Connect with us

Editorial

സാമ്പത്തിക സര്‍വേ: അക്കങ്ങള്‍ക്ക് പിന്നില്‍

Published

|

Last Updated

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെക്കുറിച്ച് ആശങ്കകള്‍ സമ്മാനിക്കുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടാണ് കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലിമെന്റില്‍ വെച്ചത്. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. കാര്‍ഷിക രംഗത്തെ തിരിച്ചടിയും കയറ്റുമതിയിലെ മുരടിപ്പും അടുത്ത സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷകളെ തകര്‍ക്കുന്ന നിലയിലാണ്. പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 7- 7.5 നിലവാരത്തിലേക്ക് താഴുന്നത് ഈ പശ്ചാത്തലത്തിലാണ്. നടപ്പു വര്‍ഷം ഭക്ഷ്യ ധാന്യ ഉത്പാദനം അര ശതമാനവും എണ്ണ വിത്തുകളുടെ ഉത്പാദനം 4.1 ശതമാനം കുറഞ്ഞു. പഴം, പച്ചക്കറി ഉത്പാദനത്തില്‍ വര്‍ധനയുണ്ട്. പക്ഷേ, അത് നാമമാത്രമാണ്. സേവന മേഖലയില്‍ മാത്രമാണ് ചെറിയൊരു ഉണര്‍വുള്ളത്. അതാകട്ടെ ആഗോള സാഹചര്യങ്ങള്‍ നിരാശാജനകമായതിനാല്‍ വലിയ ശമനം നല്‍കുന്നുമില്ല. ധനക്കമ്മി 3.9 ശതമാനമായി പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യം ഈ വര്‍ഷം തന്നെ കൈവരിക്കുമെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. ചരക്കു സേവന നികുതി ബില്‍ വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുന്ന സര്‍വേ റിപ്പോര്‍ട്ട് അടുത്ത വര്‍ഷം പണപ്പെരുപ്പ നിരക്ക് നാലര മുതല്‍ അഞ്ച് ശതമാനം വരെയായിരിക്കുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. സാമ്പത്തിക സ്ഥിരത കൈവരിച്ചുവെന്ന് സര്‍ക്കാര്‍ അവകാശപ്പേടുമ്പോഴും മുരടിപ്പ് ദൃശ്യമാണ്.
ഈ അവസ്ഥക്കുള്ള കാരണം കണ്ടെത്തുന്നതിലും പരിഹാരം നിര്‍ദേശിക്കുന്നതിലുമാണ് കേന്ദ്ര സര്‍ക്കാറും ധനമന്ത്രിയും അങ്ങേയറ്റം അപകടകരമായ സമീപനം പുലര്‍ത്തുന്നത്. ആഗോള മാന്ദ്യത്തിന്റെ ഇടവേളകള്‍ കുറയുന്നുവെന്ന് വിലപിക്കുമ്പോഴും അവ ഉണ്ടാകുന്നതിന്റെ യഥാര്‍ഥ കാരണങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല. അഥവാ മനസ്സിലായെങ്കില്‍ തന്നെ തങ്ങളുടെ നിലപാടുകള്‍ക്ക് പാകമായ തരത്തില്‍ അതിനെ വ്യാഖ്യാനിച്ച് വഴിതെറ്റുകയാണ് സര്‍ക്കാര്‍. മാന്ദ്യം പിടിമുറുക്കിയ മിക്കയിടങ്ങളിലും കമ്പോള സാമ്പത്തിക ക്രമമാണ് പിന്തുടര്‍ന്നത് എന്നോര്‍ക്കണം. സാമ്പത്തിക ശക്തികളെ നിയന്ത്രണരഹിതമായി വിട്ടപ്പോഴാണ് സമ്പദ്‌വ്യവസ്ഥ വഴി തെറ്റി സഞ്ചരിച്ചത്. എന്നാല്‍ നിയന്ത്രിത സമ്പദ്‌വ്യവസ്ഥക്ക് ശ്രമിക്കുകയെങ്കിലും ചെയ്തവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചു. ഇന്ത്യ തന്നെയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. നമ്മുടെ പൊതു മേഖലാ ബേങ്കിംഗ് സംവിധാനവും ഇന്‍ഷ്വറന്‍സ് മേഖലയിലെ സര്‍ക്കാറിന്റെ ശക്തമായ സാന്നിധ്യവും വലിയ കെട്ടുറപ്പാണ് സമ്പദ്‌വ്യവസ്ഥക്ക് സമ്മാനിച്ചത്. വിപണിയിലെ സര്‍ക്കാറിന്റെ ഇടപെടല്‍ കുറഞ്ഞപ്പോഴാണ് സത്യത്തില്‍ മാന്ദ്യത്തിന്റെ കുഴികളിലേക്ക് രാജ്യം നീങ്ങിയത്. എന്നാല്‍ ഈ സര്‍ക്കാറും തൊട്ടു മുമ്പത്തെ സര്‍ക്കാറും സ്വന്തം അനുഭവത്തെ പോലും വിലമതിക്കാനാകാത്ത തീരുമാനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. യു പി എ സര്‍ക്കാര്‍ പിന്തുടര്‍ന്ന നവ ഉദാരവത്കരണ നയങ്ങളെ കൂടുതല്‍ കോര്‍പറേറ്റ് അനുകൂലമായി ആവിഷ്‌കരിക്കുകയാണല്ലോ ബി ജെ പി സര്‍ക്കാര്‍ ചെയ്യുന്നത്.
കയറ്റുമതിയും നിര്‍മാണ മേഖലയും മുരടിപ്പിലേക്ക് നീങ്ങുമ്പോള്‍ സബ്‌സിഡിയാണ് വിഭവസമാഹരണത്തിന് തടസ്സമെന്ന തീര്‍പ്പിലാണ് കേന്ദ്ര സര്‍ക്കാര്‍ എത്തിച്ചേരുന്നത്. അതുകൊണ്ട് സബ്‌സിഡി പരമാവധി വെട്ടിക്കുറക്കണം. സബ്‌സിഡിയുടെ നല്ലൊരു പങ്ക് മേല്‍ത്തട്ടുകാരാണ് കൊണ്ടു പോകുന്നതെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അത് നിയന്ത്രിക്കണമെന്നാണ് പുറമെ പറയുന്നതെങ്കിലും സബ്‌സിഡിയെന്ന സംവിധാനത്തില്‍ നിന്ന് പടിപടിയായി പിന്‍വാങ്ങുകയെന്നതാണ് ആത്യന്തിക ലക്ഷ്യമെന്ന് വ്യക്തമാണ്. ഈ പിന്‍വാങ്ങല്‍ നയത്തിന് വികസ്വര രാജ്യങ്ങളെ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുന്ന ഐ എം എഫ് പോലുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ അമേരിക്ക അവിടുത്തെ കാര്‍ഷിക, വ്യവസായ രംഗത്ത് നല്‍കുന്ന സബ്‌സിഡിയെക്കുറിച്ച് മിണ്ടില്ല.
കാര്‍ഷിക രംഗത്തെ മുരടിപ്പിന് പോലും പരിഹാരമായി ചൂണ്ടിക്കാണിക്കുന്നത് ഉദാരീകരണമാണ്. മത്സരക്ഷമത വര്‍ധിപ്പിക്കാന്‍ പരിചകളൊന്നുമില്ലാതെ കമ്പോളത്തിലേക്ക് നമ്മുടെ കാര്‍ഷിക മേഖലയെ തള്ളിവിടണമെന്നര്‍ഥം. ജനിതക വിത്തിനങ്ങള്‍ പോലുള്ള പരിഷ്‌കാരങ്ങള്‍ക്ക് തയ്യാറാകണമെന്നും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുന്നുണ്ട്. വ്യാവസായിക മേഖലയിലെ പിന്നോട്ടടിക്ക് കാരണം തൊഴില്‍ നിയമങ്ങളാണെന്ന കോര്‍പറേറ്റുകളുടെ വാദം സര്‍വേ റിപ്പോര്‍ട്ട് ഉയര്‍ത്തിപ്പിടിക്കുന്നു. കൂടുതല്‍ തൊഴിലാളി വിരുദ്ധവും മുതല്‍മുടക്കുകാര്‍ക്ക് അനുകൂലവുമായ നിലയില്‍ നിയമങ്ങള്‍ പൊളിച്ചെഴുതണമെന്ന കാഴ്ചപ്പാടാണ് സര്‍വേ മുന്നോട്ട് വെക്കുന്നത്.
സാമ്പത്തിക സര്‍വേയിലെയും ബജറ്റിലെയും അക്കങ്ങളല്ല അവ മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടുകളും മുന്‍ഗണനകളുമാണ് പ്രധാനം. ഉദാരീകരണവും കോര്‍പറേറ്റുകള്‍ക്കുള്ള ഇളവുകളും നികുതി വര്‍ധനയും സബ്‌സിഡി വെട്ടിക്കുറക്കലും നേരിട്ടുള്ള വിദേശ നിക്ഷേപവുമൊക്കെയാണ് ഈ സാമ്പത്തിക സര്‍വേക്കും പറയാനുള്ള പരിഹാര മാര്‍ഗങ്ങള്‍. ഇന്ത്യന്‍ അവസ്ഥകള്‍ പരിഗണിച്ചു കൊണ്ടുള്ള തനതായ പരിഹാരങ്ങള്‍ രൂപപ്പെടുന്നില്ല. മുമ്പ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും മാത്രം നോക്കി നിന്നെങ്കില്‍ ഇന്ന് ചൈനയെ പകര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന വ്യത്യാസമേയുള്ളൂ.