Connect with us

Gulf

ആടുമാടുകളുടെ സൗന്ദര്യം കാണാന്‍ കതാറയില്‍ സന്ദര്‍ശകരുടെ തിരക്ക്

Published

|

Last Updated

ദോഹ: രാജ്യത്തിന്റെ സംസ്‌കാരിക പൈതൃകങ്ങള്‍ അറിയാനുള്ള സന്ദര്‍ശകരുടെ തിരക്കില്‍ കതാറ വില്ലേജിലെ ഹലാല്‍ ഖത്വര്‍ പരിപാടികള്‍. ആടുകളുടെ സൗന്ദര്യ മത്സരം, കന്നുകാലികളുടെ ലേലം, അര്‍ദ നൃത്തം തുടങ്ങിയവ ഉള്‍പ്പെടുന്ന 10 ദിവസത്തെ മേളക്ക് കഴിഞ്ഞ മുന്‍ വര്‍ഷത്തെ റെക്കോര്‍ഡ് മറികടക്കുന്ന സന്ദര്‍ശകരാണ് ഈ വര്‍ഷം എത്തുന്നതെന്ന് ഫെസ്റ്റിവല്‍ സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഖത്വറിനു പുറമേ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും പ്രദര്‍ശകരുണ്ട്. സന്ദര്‍ശകരായി വിദേശികളുള്‍പ്പെടെ ആയിരങ്ങളെത്തുന്നു.
5,000 മുതല്‍ ലക്ഷം റിയാല്‍ വരെയുള്ള സമ്മാനങ്ങള്‍ക്കായാണ് ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മേളയിലെ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഫെബ്രുവരി 28വരെ നീളുന്ന ഹലാല്‍ ഫെസ്റ്റിവലില്‍ ഖത്വറിന്റെ കാര്‍ഷിക ചരിത്രം അറിയിക്കുന്ന നിരവധി പ്രദര്‍ശനങ്ങളുണ്ട്. മത്സരങ്ങള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും പുറമേ സുഗന്ധ വ്യഞ്ജനങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, അബായ, തേന്‍, അറബിക് കഹ്‌വ, വാളുകള്‍, ഈത്തപ്പഴം, പാലുത്പന്നങ്ങള്‍, മധുര പലഹാരങ്ങള്‍, ഒലീവെണ്ണ തുടങ്ങിയവ വില്‍ക്കുന്ന സ്റ്റാളുകളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. കുതിരപ്പുറത്തും ഒട്ടകപ്പുറത്തുമുള്ള സവാരിയാണ് കുട്ടികള്‍ക്കായി ഒരുക്കിയ പ്രധാന ഇനം. അല്‍ ശമാലിലെ അല്‍ ഖുബൈസി റിസര്‍വില്‍ നിന്നെത്തിച്ച ഒറിക്‌സ്(പ്രത്യേക തരം മാന്‍), ഫാല്‍ക്കണുകള്‍, മറ്റ് പക്ഷികളും മൃഗങ്ങളും തുടങ്ങിയവയെ അടുത്ത് കാണാനും ഇവിടെ അവസരമുണ്ട്. രാവിലെ ഒമ്പതു മുതല്‍ ഉച്ച വരെയും വൈകുന്നേരം മൂന്നു മുതല്‍ രാത്രി 10 വരെയുമാണ് പ്രദര്‍ശനം.