Connect with us

Gulf

പ്രകൃതി നോട്ടങ്ങള്‍ എഴുത്തിന്റെ മാറ്റ് കൂട്ടുന്നു: പി സുരേന്ദ്രന്‍

Published

|

Last Updated

ദമ്മാം: പ്രകൃതിയിലേക്കുള്ള നോട്ടങ്ങളുടെ വൈവിധ്യം അനുസരിച്ചാണ് പുതിയ സൃഷ്ടി പിറക്കുന്നതെന്നും നോട്ടത്തിന്റെ മൂര്‍ത്തത വര്‍ധിക്കും തോറും അതിന്റെ മാറ്റ് കൂടുമെന്നും പ്രമുഖ എഴുത്തുകാരന്‍ പി സുരേന്ദ്രന്‍. രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം സാംസ്‌കാരിക വേദി ദമ്മാമില്‍ സംഘടിപ്പിച്ച കലാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയപ്രതിപാദ്യങ്ങള്‍ക്കൊപ്പം ആഖ്യാനരീതികളിലെ ആകര്‍ഷണീയതയാണ് കഥകളെ വേറിട്ടതാക്കുന്നത്. അനുഭവങ്ങളെ പുറത്ത് കാണിക്കലല്ല എഴുത്ത്. അനുഭവങ്ങളെ തറയാക്കി അതിന്‍മേല്‍ മോടിയോടെ പടുത്തുയര്‍ത്തപ്പെടുന്ന സര്‍ഗ വിദ്യയാണത്.

പ്രകൃതിയും ആകാശവും ഒന്നു തന്നെ. അതിലേക്കുള്ള നോട്ടമാണ് പ്രധാനം. അപ്പോഴാണ് ദര്‍ശനങ്ങള്‍ പിറക്കുന്നത്. ഒരേ തന്തുവില്‍ നിന്ന് രണ്ടു രീതിയില്‍ സ്വീകരിക്കപ്പെടുന്ന സൃഷ്ടികള്‍ ജനിക്കുന്നത് ഈ നോട്ടത്തിന്റെ മാറ്റ് കൊണ്ടാണ്. ഭാവനക്കും സ്വപ്നങ്ങള്‍ക്കും ഇസ്ലാമിക ദര്‍ശനത്തില്‍ ചരിത്രങ്ങളുണ്ട്. ഖുര്‍ആന്‍ ഒരു മഹത്തായ ദര്‍ശനമാണ്. അത് കൊണ്ടാണ് ഇന്നും അതിന് മികച്ച വ്യാഖ്യാനങ്ങള്‍ പിറക്കുന്നത്. എല്ലാ രംഗത്തും ഇന്ന് നടക്കുന്ന ആദാന പ്രദാനങ്ങള്‍ ശുഭ സൂചകമാണ്. അസഹിഷ്ണുതയേയും ഫാഷിസത്തേയും ചെറുക്കാനുള്ള ഫലവത്തായ മാര്‍ഗവും അത് തന്നെ. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുസ്സലാം നല്ലൂരിന്റെ അദ്ധ്യക്ഷതയില്‍ കലാലയം സൗദിനാഷണല്‍ കണ്‍വീനര്‍ ലുഖ്മാന്‍ വിളത്തൂര്‍ ഉദ്ഘാടനം ചെയ്തു. കെഎംസിസി ദമ്മാം സെന്‍ട്രല്‍ പ്രസിഡന്റ് മലിക് മഖ്ബൂല്‍, ഇഖ്ബാല്‍ വെളിയങ്കോട്, മുസ്തഫ മുക്കൂട്, ഹമീദ് വടകര പ്രസംഗിച്ചു. ലത്തീഫ് പള്ളത്തടുക്ക പ്രസംഗിച്ചു.