Connect with us

Kerala

മണല്‍ ഖനനം നിയന്ത്രിക്കുന്നില്ല; വിപണനത്തില്‍ കോടികളുടെ നഷ്ടം

Published

|

Last Updated

തിരുവനന്തപുരം:നദീതട സംരക്ഷണത്തിലും മണല്‍ഖനനം നിയന്ത്രിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. പൊതുലേലം നടത്താതെ കുറഞ്ഞ നിരക്കില്‍ മണല്‍ വിപണനം നടത്തിയത് മൂലം കോടികളുടെ നഷ്ടം സംഭവിച്ചു, ഓഡിറ്റിനായി തിരഞ്ഞെടുത്ത കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ മാത്രമായി 115.2 കോടിയുടെ നഷ്ടം സംഭവിച്ചെന്നും ഇന്നലെ നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റിവര്‍ മാനേജ്‌മെന്റ് ഫണ്ടിന്റെ വരവുകളിലും വിനിയോഗത്തിലും അലംഭാവം ഉണ്ടായതായും ഓഡിറ്റ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. മണല്‍ വിറ്റുവരലിലെ 50 ശതമാനം തുക ഉള്‍ക്കൊള്ളുന്നതാണ് ആര്‍ എം എഫ്.
2010-15 കാലയളവില്‍ ആര്‍ എം എഫില്‍ 299.75 കോടി രൂപ വരവുണ്ടായതില്‍ 92.24 കോടി രൂപ മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. ലഭ്യമായ ഫണ്ടിന്റെ 14 ശതമാനം മാത്രം വിനിയോഗിച്ച കൊല്ലമാണ് ഏറ്റവും കുറവ് ചെലവഴിച്ചിട്ടുള്ളത്. വിവിധ ജില്ലകളില്‍ ആര്‍ എം എഫില്‍ ധനം വിനിയോഗിക്കാതെ കിടക്കുന്നുണ്ടെന്ന് സമ്മതിച്ച സര്‍ക്കാര്‍ നദീതടങ്ങളിലെ ജൈവ-ഭൗതിക പരിസ്ഥിതി പരിപാലിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആര്‍ എം എഫിലേക്ക് ഫണ്ട് അടക്കുന്നതിലും വീഴ്ചവരുത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ 16 പഞ്ചായത്തുകള്‍ മണല്‍ വിറ്റുവരവായ 10.7 കോടി നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്നതായി ഓഡിറ്റ് കണ്ടെത്തി. ഇതില്‍ 4.55 കോടി വീണ്ടെടുത്തതായും 5.52 കോടി ഇനിയും വീണ്ടെടുക്കാനുമുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2010-15 കാലയളവില്‍ നാല് ജില്ലകളിലായി 60 ലക്ഷം ടണ്‍ മണലാണ് വിപണനം നടത്തിയത്. കേരളത്തില്‍ 44 നദികളില്‍ ഒമ്പതെണ്ണത്തിലെ മണല്‍ വിപണനത്തെ കുറിച്ചുള്ള കണക്കിലാണ് ഇത്രയും കുറവ്. മറ്റു 10 ജില്ലകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ നഷ്ടത്തിന്റെ തോത് ഭീകരമാകും.
പൊതുലേലത്തിലൂടെ മണലിന്റെ വില നിശ്ചയിക്കാന്‍ സാന്റ് ആക്ട് കടവുകമ്മിറ്റികളെ അധികാരപ്പെടുത്തുന്നുണ്ടെങ്കിലും ഒരു ജില്ലയിലും പൊതുലേലം നടത്തിയിട്ടില്ല. 2010-15 കാലയളവില്‍ എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ മണല്‍ വില നിശ്ചയിച്ചതില്‍ കൂലിച്ചെലവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സാന്റ് ആക്ടില്‍ വിഭാവനം ചെയ്തത് പോലെ പൊതുലേലത്തെ ആശ്രയിക്കാത്തതിന്റെ പരാജയം സര്‍ക്കാര്‍ അംഗീകരിച്ചു.
കണ്ടുകെട്ടിയ മണലിന്റെ വില്‍പനയിലും സംസ്ഥാന സര്‍ക്കാര്‍ കൃത്യവിലോപം നടത്തി. കൊല്ലം, മലപ്പുറം ജില്ലകളിലാണ് കണ്ടുകെട്ടിയ മണല്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിപണനം നടത്തിയത്. സാന്റ് ഓഡിറ്റിങ്ങിലുണ്ടായ പരാജയം വിവേചനമില്ലാത്ത മണല്‍ ഖനനത്തിന് വഴിവച്ചെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

Latest