Connect with us

Ongoing News

മെസിയുടെ 'വലിയ' ആരാധകന് സ്വപ്നസാഫല്യം

Published

|

Last Updated

മെസി നല്‍കിയ ജഴ്‌സിയില്‍

ലണ്ടന്‍: ഫുട്‌ബോളിലെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഏറ്റവും വലിയ ആരാധകന്‍ എന്ന നിലയില്‍ സോഷ്യല്‍മീഡിയയില്‍ താരമായ അഞ്ച് വയസുകാരന്‍ മുര്‍തസ അഹ്മാദിക്ക് സ്വപ്‌നസാഫല്യം. അതേ, സാക്ഷാല്‍ മെസിയുടെ സ്‌നേഹസന്ദേശവും കൈയ്യൊപ്പും പതിഞ്ഞ അര്‍ജന്റൈന്‍ ജഴ്‌സി മുര്‍തസയെ തേടിയെത്തി.


ഐക്യരാഷ്ട്രസഭയുടെ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യൂനിസെഫിന്റെ അഫ്ഗാന്‍ ശാഖ മുഖാന്തിരമാണ് ജഴ്‌സി മുര്‍തസയിലെത്തിയത്. മെസി യൂനിസെഫിന്റെ ബ്രാന്‍ഡ് അംബാസഡറാണ്.
പ്ലാസ്റ്റിക് കവര്‍ കൊണ്ട് രൂപകല്പന ചെയ്ത മെസിയുടെ അര്‍ജന്റൈന്‍ ജഴ്‌സിയണിഞ്ഞ മുര്‍തസയുടെ ചിത്രം കഴിഞ്ഞ മാസമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ആഗോള മാധ്യമങ്ങള്‍ ഇതേറ്റെടുത്തു. മെസിയുടെ ഏറ്റവും വലിയ ആരാധകന്‍ എന്ന വിശേഷണം മുര്‍തസക്ക് ചാര്‍ത്തിക്കൊടുത്തായിരുന്നു ഇത്.
സംഭവം മെസിയുടെ ശ്രദ്ധയിലെത്തി. ഈ ബാലന്‍ ഏതു രാജ്യക്കാരനാണെന്നത് വ്യക്തമല്ലായിരുന്നു.
ഇറാഖിലെ കുര്‍ദ് മേഖലയില്‍ നിന്നുള്ള ഫോട്ടായാണെന്നായിരുന്നു ഓണ്‍ലൈനിലെ അഭ്യൂഹം. എന്നാല്‍, ആസ്‌ത്രേലിയയില്‍ ജീവിക്കുന്ന മുര്‍തസയുടെ അമ്മാവന്‍ അസിം അഹ്മദിയാണ് ലോകം കാത്തിരുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
അഞ്ച് വയസുള്ള അഫ്ഗാനിസ്ഥാന്‍ ബാലനെ കണ്ടെത്തല്‍ സോഷ്യല്‍മീഡിയയെ പോലെ മെസിയുടെയും ആവശ്യകതയായി. തന്റെ വലിയ ആരാധകന് യഥാര്‍ഥ അര്‍ജന്റൈന്‍ ജഴ്‌സിയെത്തിക്കാന്‍ മെസി യൂനിസെഫിനെ കൂട്ടുപിടിച്ചു.


മെസിയുടെ യഥാര്‍ഥ ജഴ്‌സി വാങ്ങിനല്‍കാന്‍ കാശില്ലാത്തതു കൊണ്ടാണ് മുര്‍തസയുടെ പിതാവ് ആരിഫ് അഹ്മാദി പ്ലാസ്റ്റിഗ് ബാഗ് കൊണ്ടുള്ള ജഴ്‌സി തയ്യാറാക്കി നല്‍കിയത്.