Connect with us

Kozhikode

പകര്‍ച്ചവ്യാധികള്‍ പടരുന്നു; ജനം ആശങ്കയില്‍

Published

|

Last Updated

കൊടുവള്ളി: ഗ്രാമങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് ജനങ്ങളില്‍ കടുത്ത ആശങ്കക്കിടയാക്കുന്നു. മടവൂര്‍, കിഴക്കോത്ത് ഗ്രാമ പഞ്ചായത്തുകളിലും കൊടുവള്ളി മുനിസിപ്പാലിറ്റി പരിധിയിലും സമീപ പഞ്ചായത്തുകളിലും പകര്‍ച്ച വ്യാധികള്‍ വ്യാപകമായതായി റിപ്പോര്‍ട്ടുണ്ട്. പ്രധാനമായും മഞ്ഞപ്പിത്തം ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ്, വൈറല്‍ പനി, അഞ്ചാംപനി എന്നിവയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
മടവൂരില്‍ മുട്ടാഞ്ചേരി കരയത്തിങ്ങല്‍ ഭാഗങ്ങളിലാണ് ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചത്. ഇവിടെ ആരോഗ്യ വകുപ്പ് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുകയും സൗജന്യ ഹോമിയോ ഗുളിക വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്.
കിഴക്കോത്ത് സ്വകാര്യ സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത നിരവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപികമാര്‍ക്കും മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആരാമ്പ്രം ഭാഗത്തെ എട്ട് വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. സ്‌കൂളില്‍ നിന്ന് വെള്ളം കുടിച്ച വിദ്യാര്‍ഥികള്‍ക്ക് കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്. സ്‌കൂളിനു സമീപത്തെ ഒരു വീട്ടിലുള്ളവര്‍ക്കും മഞ്ഞപ്പിത്തം പിടിപെട്ടതായി രക്ഷിതാക്കള്‍ പറഞ്ഞു.
അതേ സമയം, വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെതിനെ തുടര്‍ന്ന് സ്‌കൂളില്‍ കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം സാമ്പിളെടുത്ത് പരിശോധനക്ക് അയച്ചതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു
മഞ്ഞപ്പിത്തം ബാധിച്ചവര്‍ പലരും പച്ചമരുന്ന് ചികിത്സ തേടുന്നതിനാല്‍ എത്ര പേര്‍ക്ക് രോഗബാധയുണ്ടെന്ന കണക്ക് ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും ലഭിക്കുന്നില്ല. വാര്‍ഷിക പരീക്ഷ ആസന്നമായ വേളയിലെ രോഗബാധ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിച്ചേക്കുമോ എന്നാശങ്കക്കിടയാക്കിയിട്ടുണ്ട്.
മാത്രമല്ല കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ ചിക്കന്‍പോക്‌സും വ്യാപകമായിട്ടുണ്ട്. സാംക്രമിക രോഗങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ കൂടുതല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
കിഴക്കോത്ത് മഞ്ഞപ്പിത്ത ബാധയുണ്ടായ സ്‌കൂളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ബോധവത്കരണ ക്ലാസ് നടത്തുകയും ചെയ്തു.

Latest