രാജ്യത്ത് 23 ശതമാനത്തിലധികം ഭൂമി പരിസ്ഥിതി സംരക്ഷിത പ്രദേശം

Posted on: February 27, 2016 7:13 pm | Last updated: February 27, 2016 at 7:13 pm
SHARE

ദോഹ: ജൈവ സന്തുലിതത്വത്തിനായി രാജ്യം സംരക്ഷിക്കുന്നത് 23 ശതമാനത്തിലേറെ ഭൂമി. 2744 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് ഖത്വര്‍ കരുതല്‍ പ്രദേശമായി കണ്ട് സംരക്ഷിച്ചു വരുന്നതെന്ന് വികസന, ആസൂത്രണ. സ്ഥിതിവിവര മന്ത്രാലയം അറിയിപ്പില്‍ പറയുന്നു. ഖത്വര്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.
2014ലെ കണക്കു പ്രകാരം രാജ്യത്ത് 12 റിസര്‍വുകളുണ്ട്. അല്‍അരീഖ്, അല്‍ദാഖിറ, ഖോര്‍ അല്‍ ഉബൈദ്, അല്‍ രിഫ, ഉമ്മ് അല്‍ അമദ്, ഉമ്മ് ഖര്‍ന്, അല്‍ സാനീ, അല്‍റീം, അല്‍ ശീഹാനിയ്യ, അല്‍ മിശാബിയ്യ, അല്‍ വുസൈല്‍, വാദി സുല്‍ത്താന എന്നിവയാണ് രാജ്യത്തെ റിസര്‍വുകള്‍. അല്‍ഖോര്‍ അല്‍ ഉബൈദിലും അല്‍ ദാഖിറയിലും മറൈന്‍ നാച്വറല്‍ റിസര്‍വുകളുണ്ട്. മൊത്തം 720 ചതുരശ്ര കിലോ മീറ്റര്‍ വരും സമുദ്രശേഖരം.
2014ലെ കണക്കുപ്രകാരം അറേബ്യന്‍ ഒറിക്‌സിന്റെ എണ്ണം 1537 ആയിരുന്നു. ഇവയുടെ എണ്ണം ക്രമേണ കൂടുന്നുവെന്നാണ് കണക്ക്. ഏറ്റവും കൂടുതല്‍ ഒറിക്‌സുകളുള്ളത് അല്‍ മശാബിയ്യ റിസര്‍വിലാണ്. തനതു മത്സ്യ സമ്പത്തിലും വര്‍ധനയുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മത്സ്യബന്ധനത്തില്‍ 2008 മുതല്‍ 2014 വരെയുള്ള കണക്കെടുക്കുമ്പോള്‍ ബോട്ട് ഒന്നിന് ശരാശരി 35 മെട്രിക് ടണ്ണിന്റെ കുറവു രേഖപ്പെടുത്തുന്നു. ഇത് മത്സ്യവിഭവ ശേഖരം സംരക്ഷിക്കപ്പെടുന്നതിന്റെ സൂചനയാണെന്ന് മന്ത്രാലയം വിശദീകരിക്കുന്നു.
ശുദ്ധവായുവിന്റെ കാര്യത്തിലും ദോഹ കോര്‍ണിഷും ആസ്‌പെയര്‍ സോണും ഗുണമേന്മാ നിലവാരമനുസരിച്ച് മുന്നിലാണ്. അഴുക്കുജല സംസ്‌കരണ പദ്ധതിയിലൂടെ പാഴ്ജലം നീക്കുന്ന കാര്യത്തിലും ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. അഴുക്കുജല ശൃംഖല ഇല്ലാത്ത പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും മറ്റുമായി ടാങ്കുകളില്‍ ശേഖരിച്ച് അഴുക്കുജലം ശുദ്ധീകരണ പ്ലാന്റുകളിലേക്കു മാറ്റുന്നുണ്ട്. 2014ലെ കണക്കു പ്രകാരം പ്രതിശീര്‍ഷ മാലിന്യം 1.3 കി.ഗ്രാം ആണെന്നു കണക്കാക്കപ്പെടുന്നു. ദേശീയ വികസന നയമനുസരിച്ച് ഇത് 1.6 കിലോ ഗ്രാം ആണ്.
2014ലെ ഏറ്റവും ചൂടു കൂടിയ ദിവസം മെയ് 28 ആയിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. (കൂടിയ താപനില 47.9 സെല്‍ഷ്യസ്). എന്നാല്‍ ഫെബ്രുവരി 12 ആണ് തണുപ്പേറിയ ദിനം.