മെമു ഉപയോഗിച്ച് സബര്‍ബന്‍ സര്‍വീസ്

Posted on: February 26, 2016 11:02 am | Last updated: February 26, 2016 at 11:02 am
SHARE

MEMUന്യൂഡല്‍ഹി:പുതിയ പാത പ്രായോഗികമല്ലാത്തതിനാല്‍ കേരളത്തിന് അനുവദിച്ച സബര്‍ബര്‍ സര്‍വീസ്, മെമു ട്രെയിനുകള്‍ ഉപയോഗിച്ച് നടത്താന്‍ ആലോചന. ചെന്നൈ, മുംബൈ നഗരങ്ങളിലെ പോലെ സബര്‍ബന്‍ സര്‍വീസിനായി പ്രത്യേകമായി പാത നിര്‍മിക്കുന്നത് കേരളത്തില്‍ പ്രായോഗികമല്ലാത്തതിനാല്‍ നിലവിലുള്ള ഇരട്ടപ്പാതയില്‍ ഓട്ടോമാറ്റിക് സിഗ്‌നലിംഗ് സംവിധാനം ഏര്‍പ്പെടുത്തി മെമു ട്രെയിനുകള്‍ ഓടിക്കാനാണ് ആലോചിക്കുന്നത്. പുതിയ സിഗ്നലിംഗ് (ഓട്ടോമാറ്റിക് ബ്ലോക് സിംഗ്‌നലിംഗ് വിത്ത് ട്രെയിന്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് വാണിംഗ് സിസ്റ്റം) വരുന്നതോടെ നിലവില്‍ 70- 75 ട്രെയിനുകള്‍ സര്‍വീസ് നത്തുന്ന ഈ റൂട്ടുകളില്‍ 144 സര്‍വീസുകള്‍ വരെ നടത്താനാകും. ഒപ്പം ഒരു പാതയില്‍ ഒരേ ദിശയില്‍ ഓടുന്ന രണ്ടും ട്രെയിനുകളുടെ ദൂരം പത്ത് കിലോമീറ്ററില്‍ നിന്ന് ഒരു കിലോമീറ്ററായി ചുരുങ്ങും.
പടികളില്ലാത്ത മെമു ട്രെയിനുകള്‍ക്കായി പല സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോം ഉയര്‍ത്തേണ്ടിവരുമെന്നതാണ് വെല്ലുവിളി. എന്നാല്‍, ഇപ്പോള്‍ കേരളത്തിലോടുന്ന മെമു ട്രെയിനുകള്‍ കൊണ്ടുതന്നെ സബര്‍ബന്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമോയെന്നും ആലോചനയുണ്ട്. മെട്രോ നഗരങ്ങളിലെ പോലെ അഞ്ച്, പത്ത് മിനുട്ടുകള്‍ ഇടവേളയില്‍ ട്രെയിന്‍ ഓടിക്കണമെങ്കില്‍ ഇപ്പോഴുള്ള ദീര്‍ഘദൂര ട്രെയിനുകളുടെ ചെറിയ സ്റ്റേഷനുകളിലെ സ്‌റ്റോപ്പുകള്‍ ഒഴിവാക്കേണ്ടി വരും. എന്നാല്‍, നിലവിലുള്ള ട്രെയിനുകളുടെ തിരക്കു കണക്കിലെടുത്താല്‍ സര്‍വീസുകള്‍ക്കിടയില്‍ മിനുട്ടുകള്‍ ഇടവിട്ട് സബര്‍ബന്‍ ട്രെയിനോടിക്കാന്‍ കഴിയില്ലെങ്കിലും 20 മിനുട്ടിന്റെ ഇടവേളകളിലായിരിക്കും സര്‍വീസ്.
ഈ വര്‍ഷത്തെ റെയില്‍വേ ബജറ്റില്‍ സംസ്ഥാനത്തിന് ലഭിച്ച നേട്ടമായ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് നടപ്പിലാകുന്നതിന് കടമ്പകളേറെ. ബജറ്റ് നേട്ടമായി ആഘോഷിക്കുമ്പോഴും സംസ്ഥാന സര്‍ക്കാറിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിതെന്നത് ശ്രദ്ധേയമാണ്. തിരുവനന്തപുരം- ചെങ്ങന്നൂര്‍ റൂട്ടില്‍ 125.56 കിലോമീറ്റര്‍ ദൂരത്തില്‍ നടപ്പാക്കുന്ന പദ്ധതിക്ക് 3063.97 കോടി രൂപയാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്. ഇതില്‍ സംസ്ഥാനത്തിന്റെ മുതല്‍ മുടക്ക് 51 ശതമാനമാണ്. നിലവിലെ സാഹചര്യത്തില്‍ ഈ തുക കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ വിദേശ സഹായം തേടേണ്ടി വരും. പദ്ധതിക്കായി സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ രൂപവത്കരിക്കാനും ചെലവിന്റെ പകുതി സര്‍ക്കാര്‍ വഹിക്കാമെന്ന് സംസ്ഥാനം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് മാത്രമാണ് സബര്‍ബന്‍ സര്‍വീസിനുള്ള അനുമതി ബജറ്റില്‍ ഇടം പിടിച്ചത് തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here