Connect with us

Editorial

വിവരാവകാശ കമ്മീഷന്‍ ഉപകാര സ്മരണയോ?

Published

|

Last Updated

വിവരാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനം വിവാദമായിരിക്കുകയാണ്. മാനദണ്ഡങ്ങളെല്ലാം ലംഘിച്ചു കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ പരിഗണിച്ചാണ് നിയമനമെന്ന ആരോപണം ശക്തമാണ്. മാനദണ്ഡ പ്രകാരം പ്രഗത്ഭരായ അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍, ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍, മാനേജ്‌മെന്റ് വിദഗ്ധര്‍, ഭരണരംഗത്ത് കഴിവുതെളിയിച്ച ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് പരിഗണിക്കേണ്ടത്. എന്നാല്‍ ഇത്തരം യോഗ്യതകളൊന്നും പരിഗണിക്കാതെ പാര്‍ട്ടി വീതം വെപ്പിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അംഗങ്ങളെ തിരഞ്ഞടുത്തത്. അപേക്ഷകരില്‍ കഴിവുറ്റ നിരവധി പേര്‍ ഉണ്ടായിട്ടും കക്ഷി രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് മുമ്പില്‍ അവരെല്ലാം തഴയപ്പെടുകയായിരുന്നു. ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ ആരോപണവിധേയനായ മുന്‍ ഡി ജി പി വിന്‍സന്റ് എം പോളാണ് മുഖ്യവിവരാവകാശ കമ്മീഷണര്‍.
മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉള്‍പ്പെടെ ആറ് പേരാണ് സംസ്ഥാന വിവരാവകാശ കമ്മീഷനിലുള്ളത്. നേരത്തെ കമ്മീഷന്‍ അംഗങ്ങളായിരുന്ന കുര്യാക്കോസ് കുമ്പളക്കുഴി, ഗുണവര്‍ധനന്‍, സോണി ബി തെങ്ങമം, വിതുര ശശി എന്നിവര്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചിട്ട് ആറ് മാസത്തോളമായി. മറ്റൊരു അംഗം നടരാജന്‍ ഭൂമിദാനക്കേസിലെ പ്രതിപ്പട്ടികയില്‍ സ്ഥലം പിടിച്ചതോടെ 2012 നവംബര്‍ ഒമ്പത് മുതല്‍ സസ്‌പെന്‍ഷനിലാണ്. മുഖ്യ കമ്മീഷണര്‍ സിബി മാത്യൂസ് മാത്രമാണ് മാസങ്ങളായി അവശേഷിച്ചിരുന്നത്. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന 11,000ത്തിലധികം അപേക്ഷകള്‍ കമ്മീഷന്‍ ആസ്ഥാനത്ത് കെട്ടിക്കിടക്കെ, സ്ഥാനമോഹികളുടെ ആധിക്യം മൂലം ഇക്കാര്യത്തില്‍ വ്യക്തായ ഒരു തീരുമാനമെടുക്കാനാകാതെ നിയമനം സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. പ്രതിമാസം രണ്ടുലക്ഷം രൂപ വേതനവും സര്‍ക്കാര്‍ വക കാറും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന വിവരാവകാശ കമ്മീഷന്‍ പദവിയിലേക്ക് 234 അപേക്ഷകളാണ് വന്നത്. പലരും അധികാരത്തിന്റെ ഉന്നത സ്ഥാനീയര്‍ക്ക് ബന്ധപ്പെട്ടവരും വേണ്ടപ്പെട്ടവരും.
നിയമനത്തിലെ അനാവശ്യമായ കാലതാമസത്തിനെതിരെ സന്നദ്ധസംഘടന ഹൈക്കോടതിയെ സമീപിക്കുകയും ആറാഴ്ചക്കകം ഒഴിവുകള്‍ നികത്തണമെന്ന് നവംബര്‍ 23 ന് ഹൈക്കോടതി ഉത്തരവാകുകയും ചെയ്തതോടയാണ് നിയമന നടപടികള്‍ ആരംഭിച്ചത്. നാനാഭാഗത്ത് നിന്നും സമ്മര്‍ദങ്ങള്‍ വന്നതോടെ തിരഞ്ഞെടുക്കാന്‍ പ്രയാസം നേരിട്ട സര്‍ക്കാര്‍ പിന്നെയും ഒരു മാസത്തെ സമയംകൂടി വാങ്ങി. തുടര്‍ന്ന് ചീഫ് സെക്രട്ടറിയും പൊതുഭരണ വകുപ്പ് സെക്രട്ടറിയും പരിശോധിച്ചു വെട്ടിച്ചുരുക്കിയ പട്ടികയില്‍ നിന്നാണ് പ്രതിപക്ഷ നേതാവിന്റെ വിയോജിപ്പോടെ പുതിയ ആറംഗ പട്ടിക പ്രഖ്യാപിച്ചത്.
വിന്‍സന്റ് എം പോളിനെ മുഖ്യവിവരാവകാശ കമ്മീഷണറാക്കിയ നടപടിയാണ് കൂടുതല്‍ വിമര്‍ശത്തിനിടയാക്കിയത്. “ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ” എന്നാണ് ഇതിന് പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചത്. ബാര്‍ കോഴ സംബന്ധിച്ചുള്ള ആദ്യ വിജിലന്‍സ് റിപ്പോര്‍ട്ട് വിന്‍സന്‍ എം പോള്‍ തള്ളിയത് അദ്ദഹത്തെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബാര്‍ ഉടമ ബിജു രമേശ് മുമ്പേ ആരോപിച്ചിരുന്നു. ഇതിലേക്കാണ് വി എസിന്റെ വിരല്‍ ചൂണ്ടല്‍.
ഈ നൂറ്റാണ്ടിന്റെ വിപ്ലവമെന്നാണ് വിവരാവകാശ നിയമത്തെ വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയില്‍ സുതാര്യത ഉറപ്പാക്കുകയും ഭരണാധികാരികളുടെ കെടുകാര്യസ്ഥത ഉന്മൂലനം ചെയ്യുകയുമാണ് 2005ല്‍ നിലവില്‍ വന്ന നിയമത്തിന്റെ മുഖ്യലക്ഷ്യം. ടുജി അഴിമതി, കല്‍ക്കരി വിവാദം, ഏഷ്യന്‍ ഗെയിംസ് തുടങ്ങി രാജ്യത്തെ ഇളക്കി മറിച്ച വന്‍ അഴിമതികള്‍ പുറംലോകം അറിഞ്ഞത് വിവരാവകാശ നിയമം മൂലമാണെന്നത് ഇതിന്റെ അനിവാര്യതക്ക് അടിവരയിടുകയും ചെയ്യുന്നു. എന്നാല്‍ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നതും ഈ ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത നിലനില്‍ക്കുന്നതും യോഗ്യരായവര്‍ കൈയാളുമ്പോഴാണ്. മുന്നണി രാഷ്ട്രീയത്തില്‍ ഘടകകക്ഷികളുടെ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് വഴങ്ങി അനര്‍ഹരെ തിരുകിക്കയറ്റാനുള്ള വേദിയായി അധഃപതിക്കുകയാണെങ്കില്‍ കേവലം കടലാസ് പുലിയായി അത് അധഃപതിക്കുന്നു. ഈ ജനകീയവകാശം ഇല്ലാതാക്കാനുള്ള ഗൂഢശ്രമങ്ങള്‍ ഒരു ഭാഗത്ത് സജീവമാണ്. രാഷ്ട്രീയ പാര്‍ട്ടികളെ ഇതിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനോട് പ്രമുഖ പാര്‍ട്ടികള്‍ പ്രകടിപ്പിച്ച എതിര്‍പ്പ് ഈ നീക്കത്തിന്റെ ഭാഗമാണ്. ഇതിന്റെ മറ്റൊരു വശം തന്നെയാണ് ഭരണതലപ്പത്തിരിക്കുന്നവരുടെ ഇംഗിതങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നവരെ തിരുകിക്കയറ്റുന്നതും. ഫലത്തില്‍ അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ അത് തകിടം മറിക്കും. രാജ്യത്ത് കൊട്ടിഘോഷത്തോടെ നടപ്പാക്കിയ ഒരു നിയമത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പോഷക സംവിധാനമായി തരംതാഴ്ത്തുന്ന പ്രവണത അനുവദിച്ചു കൂടാത്തതാണ്. ജനാധിപത്യ വിശ്വാസികളും ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു.

---- facebook comment plugin here -----

Latest