Connect with us

Ongoing News

ഫിഫ: പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

Published

|

Last Updated

സൂറിച്: അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയില്‍ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അഴിമതി ആരോപണത്തില്‍ മുങ്ങിയ ഫിഫയുടെ പുതിയ അമരക്കാരനാകാന്‍ അഞ്ച് പേരാണ് പ്രധാനമായും രംഗത്തുള്ളത്. യുവേഫ ജനറല്‍ സെക്രട്ടറി ജിയാനി ഇന്‍ഫാന്റിനോ, ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ഷെയ്ക് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ, പശ്ചിമേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ഥാപക പ്രസിഡന്റ് അലി ബിന്‍ അല്‍ ഹുസൈന്‍ രാജകുമാരന്‍, സെപ്ബ്ലാറ്ററുടെ മുന്‍ ഉപദേശകന്‍ ജെറോം ഷാപെയ്ന്‍, വ്യവസായിയും വര്‍ണവിവേചനത്തിനെതിരെ പൊരുതുന്ന വ്യക്തിയുമായ ടോക്യോ സെസ്‌വാലെ എന്നിവരാണ് മത്സരാര്‍ഥികള്‍.

ഫിഫയിലെ 207 അംഗരാജ്യങ്ങളിലെ പ്രതിനിധികളാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുക. മൊത്തം രേഖപ്പെടുത്തിയ വോട്ടിംഗില്‍ മൂന്നില്‍ രണ്ട് ഭാഗം വോട്ട് ലഭിച്ചാല്‍ ആദ്യ റൗണ്ടില്‍ തന്നെ വിജയിയെ നിശ്ചയിക്കാന്‍ സാധിക്കും. ഭൂരിപക്ഷമില്ലാതെ വന്നാല്‍, രണ്ടാം റൗണ്ട് വോട്ടിംഗിലേക്ക് പോകും. മൂന്നാം റൗണ്ടിലേക്ക് പോകേണ്ട അവസ്ഥയുണ്ടായാല്‍ ആദ്യ രണ്ട് റൗണ്ടുകളിലും ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ച മത്സരാര്‍ഥി പുറത്താകും.
പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടിംഗിന് മുമ്പായി പതിനഞ്ച് മിനുട്ട് നേരം ഫിഫയിലെ മുഴുവന്‍ പ്രതിനിധികളെയും അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ അവസരമുണ്ടാകും. ഓരോ സ്ഥാനാര്‍ഥിയും ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി വോട്ടഭ്യര്‍ഥിക്കുന്ന വേളയാണിത്.
സെപ്ബ്ലാറ്ററുമായുള്ള പണമിടപാടില്‍ കുടുങ്ങി യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റീനിയുടെ ഫിഫ പ്രസിഡന്റ് മോഹം പൊലിഞ്ഞതോടെയാണ് യുവേഫ ജനറല്‍ സെക്രട്ടറിയായ ജിയാനി ഇന്‍ഫാന്റിനോയെ യൂറോപ്യന്‍ സംഘടന രംഗത്തിറക്കിയത്. നാല്‍പത് രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തി ലോകകപ്പ് ഫുട്‌ബോള്‍ വിപുലപ്പെടുത്തുമെന്നതാണ് പ്രധാന വാഗ്ദാനം.
എ എഫ് സിയുടെ തലപ്പത്തുള്ള ബഹ്‌റൈനിയായ ഷെയ്ക് അല്‍-ഖലീഫ ഫിഫയെ രണ്ടായി വിഭജിച്ച് പ്രവര്‍ത്തനം വിപുലപ്പെടുത്തുമെന്നാണ് വാഗ്ദത്തം ചെയ്യുന്നത്. ഒന്ന് വാണിജ്യാടിസ്ഥാനത്തിലും രണ്ടാമത്തേത് ഫുട്‌ബോള്‍ പ്രവര്‍ത്തനങ്ങള്‍ക്കായും.
ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ ഹുസൈന്‍ ആഗോളതലത്തില്‍ ഫുട്‌ബോളിന്റെ ഉയര്‍ച്ചക്കായി വിപുലമായ പദ്ധതികള്‍ ആവീഷ്‌കരിക്കുമെന്ന് പറയുന്നു. ഫ്രഞ്ചുകാരനായ ജെറോം ഷാംപെയ്ന്‍ ദേശീയ ഫെഡറേഷനുകളേയും ലീഗ് ചാമ്പ്യന്‍ഷിപ്പുകളെയും ക്ലബ്ബുകളെയും ഫിഫയോട് കൂട്ടിപ്പിടിച്ച് മുന്നോട്ടു കൊണ്ടുപോകുന്നത് ശക്തമാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
ആഫ്രിക്കക്കാരനായ ടോക്യോ സെസ്‌വാലെ ഫിഫയിലെ അംഗങ്ങള്‍ക്കിടയിലെ വലുപ്പച്ചെറുപ്പം കുറയ്ക്കാന്‍ മുന്‍കൈയ്യെടുക്കും.

Latest