ദുര്‍ഗാദേവി വിവാദം: രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

Posted on: February 26, 2016 1:52 pm | Last updated: February 27, 2016 at 12:47 am
SHARE

smrithi iraniന്യൂഡല്‍ഹി: ദുര്‍ഗാദേവിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാപ്പുപറയണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷം നടപടികള്‍ തടസപ്പെടുത്തി. രാജ്യസഭയില്‍ മന്ത്രിക്കെതിരേ കടുത്ത പ്രതിഷേധമാണ് അരങ്ങേറിയത്. മന്ത്രിയുടെ പ്രസ്താവന ദൈവ നിന്ദയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

എന്നാല്‍ താന്‍ ജെഎന്‍യു സര്‍വകലാശാലയില്‍ പ്രചരിച്ച നോട്ടീസിലെ ഉള്ളടക്കം സഭയെ അറിയിക്കുകയായിരുന്നുവെന്നും മാപ്പ് പറയില്ലെന്നും സ്മൃതി നിലപാട് സ്വീകരിച്ചു. താന്‍ ദുര്‍ഗ ദേവിയെ ആരാധിക്കുന്ന വ്യക്തിയാണ്. താന്‍ സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ ജെഎന്‍യുവില്‍ പ്രചരിപ്പിച്ച കാര്യങ്ങളാണെന്നും ബിജെപി സര്‍ക്കാരിന്റെ നിലപാട് അല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ നിലപാടിനെതിരേ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ അംഗങ്ങളും ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റ് ബഹളം വച്ചു. അധ്യക്ഷന്‍ പി.ജെ.കുര്യന്‍ പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. രാജ്യസഭയില്‍ ജെ.എന്‍.യു വിഷയം സംബന്ധിച്ച ചര്‍ച്ച നടന്നപ്പോഴാണ് ദുര്‍ഗാദേവിയെയും മഹിഷാസുരനെയും കുറിച്ചുള്ള വിവാദപരാമര്‍ശമുണ്ടായത്. ജെ.എന്‍.യുവിലെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ദുര്‍ഗാദേവിയെ അപമാനിക്കുന്ന തരത്തിലുള്ള ലഘുലേഖ പുറത്തിറക്കിയിരുന്നു. മഹിഷാസുരനെ ദലിതരുടെ നേതാവായും ദുര്‍ഗയെ മഹിഷാസുരനെ വഞ്ചിച്ചുകൊന്ന മോശം സ്ത്രീയുമായാണ് ഇതില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഈ ലഘുലേഖയിലെ ചില പരാമര്‍ശങ്ങള്‍ സ്മൃതി ഇറാനി സഭയില്‍ വായിച്ചതാണ് വിവാദത്തിന് കാരണമായത്. ജെ.എന്‍.യുവില്‍ മഹിഷാസുര രക്തസാക്ഷി ദിനാചരണം നടന്നതായും സ്മൃതി പറഞ്ഞു.

അതേസമയം, 2013ല്‍ ജെ.എന്‍.യുവില്‍ നടന്ന മഹിഷാസുര ദിനത്തില്‍ താനും പങ്കെടുത്തിരുന്നുവെന്ന് ബി.ജെ.പി എം.പി ഉദിത് മഹാരാജ് വ്യക്തമാക്കി. മഹിഷാസുരനെ രക്തസാക്ഷിയായാണ് താന്‍ കാണുന്നത്. ഡോക്ടര്‍ ബി.ആര്‍ അംബേദ്കറും ഇതേ അഭിപ്രായക്കാരനായിരുന്നു. പരിപാടിയില്‍ പങ്കെടുത്ത വേളയില്‍ താന്‍ ബി.ജെ.പി അംഗമായിരുന്നില്ലെന്നും ഉദിത് എ.ബി.പി ന്യൂസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here