വ്യാജരേഖ ചമച്ച് ബാങ്കുകളില്‍ നിന്നും കോടികള്‍ തട്ടി: വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ പോലീസ് കേസെടുത്തു

Posted on: February 26, 2016 8:33 pm | Last updated: February 26, 2016 at 8:33 pm
SHARE

vellappalli thusharമാന്നാര്‍: മൈക്രോ ഫൈനാന്‍സ് യൂനിറ്റിന്റെ പേരില്‍ വ്യാജരേഖ ചമച്ച് ബാങ്കുകളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അടക്കം 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.മൂന്ന് കോടിരൂപക്കുമേല്‍ തുക തട്ടിച്ചെന്ന പരാതിയില്‍ ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് കേസെടുത്തിരിക്കുന്നത്.ചെങ്ങന്നൂര്‍ സ്വദേശിയായ സുനിലിന്റെ പരാതിയിലാണ് ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് കോടതി വെള്ളാപ്പള്ളി നടേശന്‍, മകന്‍ തുഷാര്‍വെള്ളാപ്പള്ളി തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.വെള്ളാപ്പള്ളി ഒന്നാം പ്രതിയും തുഷാര്‍ രണ്ടാം പ്രതിയും ആയ കേസില്‍ എസ് എന്‍ ഡി പി യോഗം ഭാരാവാഹികളായ മറ്റ് 13 പേരെയും പ്രതികളാക്കിയാണ് കഴിഞ്ഞ 17ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാജ രേഖ ചമച്ച് പണം തട്ടുക, വിശ്വാസ വഞ്ചനയിലൂടെ ചതിച്ച് അന്യായ ലാഭം ഉണ്ടാക്കുക, എസ് എന്‍ ഡി പി യൂനിയന് അന്യായമായി നഷ്ടം വരുത്തി വക്കുക തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരെ ആരോപിക്കുന്ന കുറ്റങ്ങള്‍.ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും മണി ലെന്‍ഡേഴ്‌സ് ആക്ടിലെ വകുപ്പുകളുമാണ് എഫ് ഐ ആറില്‍ കുറ്റാരോപിതര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.പരാതിക്കാരന്റേയും ചില സാക്ഷികളുടേയും മൊഴി പൊലീസ് രേഖപ്പെടുത്തി കഴിഞ്ഞു.കൂടുതല്‍ തുകയുടെ തട്ടിപ്പ് നടന്നിട്ടുള്ളതായാണ് സൂചനയെന്ന് കേസില്‍ അന്വേഷണം തുടങ്ങിയ പൊലീസ് പറയുന്നു.വെള്ളാപ്പള്ളിയുടേയും തുഷാര്‍ വെള്ളാപ്പള്ളിയുടേയും മൊഴികള്‍ ഉടന്‍ രേഖപ്പെടുത്തും.ചെങ്ങന്നൂര്‍ എസ് ഐക്കാണ് അന്വേഷണ ചുമതല.യോഗം ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവരെ കൂടാതെ എസ്എന്‍ഡിപി ചെങ്ങന്നൂര്‍ യൂനിയന്‍ സെക്രട്ടറി അനു സി സേനന്‍, പ്രസിഡന്റ് കെ സന്തോഷ്‌കുമാര്‍, മൈക്രോ ഫിനാന്‍സ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററും കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറിയുമായ കെ കെ മഹേശന്‍, ചെങ്ങന്നൂര്‍ യൂനിയന്‍ നേതാക്കളായ എം കെ രാജേഷ്, എസ് വി ശ്രീകുമാര്‍, സുജിത്ത് ബാബു, എം എന്‍ ഭാസുരാംഗന്‍, ടി സി ഗോപാലകൃഷ്ണന്‍ പി സി ശ്രീനിവാസന്‍, യൂനിയന്‍ ബാങ്ക് കോഴഞ്ചരി ബ്രാഞ്ച് മാനേജര്‍, എസ്എന്‍ഡിപി ചെങ്ങന്നൂര്‍ യൂനിയന്‍ ഹെഡ് അക്കൗണ്ട് ജീവനക്കാരായ എം ആര്‍ രമ്യ, അര്‍ച്ചന ശ്രീജേഷ് എന്നിവര്‍ക്കെതിരെ ഗൂഡാലോചന നടത്തി കൃത്രിമ രേഖ ചമച്ച് പണം തട്ടിയെടുക്കുന്നതിന് ക്രൈം നമ്പര്‍ 466 പ്രകാരം വഞ്ചനാകുറ്റത്തിനാണ് ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തത്.2011 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ യൂനിയന്‍ ബാങ്കില്‍ നിന്നും വ്യാജരേഖ ചമച്ച് മൂന്ന് കോടിയോളം തട്ടിയെടുത്തതാണ് കേസ്.ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് വള്ളിയില്‍ വീട്ടില്‍ സുനില്‍ വള്ളിയില്‍ ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.എസ്എന്‍ഡിപി യോഗം ബാങ്കുകള്‍ക്ക് നല്‍കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ വ്യാജ പേരും മേല്‍വിലാസവും എഴുതിചേര്‍ത്ത് മൈക്രോഫൈനാന്‍സ് ഗ്രൂപ്പ് രൂപവത്കരിച്ചശേഷം ബാങ്കില്‍ നിന്നും പണം തട്ടിയെടുത്ത് സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുകയും എസ്എന്‍ഡിപി ചെങ്ങന്നൂര്‍ യൂനിയന്‍ ഓഫീസ് നവീകരണം നടത്തുകയും ചെയ്യുകയുമായിരുന്നു.യഥാര്‍ഥ മൈക്രോ ഫിനാന്‍സ് യൂനിയന്റെ പേരില്‍ ബാങ്കില്‍ നിന്നും 4% മുതല്‍ 8% വരെ വാര്‍ഷിക പലിശക്ക് ലഭിക്കുന്ന പണം. 8% മുതല്‍ 24% വരെ പലിശ മൈക്രോ ഫൈനാന്‍സ് യൂനിറ്റിന് നല്‍കിയും പണം തട്ടിയെടുത്തതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.വ്യാജ രേഖ ചമച്ച് പണം തട്ടിയെടുത്ത സംഭവത്തെക്കുറിച്ച് ഒരുവര്‍ഷം നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്നാണ് കേസ്സെടുത്തത്. സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗം മൈക്രോഫിനാന്‍സ് ഗ്രൂപ്പ് രൂപവത്കരിച്ച് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ എടുത്തു നല്‍കിവന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതി ഉയരുകയും ഇതിനെതിരെ എസ്എന്‍ഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശനടക്കം പരസ്യമായി രംഗത്തുവരികയും മൈക്രോ ഫൈനാന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്നു ആവര്‍ത്തിച്ചു പറയുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് മൈക്രോഫൈനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയടക്കം 15 പേര്‍ക്കെതിരെ ചെങ്ങന്നൂര്‍ പോലീസ് എഫ്‌ഐആര്‍ ഇട്ട് കേസ്സെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here