കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് വീണ്ടും അവഗണന

Posted on: February 26, 2016 9:48 am | Last updated: February 26, 2016 at 9:48 am
SHARE

coach factoryപാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ഇത്തവണയും ശാപമോക്ഷമില്ല. 2012 ഫെബ്രുവരിയില്‍ തറക്കല്ലിട്ട ഫാക്ടറി യാഥാര്‍ഥ്യമാകുമെന്ന് വാഗ്ദാനം മാത്രം ലഭിച്ചതൊഴിച്ചാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 230 ഏക്കര്‍ സ്ഥലത്ത് ചുറ്റുമതില്‍ കെട്ടല്‍ മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. കോച്ച് ഫാക്ടറി നിര്‍മാണം ഏറ്റെടുക്കാന്‍ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ സെയില്‍ മുന്നോട്ടുവന്നിട്ടുണ്ട്്. എം ബി രാജേഷ് എം പി മുന്‍കൈയെടുത്താണ് സെയില്‍ കമ്പനിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാക്കിയെടുത്തത്. എന്നാല്‍ നടപ്പാകണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ കനിയണം. 550 കോടി രൂപ ചെലവില്‍ വര്‍ഷം 400 അലൂമിനിയം കോച്ച് ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയാണ് ലക്ഷ്യം. 2008-2009 ലെ ബജറ്റിലാണ് കോച്ച് ഫാക്ടറിക്ക് കേന്ദ്രം അനുമതി നല്‍കിയത്. 2012 ഫെബ്രുവരിയില്‍ തറക്കല്ലിട്ടു. അതോടെ കോച്ച് ഫാക്ടറി അവഗണിക്കപ്പെട്ടു.
പിന്നീട് യു പി എ സര്‍ക്കാറിന്റെ കാലത്ത് ചുറ്റുമതില്‍ കെട്ടാന്‍ മാത്രം തുക അനുവദിച്ചു. എന്നാല്‍, കഞ്ചിക്കോടിനൊപ്പം അനുവദിച്ച സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ കോച്ച്ഫാക്ടറിയില്‍ നിന്നുള്ള കോച്ചുകള്‍ ഓടിത്തുടങ്ങി. ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ച് സേലം രൂപവത്കരിച്ചപ്പോള്‍ പകരം നല്‍കിയ വാഗ്ദാനമായിരുന്നു പാലക്കാട് കോച്ച് ഫാക്ടറി. എല്‍ ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കഞ്ചിക്കോട് 430 ഏക്കര്‍ സ്ഥലം സൗജന്യമായി ഏറ്റെടുത്ത് റെയില്‍വേക്ക് കൈമാറി. ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ടൗണ്‍ഷിപ്പോടു കൂടിയ കോച്ച് ഫാക്ടറിയാണ് വാഗ്ദാനം നല്‍കിയത്. എന്നാല്‍, പിന്നീടത് ചെറുകിട ഫാക്ടറിയാക്കി മാറ്റുകയായിരുന്നു. 430 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് സൗജന്യമായി റെയില്‍വേക്ക് നല്‍കിയപ്പോള്‍ സ്ഥല വിലക്ക് ആനുപാതികമായ ഓഹരി സംസ്ഥാന സര്‍ക്കാറിന് വേണമെന്നും ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ വഴങ്ങിയില്ല. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ സ്ഥലം റെയില്‍വേക്ക് വിലക്ക് നല്‍കിയതോടെ സംസ്ഥാനത്തിന് അതിന്മേലുള്ള അധികാരവും നഷ്ടമായി.
ഇത്തവണ ബജറ്റില്‍ പരാമര്‍ശമൊന്നുമില്ലാത്തത് കോച്ച് ഫാക്ടറിയെക്കുറിച്ചുള്ള അനിശ്ചിതത്വം ഇനിയും നീങ്ങിയിട്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്.