ഏഷ്യാ കപ്പ്: പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം

Posted on: February 27, 2016 10:10 pm | Last updated: February 27, 2016 at 11:43 pm
SHARE

dhoniമിര്‍പുര്‍: മുഹമ്മദ് ആമിറും സമിയും ഇര്‍ഫാനും ശരിക്കും ഇന്ത്യന്‍ ബാറ്റിംഗ് നിരയെ വിറപ്പിച്ചു. പക്ഷേ, വിരാട് കോഹ്‌ലി ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ രക്ഷകനായി. മുഹമ്മദ് ആമിറിന്റെ തീപാറുന്ന പന്തുകള്‍ക്കു മുന്നില്‍ പകച്ചു പോവുകയും എട്ടു റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ വലിച്ചെറിയുകയും ചെയ്ത ഇന്ത്യ, കോഹ്‌ലി മുന്നില്‍നിന്നു പടപൊരുതിയപ്പോള്‍ അഞ്ചു വിക്കറ്റിന് ജയം കരസ്ഥമാക്കി. പതിനാല് റണ്‍സെടുത്ത യുവരാജ് സിംഗ് ഒരറ്റം കാത്തതും ഇന്ത്യക്ക് നിര്‍ണായകമായി. ലക്ഷ്യത്തിന് എട്ടു റണ്‍സ് അകലെയാണ് കോഹ്‌ലി (49) പുറത്തായത്. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു.
84 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കം പാളി. ഫോമിലുള്ള ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയെ നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ രഹാനെ (0) യും പവലിയനില്‍ തിരിച്ചെത്തി. ട്വന്റി20 ഫോര്‍മാറ്റില്‍ രഹാനെ ഒരിക്കല്‍ കൂടി സുവര്‍ണാവസരം തുലച്ചു. ആമിറിനായിരുന്നു ഇരുവരുടെയും വിക്കറ്റ്. തന്റെ രണ്ടാം ഓവറില്‍ റെയ്‌ന (1) യെയും പുറത്താക്കി ആമിര്‍ ഞെട്ടിച്ചു. എന്നാല്‍ കോഹ്‌ലിയും യുവരാജും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സിനെ കരകയറ്റുന്ന കാഴ്ചയായിരുന്നു പിന്നീട്.
ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കോഹ്‌ലി പുറത്തായതിനു പിന്നാലെയെത്തിയ ഹാര്‍ദിക് പാണ്ഡ്യ വന്നപോലെ പോയെങ്കിലും യുവരാജി നൊപ്പം ധോണി യും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചു. സമി രണ്ടു വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞു. ഒപ്പം ഫീല്‍ഡിംഗും നിലവാരത്തിലേക്കുയര്‍ന്നപ്പോള്‍ പാക് സ്‌കോര്‍ 83ല്‍ അവസാനിച്ചു. ഇന്നിംഗ്‌സിന്റെ നാലാം പന്തില്‍ പാക് സ്‌കോര്‍ നാലില്‍ നില്‍ക്കെ പാക്കിസ്ഥാനു ആദ്യ തിരിച്ചടിയേറ്റു.
പ്രായം തളര്‍ത്താത്ത പോരാളി ആശിഷ് നെഹ്‌റയുടെ പന്തില്‍ വിക്കറ്റിനു പിന്നില്‍ ധോണിക്കു പിടികൊടുത്ത് ഓപ്പണര്‍ മുഹമ്മദ് ഹഫീസ് മടങ്ങി. പിന്നെ കൂട്ടത്തകര്‍ച്ചയായിരുന്നു. 52 റണ്‍സെടുക്കുന്നതിനിടെ ഏഴ് പാക് ബാറ്റ്‌സ്മാന്‍മാര്‍ പവലിയനില്‍ തിരിച്ചെത്തി.