Connect with us

Gulf

ഈ വര്‍ഷം ആത്മഹത്യ ചെയ്തത് പത്തു ഇന്ത്യക്കാര്‍

Published

|

Last Updated

ദോഹ :ഈ വര്‍ഷം രാജ്യത്ത് ആത്മഹത്യ ചെയ്തത് പത്തു ഇന്ത്യക്കാര്‍. ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രാദേശിക ഇംഗ്ലീഷ് മാധ്യമങ്ങളുള്‍പ്പെടെ ചര്‍ച്ചക്കെടുത്ത പ്രശ്‌നം ചര്‍ച്ചക്കു വിധേയമാക്കി പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുമെന്ന് ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം വ്യക്തമാക്കി. തൊഴിലില്‍നിന്നു പിരിച്ചുവിട്ടതുള്‍പ്പെടെ സാമ്പത്തിക പ്രതിസന്ധികളാണ് ആത്മഹത്യകളുടെ പ്രേരകഘടകം.
വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അടിയന്തര പ്രാധാന്യത്തോടെ തന്നെ പരിഗണിച്ച് ആളുകള്‍ ഇത്തരം കടുത്ത നടപടികളിലേക്കു പോകുന്നതു സംബന്ധിച്ച് പരിശോധന നടത്തി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഐ സി ബി എഫ് പ്രസിഡന്റ് അരവിന്ദ് പട്ടീല്‍ ദോഹ ന്യൂസിനോടു പറഞ്ഞു. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷത്തെ ആത്മഹത്യാ നിരക്ക് എത്രയെന്നതു സംബന്ധിച്ച് വിവരമില്ലെന്നും അദ്ദേഹം അറിയിച്ചു.
ജോലി നഷ്ടപ്പെടുകയും ഇതേത്തുടര്‍ന്ന് ബേങ്കിലെ ബാധ്യത തീര്‍ക്കാന്‍ കഴിയാതെ വരികയും ചെയ്തതാണ് ഈയടുത്തു നടന്ന ഇന്ത്യക്കാരുടെ ആത്മഹത്യകള്‍ക്കല്ലാം കാരണമെന്ന് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്ത ഇന്ത്യക്കാരില്‍ രണ്ടു പേര്‍ മലയാളികളായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ആത്മഹത്യാ പ്രവവണത പ്രകടിച്ച് പലരും സാമൂഹിക പ്രവര്‍ത്തകരെയും നിയമോപദേശകരെയും സമീപിക്കുന്നുണ്ട്. ആത്മഹത്യാ ഭീഷണി മുഴക്കി എംബസിയിലെത്തിയ മലയാളിയെക്കുറിച്ച് നേരത്തേ സിറാജ് വാര്‍ത്ത നല്‍കിയിരുന്നു.
ഖത്വറില്‍ സാമ്പത്തിക കേസുകള്‍ ക്രിമിനല്‍ കുറ്റമാമായാണ് കണക്കാക്കുന്നത്. ലോണ്‍, ചെക്ക് കേസ് എന്നിവയില്‍ കുടുങ്ങി ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പിഴയൊടുക്കുന്നതിനു പുറമേ ജയില്‍വാസവും അനുഭവിക്കേണ്ടി വരും. അതുകൊണ്ടുകൂടിയാണ് ആളുകള്‍ ആത്മഹത്യ തിരഞ്ഞെടുക്കുന്നതെന്ന് പാട്ടീല്‍ പറയുന്നു. ജോലി നഷ്ടപ്പെടുന്നതു വര്‍ധിച്ചതോടെ തന്നെയാണ് ആത്മഹത്യാ കേസുകളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരുടെ പ്രയാസങ്ങളും കേട്ടു തുടങ്ങിയത്. ഇക്കഴിഞ്ഞ ആഴ്ചകളില്‍ രാജ്യത്തെ പ്രധാന കമ്പനികളില്‍നിന്നെല്ലാം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഖത്വര്‍ പെട്രോളിയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, സിദ്‌റ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍, റാസ് ഗ്യാസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും ഏതാനും സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരെ വെട്ടിച്ചുരുക്കി. ഇതില്‍ നിരവധി ഇന്ത്യക്കാരുണ്ടായിരുന്നു.
സാമ്പത്തിക പ്രയാസത്തെത്തുടര്‍ന്ന് മാനസിക വിഷമം അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ് കൊടുക്കുകയാണ് പരിഹാരമെന്ന് പാട്ടീല്‍ പറഞ്ഞു. ജോലി നഷ്ടപ്പെട്ട് പ്രയാസം നേരിടുന്നവര്‍ക്ക് എംബസിയെയും ദേശീയ മനുഷ്യാവകാശ കമ്മിറ്റിയെയും സമീപിക്കാം. സാധാരണഗതിയില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് എന്‍ ഒ സി നേടിക്കൊടുക്കുന്നതിന് മനുഷ്യാവകാശ കമ്മിറ്റി തയാറാകാറുണ്ട്. ഇത് മറ്റൊരു ജോലി തേടാന്‍ പ്രവാസികളെ സഹായിക്കും.
സാധാരണക്കാരായ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനും ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിച്ചും മറ്റും വഴികള്‍ തേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest