ഡല്‍ഹിയിലെ 50 ശതമാനം പീഡനങ്ങള്‍ക്കും കാരണം ജെഎന്‍യു വിദ്യാര്‍ഥികള്‍:അഹൂജ

Posted on: February 26, 2016 11:43 am | Last updated: February 26, 2016 at 5:59 pm

gyan dev ahujaന്യൂഡല്‍ഹി:ജെഎന്‍യു വിദ്യാര്‍ഥികളെ അപമാനിച്ച രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. ഡല്‍ഹിയിലുണ്ടാകുന്ന 50 ശതമാനം പീഡനങ്ങളും സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളും നടത്തുന്നത് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണെന്ന് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ എം.എല്‍.എ ജ്ഞാനദേവ് അഹൂജ. ഡല്‍ഹി വനിത കമ്മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജെ.എന്‍.യു കാമ്പസ് ലൈംഗികതയുടെയും മയക്കുമരുന്നിന്റെയും കേന്ദ്രമാണെന്ന് അഹൂജ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. കാമ്പസില്‍ നടക്കുന്ന അവിഹിത ബന്ധങ്ങള്‍ക്ക് തെളിവായി 10000 ലേറെ സിഗരറ്റ് കുറ്റികള്‍, 4000 ബീഡിയുടെ അവശിഷ്ടങ്ങള്‍, ചെറുതും വലുതുമായ 50000 എല്ലിന്‍ കഷ്ണങ്ങള്‍, ഭക്ഷണ അവശിഷ്ടങ്ങളുടെ 2000 കവറുകള്‍, ഉപയോഗിച്ച 3000 ഗര്‍ഭ നിരോധന ഉറകള്‍ എന്നിവ കണ്ടത്തെിയെന്നും എം.എല്‍.എ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥികള്‍ രാത്രി എട്ടു മണിക്ക് ശേഷമാണ് കാമ്പസില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത്. അവരാരും കുട്ടികളല്ല. സമരം ചെയ്യുന്നതിനായി രക്ഷിതാക്കള്‍ അവരുടെ ഇഷ്ടാനുസരണം പറഞ്ഞയക്കുകയാണ്. വിദ്യാര്‍ഥികള്‍ രാത്രി അശ്ലീല നൃത്തം ചെയ്യുകയാണെന്നും ഇയാള്‍ പറഞ്ഞിരുന്നു.

എം.എല്‍.എയുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ശക്തമാണ്. ഗ്യാന്‍ ദേവ് അഹൂജ വനിതാ നര്‍ത്തകികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രാജസ്ഥാനിലെ ചില ബിജെപി നേതാക്കള്‍ക്കൊപ്പം അഹൂജ, വനിതകള്‍ക്കൊപ്പം നൃത്തം ചെയ്യുകയും പണം വിതറുകയും ചെയ്യുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്