സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഡല്‍ഹി കോടതിയുടെ ഉത്തരവ്

Posted on: February 26, 2016 5:51 pm | Last updated: February 27, 2016 at 9:19 am
SHARE

oommen chandyന്യൂഡല്‍ഹി: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം നടത്താന്‍ ഡല്‍ഹി തീസ് ഹസാരി കോടതി ഉത്തരവിട്ടു. ഡല്‍ഹിയില്‍വെച്ച് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി സഹായി തോമസ് കുരുവിളയുടെ കൈവശം 1.10 കോടി രൂപ നല്‍കിയെന്ന് സരിത നായര്‍ സോളാര്‍ കമ്മീഷനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മാര്‍ച്ച് 31നകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവിലുണ്ട്.

2012 ഡിസംബര്‍ 27ന് ന്യൂഡല്‍ഹിയിലെ ചാന്ദ്‌നിചൌക്കിലെ മാളിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചാണ് തോമസ് കുരുവിളക്ക് 1.10 കോടി രൂപ കൈമാറിയതെന്നാണ് സരിത മൊഴി നല്‍കിയത്. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ച് ഉറപ്പിച്ച ശേഷമാണ് കുരുവിളയ്ക്ക് പണം കൈമാറിയതെന്ന് സരിത പറഞ്ഞിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിയമം എന്നിവയിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സഹായി തോമസ് കുരുവിള, സരിത എസ്. നായര്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം.

ഇതേകുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംഘടനയായ നവോദയത്തിന്റെ ഭാരവാഹി ഷൈന്‍ ശശിധര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പൊലീസിന് നല്‍കിയ പരാതിയില്‍ നടപടി ഇല്ലാതായതോടെ കോടതിയെ സമീപിക്കുകയായിരുന്നു.