Connect with us

International

വെടിനിര്‍ത്തല്‍ കരാറിനെ മാനിക്കും: സിറിയന്‍ പ്രസിഡന്റ്‌

Published

|

Last Updated

ദമസ്‌കസ്: അമേരിക്കയും റഷ്യയും തമ്മില്‍ ധാരണയിലെത്തിയ സിറിയന്‍ വെടിനിര്‍ത്തല്‍ കരാറിനെ മാനിക്കുമെന്ന് സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദ് റഷ്യക്ക് ഉറപ്പ് നല്‍കി. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദും ഇതുസംബന്ധിച്ച് ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തിയതായും റഷ്യന്‍ അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇതിന് പുറമെ വെടിനിര്‍ത്തല്‍ കരാറിനെ സഫലീകരിക്കുന്ന വിധത്തിലുള്ള സൗകര്യങ്ങള്‍ സിറിയന്‍ സര്‍ക്കാര്‍ ഒരുക്കിത്തരുമെന്ന് വ്യക്തമാക്കിയതായും പ്രസ്താവനയിലുണ്ട്. അഞ്ച് വര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര യുദ്ധത്തിന് അറുതിവരുത്താന്‍ ഈ വെടിനിര്‍ത്തല്‍ കരാര്‍ രാഷ്ട്രീയ സഹായമാകുമെന്ന് അസദ് പ്രത്യാശപ്രകടിപ്പിച്ചതായും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, സിറിയയിലെ ഇസില്‍ തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരാന്‍ തന്നെയാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. സിറിയക്ക് പുറമെ വെടിനിര്‍ത്തല്‍ കരാറിനെ കുറിച്ച് റഷ്യ, സഊദി അറേബ്യയുമായും ഇറാനുമായും ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കയും റഷ്യയും തമ്മിലെത്തിയ വെടിനിര്‍ത്തല്‍ കരാറിനെ സഊദി അറേബ്യ സ്വാഗതം ചെയ്തു. ഇത് യാഥാര്‍ഥ്യമാക്കുന്നതിന് റഷ്യയുമായി സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് ആല്‍ സഊദ് വ്യക്തമാക്കി. സിറിയന്‍ പ്രസിഡന്റിനെയും സര്‍ക്കാര്‍ സൈന്യത്തെയുമാണ് റഷ്യ പിന്തുണക്കുന്നത്. എന്നാല്‍ സിറിയയിലെ പ്രതിപക്ഷത്തിനൊപ്പമാണ് സഊദി നില്‍ക്കുന്നത്.
എന്നാല്‍, റഷ്യയും അമേരിക്കയും തമ്മിലെത്തിയ വെടിനിര്‍ത്തല്‍ കരാറിനോട് അനുഭാവപൂര്‍ണമായ പ്രതികരണമായിരിക്കുമോ സിറിയന്‍ പ്രതിപക്ഷത്തിന്റേതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഉന്നത തല കമ്മിറ്റി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി അവസാന തീരുമാനം വ്യക്തമാക്കുമെന്നാണ് പ്രതിപക്ഷ നിലപാട്.

Latest