കണ്ണൂരില്‍ യു ഡി എഫിന് ഭീഷണിയായി വീണ്ടും പി കെ രാഗേഷ്‌

Posted on: February 27, 2016 6:00 am | Last updated: February 27, 2016 at 12:54 pm
SHARE

pk-rageshകണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ യു ഡി എഫിന് കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷ് വീണ്ടും ഭീഷണിയാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന രാഗേഷിന്റെ പ്രഖ്യാപനമാണ് യു ഡി എഫിനും കോണ്‍ഗ്രസ് നേതൃത്വത്തിനും പുതിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നത്. താന്‍ ഉന്നയിച്ച മര്‍മപ്രധാനമായ ആവശ്യങ്ങളോട് കോണ്‍ഗ്രസ് നേതൃത്വം അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുന്നില്ലെങ്കില്‍ നിയമസഭയിലേക്ക് സ്വതന്ത്രസ്ഥാനാര്‍ഥിയായി ജനവിധി തേടുമെന്ന് പി കെ രാഗേഷ് സിറാജിനോട് പറഞ്ഞു.
അഴീക്കോട് മണ്ഡലത്തില്‍ നിന്നായിരിക്കും നിയമസഭയിലേക്ക് ജനവിധി തേടുകയെന്ന് രാഗേഷ് പറഞ്ഞു. മണ്ഡലത്തില്‍ ഇടതു പിന്തുണയോടെ ജയിച്ചുകയറാന്‍ സാധിക്കുമെന്നാണ് രാഗേഷ് കണക്കുകൂട്ടുന്നത്. കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ കെ സുധാകരന്‍ താത്പര്യം പ്രകടിപ്പിച്ച ഉടനെത്തന്നെയാണ് സ്ഥാനാര്‍ഥിയാകണമെന്ന ആഗ്രഹം രാഗേഷും പങ്ക് വെച്ചിരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം പിടിച്ചെടുക്കുന്ന കാര്യത്തില്‍ കെ പി സി സി നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തിയ രാഗേഷിന്റെ കഴിവ് കണ്ട ഇടതുപക്ഷം നിര്‍ലോഭമായ പിന്തുണയാണ് ഇപ്പോള്‍ അദ്ദേഹത്തിന് വാഗ്ദാനം നല്‍കിയിട്ടുള്ളതെന്ന് അറിയുന്നു.
നിയമസഭയിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ കണ്ണൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി വിജയിച്ച രാഗേഷ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. ഇതാകട്ടെ യു ഡി എഫ് പാളയത്തില്‍ ഇപ്പോള്‍ തന്നെ കനത്ത ആശങ്കക്ക് വഴിമരുന്നിട്ടിട്ടുണ്ട്. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും തന്റെ ആവശ്യങ്ങള്‍ ഇതുവരെ കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി രാഗേഷ് ഇപ്പോഴും വിമതപക്ഷത്ത് നില്‍ക്കുകയാണ്. ആഴ്ചകള്‍ക്ക് മുമ്പ്, രാഗേഷിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ സംരക്ഷണ സമിതി യോഗം ചേര്‍ന്ന് രാഗേഷിന്റെ ആവശ്യങ്ങളോട് കോണ്‍ഗ്രസ് നേതൃത്വം പുറംതിരിഞ്ഞുനില്‍ക്കുകയാണെന്ന ആക്ഷേപമുന്നയിച്ചിരുന്നു. കോര്‍പറേഷനില്‍ പത്തിക്കല്‍ വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന രാഗേഷ് തിളക്കമാര്‍ന്ന വിജയമാണ് നേടിയിരുന്നത്.
രാഗേഷിനെ കോണ്‍ഗ്രസി ല്‍ തിരിച്ചെടുത്തെങ്കിലും പള്ളിക്കുന്നിലെ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ രാഗേഷ് പക്ഷക്കാരെ ഉള്‍പ്പെടുത്തിയിട്ടില്ല. പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയും ചിറക്കല്‍ ബ്ലോക്ക് കമ്മിറ്റിയും പുനഃസംഘടിപ്പിക്കണമെന്നതാണ് രാഗേഷ് ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന്. നേരത്തെയുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ഒരു മാസത്തിനുള്ളില്‍ പുനഃസംഘടന നടത്തുമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്ന് രാഗേഷ് കുറ്റപ്പെടുത്തുന്നു.
ചാലാട് ധര്‍മശാസ്താ ക്ഷേത്ര ഭരണസമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. രാഗേഷിന്റെ ആവശ്യപ്രകാരം ടൗണ്‍ എസ് ഐ സനലിനെയും സഹകരണ ജോയിന്റ് രജിസ്ട്രാര്‍ സുരേന്ദ്രനെയും സ്ഥലംമാറ്റിയത് മാത്രമാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ നടപ്പായ കാര്യങ്ങള്‍. ഇത് മാത്രം അംഗീകരിച്ച് മുന്നോട്ട് പോകാന്‍ സാധ്യമല്ലെന്നാണ് രാഗേഷിന്റെ നിലപാട്. കോണ്‍ഗ്രസിന്റെ ജനരക്ഷായാത്രയോടനുബന്ധിച്ച് നേതാക്കള്‍ തിരക്കിലായതിനാലാണ് പുനഃസംഘടന വൈകുന്നതെന്നും ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്നുമാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
അതേസമയം, ആറ് മാസത്തിനുശേഷം കോര്‍പറേഷനില്‍ മേയര്‍ക്കെതിരെ പി കെ രാഗേഷിന്റെ പിന്തുണയോടെ അവിശ്വാസപ്രമേയം കൊണ്ടുവന്ന് ഭരണം തിരിച്ചുപിടിക്കാനാണ് യു ഡി എഫ് കരുനീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. മേയര്‍ എന്ന നിലയില്‍ ഇ പി ലത പൂര്‍ണ പരാജയമാണെന്നും യു ഡി എഫ് ആരോപിക്കുന്നു. എന്നാല്‍, ഈ നീക്കത്തിന് പുതിയ സാഹചര്യത്തില്‍ രാഗേഷിന്റെ പിന്തുണ ലഭിക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.