന്‍ സാധിച്ചു കൊള്ളണമെന്നില്ല. പുകവലി നേരത്തെ തുടങ്ങിയ വ്യക്തി അതിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നില്ല. ഇത് പുകയില ഉത്പാദന കമ്പനിക്കാര്‍ക്ക് പെട്ടെന്ന് തന്നെ അവരെ പ്രലോഭിപ്പിക്കുവാന്‍ അവസരമൊരുക്കുന്നു.
വികസിത രാഷ്ട്രങ്ങളില്‍ ലൈസന്‍സുള്ള കടകളിലും ഔട്ട്‌ലറ്റുകളിലുമാണ് പുകയില ഉത്പന്നങ്ങള്‍ വില്‍പ്പനക്കുള്ളതെങ്കില്‍ ഇന്ത്യയില്‍ നേരെ വിപരീതമാണ്. ഇവിടെ 76 ശതമാനം പുകയില ഉത്പന്നങ്ങളും വിറ്റഴിക്കപ്പെടുന്നത് ലൈസന്‍സില്ലാത്ത ചെറുകിട കച്ചവടക്കാരുടെയും തെരുവു വില്‍പ്പനക്കാരുടെയും കരങ്ങളിലൂടെയാണ്. ഇതിനറുതി വരുത്തുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്.
പരിഹാരമുണ്ടോ?
സ്‌കൂളിന്റെ നൂറ് മീറ്റര്‍ പരിസരത്ത് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനെയും അവയുടെ പരസ്യങ്ങള്‍ പതിക്കുന്നതിനെയും വിലക്കി, അതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയാണെങ്കില്‍ വരും തലമുറയെങ്കിലും ഇതില്‍ നിന്ന് ഒരു പരിധിവരെ മാറി നിന്നേക്കാം. കുട്ടികളെ ബോധവാന്മാരാക്കിയാല്‍ തന്നെ ഏറെക്കുറെ വിജയിക്കുമെന്നതിന് തെളിവാണ് 2012ല്‍ വന്ന ഒരു പഠനം. മുംബൈയില്‍ നടന്ന ഒരു പ്രോഗ്രാമില്‍ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളെ പുകയില ഉപഭോഗത്തിന്റെ ഭവിഷ്യത്തിനെ കുറിച്ച് ബോധവാന്മാരാക്കിയതോടെ 50 ശതമാനത്തിലധികം പേരും അവ ശീലമാക്കുന്നതില്‍ നിന്ന് പിന്മാറി എന്നാണ് പഠനം വ്യക്തമാക്കുന്നത്. നികുതി വര്‍ധിപ്പിച്ച് ഉത്പന്നങ്ങള്‍ക്ക് ഇനിയും വില കൂട്ടണം. പാക്കറ്റുകള്‍ക്ക് പുറത്തെ മുന്നറിയിപ്പുകളുടെ വലിപ്പം ഇനിയും കൂട്ടണം. കുടുംബവും മതവും സമൂഹവുമെല്ലാം ജാഗ്രതയോടെ നിലകൊള്ളണം. കുട്ടികളുടെ കൂട്ടുകെട്ടുകള്‍ സദാ നിരീക്ഷിക്കണം.

Latest