Connect with us

Gulf

ശക്തമായ പാസ്‌പോര്‍ട്ട്: മേഖലയില്‍ ഖത്വര്‍ മൂന്നാമത്‌

Published

|

Last Updated

ദോഹ: മിന മേഖലയിലെ ശക്തമായ പാസ്‌പോര്‍ട്ട് ഉള്ള മൂന്നാമത്തെ രാഷ്ട്രമായി ഖത്വര്‍. പൗരന്‍മാര്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാന്‍ സാധിക്കുന്നത് അടിസ്ഥാനമാക്കി ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ വാര്‍ഷിക വിസ റെസ്ട്രിക്ഷന്‍സ് ഇന്‍ഡക്‌സ് അനുസരിച്ചാണിത്. മേഖലയില്‍ ഖത്വറിന് മുമ്പിലുള്ളത് യു എ ഇയും കുവൈത്തുമാണ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സൂചികയില്‍ ഖത്വറിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഖത്വറിന് ആറ് പോയിന്റ് ആണ് മെച്ചപ്പെട്ടത്. 60ാം റാങ്ക് ആണ് ഖത്വറിന്റെത്. കഴിഞ്ഞ വര്‍ഷം ഇത് 66 ആയിരുന്നു. 2012ല്‍ 67ഉം 2013ല്‍ 57ഉം 2014ല്‍ 56ഉം ആയിരുന്നു. ഖത്വര്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് 79 രാഷ്ട്രങ്ങളിലേക്ക് വിസയില്ലാതെ യാത്ര പോകാം. സൂചികയില്‍ ജി സി സി രാഷ്ട്രങ്ങള്‍ എല്ലാം നില മെച്ചപ്പെടുത്തിയിട്ടുണ്ട്. കുവൈത്തികള്‍ക്ക് 82 രാഷ്ട്രങ്ങളിലേക്ക് വിസ വേണ്ട. ബഹ്‌റൈന്‍, ഒമാന്‍, സഊദി അറേബ്യ എന്നിവയുടെ സ്ഥാനം യഥാക്രമം 73, 71, 69 എന്നിങ്ങനെയാണ്.
മിന മേഖലയില്‍ യു എ ഇയാണ് ഒന്നാമത്. ആഗോളതലത്തില്‍ 38 ാം റാങ്ക് ആണ് യു എ ഇയുടെത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് യു എ ഇക്ക് രണ്ട് പോയിന്റ് വര്‍ധിച്ചു. 122 രാഷ്ട്രങ്ങളിലേക്ക് യു എ ഇ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂനിയനുമായി ഉണ്ടാക്കിയ കരാര്‍ യു എ ഇക്ക് ഏറെ പ്രയോജനകരമായിട്ടുണ്ട്. ഇതുപ്രകാരം 36 രാഷ്ട്രങ്ങളിലേക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം യു എ ഇ പൗരന്‍മാര്‍ക്ക് ലഭിച്ചു. യൂറോപ്യന്‍ വിസക്ക് ഇളവ് ലഭിച്ച ആദ്യ അറബ് രാഷ്ട്രവും യു എ ഇയാണ്.
ജര്‍മനിയാണ് സൂചികയില്‍ ഒന്നാമത്. 177 രാഷ്ട്രങ്ങളിലേക്ക് ജര്‍മന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് വിസയില്ലാതെ പോകാം. രണ്ടാം സ്ഥാനത്തുള്ളവര്‍ക്ക് സ്വീഡന് 176 രാഷ്ട്രങ്ങളുമായി വിസ ഓണ്‍ അറൈവല്‍ കരാറുണ്ട്. ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ബ്രിട്ടന്‍ എന്നിവയാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ സ്ഥാനം 85 ആണ്. മറ്റ് രാഷ്ട്രങ്ങളുമായി ബന്ധമാണ് വിസ ഓണ്‍ അറൈവലില്‍ പ്രതിഫലിക്കുന്നത്.