ജെ എന്‍ യു: അന്വേഷണം സ്‌പെഷ്യല്‍ സെല്ലിന്

Posted on: February 27, 2016 11:21 pm | Last updated: February 27, 2016 at 11:21 pm
SHARE

JNU2ന്യൂഡല്‍ഹി: ജെ എന്‍ യുവില്‍ അഫ്‌സല്‍ഗുരു അനുസ്മരണ പരിപാടിയെ തുടര്‍ന്നുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതല ഡല്‍ഹി പോലിസിന് കീഴിലുള്ള സ്‌പെഷ്യല്‍ സെല്ലിന് കൈമാറാന്‍ തീരുമാനം. ഡല്‍ഹി പോലീസിന്റെ ശിപാര്‍ശയെ തുടര്‍ന്നാണ് നടപടി. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്കോ സ്‌പെഷ്യല്‍ സെല്ലിനോ കൈമാറണമെന്ന് ഡല്‍ഹി സൗത്ത് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രേംനാഥ് ഡല്‍ഹി പോലീസ് കമ്മീഷണറോട് ശിപാര്‍ശ ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കേസ് സ്‌പെഷ്യല്‍സെല്ലിന് വിടുന്നതായി പോലീസ് കമ്മീഷണര്‍ ബി എസ് ബസ്സി അറിയിച്ചു.
സ്‌പെഷ്യല്‍ സെല്ലിന് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രണ്ട് ദിവസങ്ങള്‍ക്കകം കേസ് കൈമാറുന്ന നടപടികള്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ കേസുകളും സ്‌പെഷ്യല്‍ സെല്ലാണ് അന്വേഷിക്കാറുള്ളത്. അതിനാലാണ് ഈ കേസും അവര്‍ക്കു വിടുന്നതെന്ന് ഡല്‍ഹി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.
കേസില്‍ അറസ്റ്റിലായ ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ നേതാക്കളായ കന്‍ഹയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരെ ഒന്നിച്ചിരുത്തിയും ഒറ്റക്കും ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലില്‍ ഇവര്‍ വ്യത്യസ്ത മൊഴികളാണ് നല്‍കിയതെന്നും ഡല്‍ഹി പോലീസ് പറഞ്ഞു. അതേസമയം, തങ്ങളാരും ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയിട്ടില്ലെന്ന് മൂന്ന് പേരും പറഞ്ഞതായും പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here