സുബ്രഹ്മണ്യന്‍ സ്വാമിക്ക് നേരെ ചീമുട്ടയേറ്

Posted on: February 27, 2016 11:17 pm | Last updated: February 27, 2016 at 11:17 pm

subrahmanya swamiകാണ്‍പൂര്‍: ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ കാറിന് നേരെ പ്രതിഷേധക്കാരുടെ ചീമുട്ടയേറ്. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലാണ് പ്രതിഷേധം അരങ്ങേറിയത്. നര്‍വാന ചൗക്കിലെ കോളജില്‍ ആഗോള ഭീകരവാദം എന്ന വിഷയത്തിലുള്ള സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി. ഇദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ജില്ലാ അധ്യക്ഷന്‍ ഹര്‍പ്രകാശ് അഗ്നിഹോത്രിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയും തക്കാളിയും മഷിയും എറിയുകയായിരുന്നു. സ്വാമിക്ക് നേരെ നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി വീശുകയും ചെയ്തു. ഇതിനിടെ പോലീസ് നടത്തിയ ചെറിയ തോതിലുള്ള ലാത്തിച്ചാര്‍ജില്‍ ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
സുബ്രഹ്മണ്യന്‍ സ്വാമിയുടെ സന്ദര്‍ശനം സംബന്ധിച്ച് പോലീസിനും ജില്ലാ ഭരണകൂടത്തിനും മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് ബി ജെ പി ജില്ലാ പ്രസഡന്റ് സുരേന്ദ്ര മൈഥാനി ആരോപിച്ചു. സംഭവത്തെ കുറിച്ച് ബി ജെ പി പോലീസില്‍ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, സെമിനാറില്‍ സംബന്ധിച്ചു കൊണ്ട് സംസാരിച്ച സുബ്രഹ്മണ്യന്‍ സ്വാമി, ജെ എന്‍ യുവിന് സുഭാഷ് ചന്ദ്രബോസിന്റെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടു. ജെ എന്‍ യുവിലെ അഞ്ച് ശതമാനം വിദ്യാര്‍ഥികളെ മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ളവരെല്ലാം പഠിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും അതിന് എതിരുനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാഷനല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും എതിരെ പരാതി നല്‍കിയത് സുബ്രഹ്മണ്യന്‍ സ്വാമിയായിരുന്നു.