Connect with us

National

പാര്‍ലിമെന്റ് ആക്രമണം: അഫ്‌സല്‍ ഗുരുവിന്റെ പങ്കില്‍ സംശയമുണ്ടെന്ന് ചിദംബരം

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിന്റെ പങ്കിനെക്കുറിച്ച് സംശയമുണ്ടെന്ന് പി ചിദംബരം. എകണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ലിമെന്റ് ആക്രമണത്തിന് പിന്നില്‍ അഫ്‌സല്‍ ഗുരുവിന് പങ്കുണ്ടായിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യുപിഎ ഗവണ്‍മെന്റില്‍ ആഭ്യന്തര, ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന പി ചിദംബരം. 2008 മുതല്‍ 2012 വരെ യുപിഎ ഗവണ്‍മെന്റില്‍ ആഭ്യന്തരമന്ത്രിയായിരുന്നു ചിദംബരം. പിന്നീട് ധനകാര്യ വകുപ്പിലേക്ക് മാറുകയായിരുന്നു. സുശീല്‍ കുമാര്‍ ഷിന്‍ഡെ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്.

പാര്‍ലമെന്റ് ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയില്‍ അഫ്‌സല്‍ ഗുരുവിന് എത്രത്തോളം പങ്കുണ്ടായിരുന്നു എന്ന കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചാല്‍ മതിയായിരുന്നെന്നും ചിദംബരം പറഞ്ഞു.

കോടതിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് സര്‍ക്കാരിന് പറയാനാവുമായിരുന്നില്ല. കാരണം സര്‍ക്കാരാണ് അഫ്‌സല്‍ ഗുരുവിനെ പ്രോസിക്യൂട്ട് ചെയ്തത്. പക്ഷെ ഒരു സ്വതന്ത്ര വ്യക്തിക്ക് കേസ് ശരിയായ രീതിയിലല്ല കൈകാര്യം ചെയ്തതെന്ന നിലപാട് പുലര്‍ത്താനാകുമെന്നും ചിദംബരം പറഞ്ഞു. ഈ നിലപാട് വെച്ചു പുലര്‍ത്തുന്നവരെ ദേശവിരുദ്ധരെന്ന് പറയുന്നത് തെറ്റാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

Latest