സ്ത്രീകളുടെ മൊബൈലുകളില്‍ നിന്ന് ഫോട്ടോകള്‍ ചോര്‍ത്തി പ്രചരിപ്പിച്ചു

Posted on: February 27, 2016 7:19 pm | Last updated: February 27, 2016 at 7:19 pm

ദോഹ :രാജ്യത്ത് നിരവധി സ്ത്രീകളുടെ മൊബൈല്‍ ഫോണുകളും സോഷ്യല്‍ മീഡിയ പേജുകളും ഹാക്ക് ചെയ്ത് ഫോട്ടോകള്‍ മോഷ്ടിച്ച് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതായി പരാതി. ഇതേത്തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയ മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയും ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കി.
മൊബൈല്‍ ഫോണിലെ ചിത്രങ്ങള്‍ മോഷ്ടിക്കുന്നതു തടയുന്നതിനുള്ള വഴികളും മന്ത്രാലയം അറിയിപ്പില്‍ വിശദീകരിക്കുന്നു. കഴിഞ്ഞ ആഴ്ചയില്‍ 33 സ്ത്രീകളാണ് തങ്ങളുടെ മൊബൈലുകള്‍ ബ്ലോക്ക് ചെയ്തതായും ഫോണില്‍ സൂക്ഷിച്ചിരുന്ന ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കപ്പെട്ടതായും അധികൃതര്‍ക്ക് പരാതി നല്‍കിയത്. ചില സ്ത്രീകള്‍ അജ്ഞാതരായ ഹാക്കര്‍മാരാല്‍ ഭീഷണിപ്പെടുത്തപ്പെട്ടതായും അല്‍ വത്വന്‍ അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.
വാട്‌സ് ആപ്പ് വഴിയും സോഷ്യല്‍ മീഡിയ വഴിയുമാണ് ആക്രമണം നടന്നത്. ഏതാനും സമയത്തിനകം തന്നെ ഇവര്‍ക്ക് സംഭവം ബോധ്യപ്പെടുകയും ഇതിനെതിരെ സ്ത്രീ സമൂഹത്തിനിടയില്‍ പ്രചാരണം ആരംഭിക്കുകയുമായിരുന്നു. ഉടന്‍ ആഭ്യന്തര മന്ത്രലായം സൈബര്‍ സുരക്ഷാ വിഭാഗത്തിലും റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് സൈബര്‍ വിഭാഗം അന്വേഷണം നടത്തി വരികയാണ്. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ വിസമ്മതിച്ചു.
അതേസമയം, സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് സൈബര്‍ സുരക്ഷാ വിഭാഗം നിര്‍ദേശങ്ങള്‍ നല്‍കിയത്. സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്താതിരിക്കുക, ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് സുരക്ഷിതമായ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുക, വ്യത്യസ്ത അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്‌വേര്‍ഡ് ഉപയോഗിക്കാതിരിക്കുക, പാസ്‌വേര്‍ഡിനു പുറമേ മൊബൈല്‍ നമ്പര്‍ കൂടി ചേര്‍ത്ത് രണ്ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ നടപടികള്‍ സ്വീകരിക്കുക, അറിയാത്ത നമ്പറുകളില്‍നിന്നോ വിലാസങ്ങളില്‍നിന്നോ വരുന്ന ലിങ്കുകള്‍ തുറക്കാതിരിക്കുക, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശംയം തോന്നിയാല്‍ ഉടന്‍ പാസ്‌വേര്‍ഡ് മാറ്റുകയും എല്ലാ ഡിവൈസുകളില്‍നിന്നും അക്കൗണ്ട് സൈന്‍ ഒട്ട് ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സൈബര്‍ വിഭാഗം നിര്‍ദേശിക്കുന്നത്.
സംഭവം വൈകാതെ തന്നെ സൈബര്‍ സുരക്ഷാ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അന്വേഷണം എളുപ്പമാകും. ക്രെഡിറ്റ് കാര്‍ഡ്, ബേങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഓണ്‍ലൈനുകളില്‍ നല്‍കരുതെന്നും വ്യത്യസ്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒരേ ഇ മെയില്‍ വിലാസങ്ങള്‍ ഉപയോഗിക്കുന്നത് ഹാക്കിംഗ് എളുപ്പമാക്കുമെന്നും അറിയിപ്പുണ്ട്. ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും ഉപയോഗിച്ചു തുടങ്ങുമ്പോഴും നിബന്ധനകള്‍ നന്നായി വായിച്ചു മനസ്സിലാക്കണം. ഫോട്ടോ ഗ്യാലറിയിലേക്കും സ്വകാര്യ വിവരങ്ങളിലേക്കും പ്രവേശനം അനുവദിക്കരുത്. അതുപോലെ തന്നെ സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍, സ്വകാര്യ വിവരങ്ങള്‍ എന്നിവ പബ്ലിക്കില്‍ ഷെയര്‍ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
ഇതിനു മുമ്പും സമാനമായ സൈബര്‍ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ട്. ഏതാനും പേര്‍ അറസ്റ്റിലാവുകയും ചെയ്തു