തുര്‍ക്കിയില്‍ രാജ്യ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ജയിലിലടച്ച മാധ്യമ പ്രവര്‍ത്തകര്‍ മോചിതരായി

Posted on: February 27, 2016 10:11 am | Last updated: February 27, 2016 at 10:11 am
SHARE
ജയില്‍ മോചിതരായ കാന്‍ ദുന്തര്‍, ഇര്‍ദം ഗുല്‍
ജയില്‍ മോചിതരായ കാന്‍ ദുന്തര്‍, ഇര്‍ദം ഗുല്‍

അങ്കാറ: രാഷ്ട്രത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ജയിലിലടക്കപ്പെട്ട തുര്‍ക്കി പത്രപ്രവര്‍ത്തകരെ മോചിപ്പിച്ചു. നവംബറില്‍ അറസ്റ്റിലായ കാന്‍ ദുന്തര്‍, ഇര്‍ദം ഗുല്‍ എന്നിവരാണ് ജയില്‍ മോചിതരായത്. കുംഹുറിയത് പത്രത്തിന്റെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ പെട്ടവരാണ് ഇവര്‍. സിറിയയിലെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് തുര്‍ക്കി സര്‍ക്കാര്‍ ആയുധങ്ങള്‍ കയറ്റി അയച്ചുവെന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതാണ് സര്‍ക്കാറിനെ പ്രകോപിപ്പിച്ചത്. സിറിയയില്‍ തുര്‍ക്കി ഇടപെടുന്നുവെന്ന ആരോപണത്തിനിടെ പുറത്തിറങ്ങിയ വാര്‍ത്ത സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. ജയില്‍ മോചിതരായെങ്കിലും ഇവര്‍ക്കെതിരായ വിചാരണ തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇവരുടെ തടങ്കല്‍ അന്യായമാണെന്ന് കാണിച്ച് നല്‍കിയ ഹരജിയില്‍ തുര്‍ക്കിയുടെ ഭരണഘടനാ കോടതി തീര്‍പ്പു കല്‍പ്പിച്ചതോടെയാണ് മോചനത്തിന് വഴിയൊരുങ്ങിയത്. ഇവരെ തടവിലിട്ടത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് കോടതി വിധിച്ചു. എന്നാല്‍ കേസിന്റെ മെറിറ്റിലേക്ക് നീങ്ങുന്നില്ലെന്നും മാര്‍ച്ച് 25ന് ആരംഭിക്കുന്ന വിചാരണക്ക് ശേഷം മാത്രമേ കുറ്റങ്ങളുടെ ന്യായാന്യായങ്ങളിലേക്ക് പോകാനാകൂ എന്നും കോടതി വിധിച്ചു. രാഷ്ട്രത്തിന്റെ രഹസ്യം ചോര്‍ത്തിയെന്ന കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇരുവര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും. കംഹുറിയത് പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫാണ് ദുന്തര്‍. അങ്കാറാ ബ്യൂറോ ചീഫാണ് ഗുല്‍. 92 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഇവര്‍ മോചിതരാകുന്നത്.
ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളതിന് സമാനമായ കുറ്റങ്ങള്‍ അടങ്ങിയ കേസുകളില്‍ കുടുങ്ങി 30ലധികം പത്രപ്രവര്‍ത്തകര്‍ തുര്‍ക്കിയിലെ വിവിധ ജയിലുകളില്‍ ഉണ്ട്. ഭരണഘടനാ കോടതിയുടെ വിധി അവരുടെ കൂടി മോചനത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്ന് ദുന്തര്‍ പറഞ്ഞു.
പത്രസ്വാതന്ത്ര്യത്തിനായി പോരാട്ടം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here