Connect with us

Gulf

കണ്ണൂര്‍: 29ന് പരീക്ഷണപ്പറക്കല്‍; പ്രതീക്ഷയോടെ പ്രവാസികള്‍

Published

|

Last Updated

ദുബൈ: ഒരുകാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കേരളത്തിന്റെ തനത് ഉത്പന്നങ്ങളും പ്രകൃതി വിഭവങ്ങളുമെല്ലാം കടന്നുപോയത് ഉത്തര മലബാറിലെ തുറമുഖങ്ങളിലൂടെയായിരുന്നു. കണ്ണൂരിലെ കൈത്തറിയും വളപട്ടണത്തെ മരത്തടികളും ഏറെക്കാലം കടല്‍ കടന്നു, പക്ഷേ, കാലക്രമേണ മലബാറിന്റെ വികസനങ്ങള്‍ക്ക് കോട്ടം തട്ടാന്‍ തുടങ്ങി…. ഉപജീവനത്തിന് പുതിയ അവസരങ്ങള്‍ തേടി മലബാറിലെ യുവാക്കളില്‍ നല്ലൊരു ശതമാനം അറേബ്യയിലേക്ക് കടല്‍ കടന്നതോടെ മലബാറിന്റെ പ്രതാപത്തിന് വീണ്ടും ചിറക് മുളച്ചു.
വരുന്ന തിങ്കളാഴ്ച കണ്ണൂരില്‍ ആദ്യ വിമാനമിറങ്ങുമ്പോള്‍ മലബാറില്‍ പുതിയൊരു ചരിത്രാധ്യായത്തിന് തുടക്കമിടുന്നതോടൊപ്പം ഉത്തര മലബാറില്‍നിന്നുള്ള പ്രവാസികള്‍ വളരെയേറെ പ്രതീക്ഷയോടെയാണ് കണ്ണൂര്‍ വിമാനത്താവളമെന്ന സ്വപ്‌ന സാക്ഷാത്കാരത്തിനെ ഉറ്റുനോക്കുന്നത്. കോഡ്-ബി എയര്‍ ക്രാഫ്റ്റ് ഉപയോഗിച്ചാകും പരീക്ഷണപ്പറക്കല്‍ നടത്തുക.
വിദേശ വിമാനക്കമ്പനികള്‍ വളരെ താത്പര്യപൂര്‍വമാണ് കണ്ണൂരിനെ കാണുന്നത്. ഗള്‍ഫ് വിമാനക്കമ്പനികളായ ഇത്തിഹാദ് എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ്, ഒമാന്‍ എയര്‍വേയ്‌സ്, എയര്‍ അറേബ്യ, സഊദി അറേബ്യന്‍ എയര്‍ലൈന്‍സ്, കുവൈത്ത് എയര്‍വേയ്‌സ് തുടങ്ങിയ എയര്‍ലൈനുകള്‍ കണ്ണൂരിലേക്ക് പുതിയ സര്‍വീസ് നടത്തുന്നതിന് വ്യോമയാന മന്ത്രാലയത്തെ സമീപിക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. ഇന്ത്യന്‍ എയര്‍ ലൈന്‍സ്, ജെറ്റ് എയര്‍വേയ്‌സ്, ബജറ്റ് എയര്‍ലൈനുകളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നിവയും കണ്ണൂരിലേക്കുള്ള സര്‍വീസ് മെച്ചപ്പെട്ടതാക്കി മാറ്റാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്.
അതേസമയം കണ്ണൂരില്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകും. പ്രധാനമായും ഗള്‍ഫ്‌നാടുകളില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രവാസികളില്‍ നല്ലൊരു ശതമാനം ഇപ്പോള്‍ മംഗലാപുരം വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങളുടെയും വിമാനസര്‍വീസുകളുടെയും എണ്ണം വര്‍ധിക്കുന്നതോടെ വിമാന നിരക്കില്‍ കുറവുണ്ടാകുമെന്നാണ് പ്രവാസികള്‍ കരുതുന്നത്. ഏഴിമല നാവിക അക്കാദമിയും കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദേശ മലയാളികളുടെ സാന്നിധ്യം തുടങ്ങിയവ പരിഗണിക്കുമ്പോള്‍ കണ്ണൂര്‍ വിമാനത്താവളം ഉത്തരമലബാറിന്റെ വികസന രംഗത്ത് നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മട്ടന്നൂരിലെ മൂര്‍ഖന്‍ പറമ്പില്‍ പണിപൂര്‍ത്തിയായതോടെ വിമാനത്താവളം, കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെയും കര്‍ണാടകയിലെ കുടക് ജില്ലയിലുള്ള പ്രവാസികളുടെയും യാത്ര സുഗമമാകും.
എത്രയും പെട്ടെന്ന് പരീക്ഷണപ്പറക്കല്‍ നടത്തിയാലേ റണ്‍വേയുടെ പ്രശ്‌നങ്ങളും മറ്റും പരിഹരിച്ച് പ്രവര്‍ത്തികള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഉദ്യോഗ തലത്തിലെ അഭിപ്രായം. 2,400 മീറ്റര്‍ നീളത്തില്‍ റണ്‍വേയുടെ ടാറിംഗ് പ്രവര്‍ത്തികളാണ് പരീക്ഷണപ്പറക്കലിന് മുന്നോടിയായി പൂര്‍ത്തിയായിട്ടുള്ളത്. ഇതോടൊപ്പം തന്നെ 80,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലുള്ള ടെര്‍മിനലിന്റെയും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടത്തിന്റെയും നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നുണ്ട്. റണ്‍വേയുടെ നീളം 4,000 മീറ്ററാക്കുന്നതോടെ ലോകത്തിലെ വലിയ വിമാനങ്ങളായ ആര്‍വേസ് 35, ബോയിംഗ് 777 തുടങ്ങിയവ ഇവിടെ ഇറക്കാന്‍ സാധിക്കും. ഇത് കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിപ്പിക്കും. അതോടൊപ്പം മലബാറിന്റെ ടൂറിസം ഭൂപടത്തിന് ആഗോള ശ്രദ്ധ കിട്ടുകയും ചെയ്യും.
വിമാനത്താവള നിര്‍മാണത്തോടൊപ്പം ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി നാല് ബൈപാസ് റോഡുകള്‍ നിര്‍മിക്കുന്നുണ്ട്. തലശ്ശേരി റോഡില്‍നിന്ന് പഴശ്ശി-ഇടവേലി-പുലിയങ്ങോട്-പാലോട്ടുപള്ളി, മട്ടന്നൂര്‍-കനാല്‍-കല്ലേരിക്കര-എയര്‍പോര്‍ട്ട്, നെല്ലൂന്നി-കാര-കനാല്‍-എയര്‍പോര്‍ട്ട്, മണ്ണൂര്‍പാലം-മുള്ള്യം-പെരിയച്ചൂര്‍-ചാവശ്ശേരിപ്പറമ്പ് എന്നിവയാണ് നിര്‍ദിഷ്ട ബൈപാസ് റോഡുകള്‍. നാലു റോഡുകളുടെയും പദ്ധതി മട്ടന്നൂര്‍ നഗരസഭയാണ് തയ്യാറാക്കിയത്. റോഡുകളുടെ രൂപരേഖ കിറ്റ്‌കോയാണ് തയ്യാറാക്കുന്നത്.
പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാകാത്ത വിധത്തില്‍ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് എന്ന നിലയിലാണ് കണ്ണൂര്‍ വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്. മലനിരകളും കൊച്ചു വനപ്രദേശവുമായിരുന്ന മൂര്‍ഖന്‍പറമ്പിലെ മരങ്ങള്‍ മുറിച്ചുമാറ്റിയതിനാല്‍ പരിസ്ഥിതിക്കു കോട്ടം തട്ടാതിരിക്കാന്‍ സമീപ പ്രദേശങ്ങളില്‍ മൂന്നു ലക്ഷത്തോളം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയുണ്ടായി. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയെ പിന്തള്ളി കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി ഇത് മാറും.

---- facebook comment plugin here -----

Latest