Connect with us

Business

ഐ ടി മേഖലയിലെ സ്വകാര്യ പങ്കാളിത്തം സംസ്ഥാനത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് സഹായകരം: പി കെ കുഞ്ഞാലിക്കുട്ടി

Published

|

Last Updated

മലബാര്‍ ഗ്രൂപ്പ് തൃശൂരില്‍ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കുന്നു

തൃശൂര്‍: വിവര സാങ്കേതിക മേഖലയില്‍ സ്വകാര്യ പങ്കാളിത്തമുണ്ടാകുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാകാന്‍ സഹായിക്കുമെന്ന് വ്യവസായ-ഐ ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.
സ്വര്‍ണ, വജ്ര വ്യാപാര രംഗത്തെ ശക്തമായ സാന്നിധ്യമായ മലബാര്‍ ഗ്രൂപ്പ് 2000 കോടി രൂപ മുതല്‍ മുടക്കില്‍ തൃശൂരില്‍ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബംഗളൂരു, മുംബൈ പോലുള്ള മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ സര്‍ക്കാര്‍ മേഖലയിലുള്ള ഐ ടി കമ്പനികളെക്കാള്‍ കൂടുതല്‍ യുവാക്കള്‍ ജോലിചെയ്യുന്നത് സ്വകാര്യ ഐ ടി കമ്പനികളിലാണ്. മലബാര്‍ ഗ്രൂപ്പിനെ പോലുള്ള സംരംഭകര്‍ ഐ ടി പാര്‍ക്കുകള്‍ തുടങ്ങിയാല്‍ സാമ്പത്തിക രംഗത്ത് കുതിച്ചുചാട്ടമുണ്ടാകും. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകാനും ഇതി വഴിതുറക്കും. മലബാര്‍ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പില്‍ ഐ ടി പാര്‍ക്ക് വരുന്നതോടെ തൃശൂരിലെ വ്യാപാര-സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകും. കര്‍ണാടകയില്‍ ഏറ്റവും വലിയ വരുമാനമുണ്ടാകുന്നത് ഐ ടി മേഖലയില്‍ നിന്നാണ്. കൊച്ചി ഇത്രവേഗം വളര്‍ന്നത് വലിയ ഐ ടി പാര്‍ക്കുകള്‍ ഉള്ളതുകൊണ്ടാണ്. പുതിയ ട്രെന്‍ഡില്‍ ആദ്യത്തെ സ്വകാര്യ സംരംഭമാണ് തൃശൂര്‍ ജില്ലയില്‍ മലബാര്‍ ഗ്രൂപ്പ് തുടങ്ങിയത്.
മലബാര്‍ ഇന്റഗ്രേറ്റഡ് പാര്‍ക്ക് കേരളത്തില്‍ പുതുമയുള്ള സംരംഭമാണെന്ന് മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. നഗരത്തിനുള്ളില്‍ മറ്റൊരു നഗരമാണ് ഈ പദ്ധതിയിലൂടെ വളര്‍ന്നുവരുന്നത്. ഇത്തരം വലിയ സംരഭങ്ങള്‍ വഴി കൂടുതല്‍ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുകയും കേരളത്തിന്റെ വികസനത്തിന് സഹായകരമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ ഐ ടി വികസനത്തിനും സാമ്പത്തിക വളര്‍ച്ചക്കും മലബാര്‍ ഇന്റര്‍ഗ്രേറ്റഡ് ടൗണ്‍ഷിപ്പ് സഹായിക്കുമെന്നും അതിന് എല്ലാ വിജയവും നേരുന്നതായും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. ചടങ്ങില്‍ എം പി. വിന്‍സെന്റ് എം എല്‍ എ അധ്യക്ഷത വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ്, വ്യവസായ ഐ ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍, മലബാര്‍ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ് സി ഇ ഒ. ഗിരീഷ്ബാബു പ്രസംഗിച്ചു. മലബാര്‍ ഹൗസിംഗ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയുടെ ഭാഗമായി ഇതുവരെ 10000 വീടുകള്‍ പണി പൂര്‍ത്തിയാക്കി കൈമാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നിര്‍വഹിച്ചു.
തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിതാ ജയരാജന്‍, തൃശൂര്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ്, ഡി സി സി പ്രസിഡന്റ് ഒ അബ്ദുറഹ്മാന്‍കുട്ടി, സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, പ്രൊഫ. പി സി തോമസ്, ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ് ആലുക്കാസ്, എസ് ബി ടി എം ഡി. ജീവന്‍ ദാസ്, മലബാര്‍ ഗ്രൂപ്പ് കോ-ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി പ്രസംഗിച്ചു. ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് എംഡി. ഷംലാല്‍ അഹമ്മദ്, ഇന്ത്യ ഓപ്പറേഷന്‍സ് എം ഡി. ഒ അഷര്‍, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ പി വീരാന്‍കുട്ടി, എ കെ നിഷാദ്, കോര്‍പറേറ്റ് ഹെഡുമാര്‍, മലബാര്‍ ഡെവലപ്പേഴ്‌സ് ഡയറക്ടര്‍മാര്‍ തുടങ്ങിയവരും സംബന്ധിച്ചു.
രാവിലെ മെഡിക്കല്‍ ക്യാമ്പ് സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ ഇന്റഗ്രേറ്റഡ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന ത്രിദിന പരിപാടികളില്‍ അമൃത സുരേഷ്, വില്യംസ് എന്നിവരുടെ സംഗീതപരിപാടിയും കാലിക്കറ്റ് വി ഫോര്‍ യുവിന്റെ കോമഡിഷോയും അരങ്ങേറി. ഇന്നലെ മുതല്‍ ആരംഭിച്ച ഫുഡ് ഫെസ്റ്റ് 28 വരെ നീണ്ടുനില്‍ക്കും. 28ന് ജോബ് ഫെയര്‍ നടക്കും.

 

Latest