യുഎഇ-ഐ ടി നിയമം; സമ്മതമില്ലാതെ ഫോട്ടോ പോസ്റ്റ് ചെയ്താല്‍ തടവ്

Posted on: February 25, 2016 3:06 pm | Last updated: February 26, 2016 at 6:30 pm

DUBAI POLICEദുബൈ: ഒരാളുടെ ഫോട്ടോ അനുവാദമില്ലാതെ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍ യു എ ഇ-ഐ ടി നിയമപ്രകാരം ആറു മാസം തടവും 50,000 ദിര്‍ഹം പിഴയും ലഭിക്കുമെന്ന് ദുബൈ പോലീസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം അസിസ്റ്റന്റ് കമാണ്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ശരീഫ് വ്യക്തമാക്കി.
നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ മിക്കവര്‍ക്കും ഐ ടി നിയമം അറിയുന്നില്ല. വ്യക്തികളുടെ അറിവോ സമ്മതമോ ഇല്ലാതെ നവ മാധ്യമങ്ങളില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് യു എ ഇ നിയമപ്രകാരം കടുത്ത കുറ്റമാണ്.
മക്കള്‍ നവമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. കുട്ടികള്‍ സഹപാഠികളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിനും മറ്റുമായി ഫോട്ടോ പോസ്റ്റ് ചെയ്യുന്ന നിരവധി പരാതികളാണ് ഉയരുന്നത്, ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല വ്യക്തമാക്കി. കുറ്റകൃത്യങ്ങളില്‍നിന്നും സംരക്ഷിക്കുന്നതിന് പ്രത്യേക വയസ് വരെ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം തടയണമെന്നും നിരവധി രാജ്യങ്ങള്‍ കുട്ടികളുടെ നവമാധ്യമങ്ങളുടെ ഉപയോഗത്തിനെതിരെ നിയമം നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.