ലാഭരഹിത സ്ഥാപനങ്ങള്‍ തുടങ്ങാന്‍ വിദേശികള്‍ക്ക് അനുമതി

Posted on: February 26, 2016 6:33 pm | Last updated: February 26, 2016 at 6:33 pm
SHARE

ദോഹ: പൊതുസേവനാര്‍ഥം ലാഭരഹിതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനം തുടങ്ങാന്‍ വിദേശികള്‍ക്ക് അനുവാദം നല്‍കുന്ന കരടുനിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിയമം അനുസരിച്ച് പൊതുതാത്പര്യാര്‍ഥം ഒറ്റക്കോ കൂട്ടായോ സ്വകാര്യ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് തദ്ദേശീയര്‍ക്ക് മന്ത്രിസഭയുടെ പ്രത്യേക അനുമതി ആവശ്യമില്ല. അത്തരം സ്ഥാപനത്തിന് കുറഞ്ഞത് 20 ലക്ഷം ഖത്വര്‍ റിയാല്‍ മൂലധനവും കാര്യങ്ങള്‍ നിയന്ത്രിക്കുന്ന പ്രധാന ഓഫീസും വേണം.
എന്‍ ജി ഒകള്‍, ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍ മുതലായവയാണ് പൊതുതാത്പര്യാര്‍ഥമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ലാഭം ലക്ഷ്യമാക്കാതെ പൊതുജനങ്ങളുടെ നന്മക്ക് വേണ്ടി ഒന്നോ അതിലധികം പേരുടെ നേതൃത്വത്തില്‍ സ്ഥാപിക്കുന്നതാകണം ഇത്തരം സ്ഥാപനങ്ങള്‍. വിദേശികള്‍ക്ക് ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ മന്ത്രിസഭയുടെ പ്രത്യേക അനുമതി വേണം. ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ സ്വത്ത് വെളിപ്പെടുത്തുകയും വേണം.
സമ്മേളനങ്ങളും മറ്റ് പരിപാടികളും സംഘടിപ്പിക്കുന്നതിന് ഏകോപനം നടത്താന്‍ സര്‍ക്കാര്‍തല കമ്മിറ്റിയെ രൂപവത്കരിക്കുന്നതിനുള്ള മന്ത്രിസഭാ പ്രമേയം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. സമ്മേളനങ്ങളും ഉത്സവങ്ങളും യോഗങ്ങളും പ്രദര്‍ശനങ്ങളും മറ്റും സംഘടിപ്പിക്കുന്നതിന് വാര്‍ഷിക സമയക്രമം തയ്യാറാക്കാനും മറ്റുമായി ബന്ധപ്പെട്ട അധികൃതരുമായി സമിതി ഏകോപനം നടത്തും. ഗതാഗത മന്ത്രാലയത്തില്‍ ടെന്‍ഡര്‍, ലേല കമ്മിറ്റി രൂപവത്കരിക്കാനുള്ള തീരുമാനവും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.