Connect with us

International

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജപ്പാന്‍ ജനസംഖ്യയില്‍ 10 ലക്ഷം ആളുകള്‍ കുറഞ്ഞു

Published

|

Last Updated

ടോക്യോ: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജപ്പാന്‍ ജന സംഖ്യയില്‍ പത്ത് ലക്ഷം ആളുകള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. 2010ലെ സെന്‍സസിനേക്കാള്‍ 9,47000 ആളുകള്‍ കുറവാണ് ഇപ്പോഴെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലെ കണക്ക് പ്രകാരം 127.1 മില്ല്യണ്‍ ആണ് ജപ്പാനിലെ ജനസംഖ്യ. ഇത് മുന്‍ സെന്‍സസിലേക്കാള്‍ 0.7 ശതമാനം കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തലസ്ഥാനമായ ടോക്യോ അടക്കം എട്ട് പ്രദേശങ്ങളില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും ജനസംഖ്യാ വര്‍ധനവ് കണാനായത്. ശേഷിച്ച 39 പ്രദേശങ്ങളിലും ജനസംഖ്യ കുറയുകയാണ്. ആണവ ദുരന്തവും ഭൂമി കുലുക്കവും സുനാമിയുമടക്കം കെടുതി വിതച്ച ഫുക്കുഷിമയിലാണ് ജനസംഖ്യയില്‍ ഏറ്റവും വലിയ കുറവുണ്ടായിട്ടുള്ളത്. 115,000 ആളുകളാണ് ഫുക്കുഷിമയില്‍ കുറഞ്ഞത്.താഴോട്ട് പോകുന്ന ജനന നിരക്കും കുടിയേറ്റമില്ലായ്മയും ചൂണ്ടിക്കാണിച്ച് ജനസംഖ്യയിലെ ഇടിവ് നേരത്തേ തന്നെ വിദഗ്ധര്‍ പ്രവചിച്ചിരുന്നു.
പ്രായമായിക്കൊണ്ടിരിക്കുന്നവരാണ് സ്തംഭനാവസ്ഥയിലായ ജപ്പാന്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് മുതല്‍ കൂട്ടുന്നത്. പൗരന്മാരിലധികവും വൃദ്ധരാവുന്നതോടെ ചികിത്സാ ചെലവുകള്‍ വര്‍ധിക്കുമെന്നതും രാജ്യത്തെ ആധിയിലാഴ്ത്തുന്നുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടില്‍ ജപ്പാന്‍ ജനസംഖ്യയില്‍ മികച്ച വളര്‍ച്ച ഉണ്ടായിരുന്നു. പിന്നീടുള്ള ഒരോ ദശകത്തിലും ഇത് കുറഞ്ഞ് വന്നു. അവസാനത്തെ സെന്‍സസില്‍ രാജ്യത്തെ ജനസംഖ്യാ വളര്‍ച്ച പൂര്‍ണമായും മുരടിച്ചതായി വ്യക്തമായി.
1920 മുതല്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ജപ്പാനില്‍ സെന്‍സസ് നടത്തുന്നുണ്ട്. ഇതാദ്യമായാണ് സെന്‍സസില്‍ ജനസംഖ്യാ ഇടിവ് രേഖപ്പെടുത്തുന്നത്. തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലുള്ള കുറവും പ്രായമായവരുടെ എണ്ണത്തിലുള്ള വര്‍ധനവുമാണ് വരും ദശകങ്ങളില്‍ ജപ്പാനിലുണ്ടാകുകയെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.

Latest