Connect with us

Gulf

കേന്ദ്ര സര്‍ക്കാര്‍ ആക്രമണത്തിന്റെ വക്താക്കളായെന്ന് സി പി ജോണ്‍

Published

|

Last Updated

സി പി ജോണ്‍ ദുബൈയില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുന്നു

ദുബൈ: കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ ആക്രമണത്തിന്റെ വക്താക്കളായി മാറിയിരിക്കുകയാണെന്ന് ആസൂത്രണ കമ്മീഷന്‍ അംഗം സി പി ജോണ്‍. ദുബൈയില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസഹിഷ്ണുത ഒരു ചെറുവിഭാഗത്തിന്റേതാണെന്ന് കരുതാന്‍ വയ്യ. അത് വ്യക്തമാക്കുന്ന സംഭവവികാസങ്ങളാണ് ജെ എന്‍ യു വിലും ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. മോദി സര്‍ക്കാര്‍ അസഹിഷ്ണുതയുടെ പര്യായമാണെന്നതും ആര്‍ക്കും നിഷേധിക്കാനാവില്ല. ജെ എന്‍ യുവില്‍ സംഭവിച്ചത് മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളാണ്. വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയെന്നാല്‍ അവരെ കഴുമരത്തിലേക്ക് എറിയുകയെന്നാണ് അര്‍ഥമാക്കേണ്ടത്. സ്വന്തം കുട്ടികള്‍ തെറ്റു ചെയ്താല്‍ മാതാപിതാക്കള്‍ ശാസിക്കാറുണ്ട്. എന്നാല്‍ അവരുടെ കൈകാലുകള്‍ മുറിച്ചുമാറ്റാറില്ല.

ബംഗാളില്‍ മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസുമായി ബാന്ധവത്തിന് ശ്രമിക്കുന്ന സി പി എം എന്തുകൊണ്ട് അസഹിഷ്ണുത ഉള്‍പെടെയുള്ള വിഷയങ്ങളില്‍ അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് സി പി ജോണ്‍ ചോദിച്ചു. ഇതില്‍ പ്രകടമാകുന്നത് സി പി എമ്മിന്റെ രാഷ്ട്രീയ അവ്യക്തതയാണ്. കേരളത്തില്‍ സി പി എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി രാഷ്ട്രീയമായി ഇരുട്ടില്‍ തപ്പുകയാണ്. ആ പാര്‍ട്ടിക്ക് വ്യക്തത നഷ്ടമായിരിക്കുന്നു. ഇടതുപക്ഷം എല്ലാ സമയത്തും ജനങ്ങള്‍ക്കിടയില്‍ മേല്‍ക്കൈ നേടിയിരുന്നത് സാമൂഹിക സുരക്ഷാ പെന്‍ഷനുകളിലൂടെയായിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥ പഴങ്കഥയായിട്ടുണ്ട്.
കേരളത്തില്‍ ഐക്യജനാധിപത്യമുന്നണിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നതില്‍ സംശയമില്ല. കേരളത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന വികസന പ്രക്രിയക്കാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. യു ഡി എഫിനോട് എത്ര സീറ്റ് പാര്‍ട്ടി ചോദിക്കുമെന്നതിന് ഉത്തരം പറയാന്‍ സി പി ജോണ്‍ തയ്യാറായില്ല. എം സി എ നാസര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest