ലോകത്ത് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരം വിയന്ന; ആദ്യ നൂറ് നഗരങ്ങളില്‍ ഇന്ത്യക്ക് ഇടമില്ല

Posted on: February 25, 2016 6:00 am | Last updated: February 25, 2016 at 12:36 am

ലണ്ടന്‍: ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്ന ലോകത്ത് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരമെന്ന് പഠന റിപ്പോര്‍ട്ട്. ലോകത്തിലെ 230 നഗരങ്ങളില്‍ സാമൂഹിക സാമ്പത്തിക ജീവിത നിലവാരത്തിന്റെ അവസ്ഥ പഠിച്ച് മെര്‍സര്‍ എന്ന കമ്പനി നടത്തിയ സര്‍വേയിലാണിത്. സൂറിച്ച്, ഓക്ക്‌ലാന്‍ഡ്്, മ്യൂനിക്ക്, വാന്‍കൗവര്‍ എന്നീ നഗരങ്ങളാണ് തൊട്ടുപിന്നിലുള്ളത്. ആദ്യ നൂറ് നഗരങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള നഗരങ്ങള്‍ ഇടംപിടിച്ചിട്ടില്ലയെന്നത് ശ്രദ്ധേയമാണ്. ലോകത്തെ ഏറ്റവും ചീത്ത നഗരമായി ഇറാഖ് തലസ്ഥാനമായ ബാഗ്ദാദാണ്. ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങള്‍ ആദ്യ 30ല്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഇന്ത്യന്‍ നഗരങ്ങളില്‍ ഹൈദരാബാദാണ് ആദ്യസ്ഥാനം 139ാം സ്ഥാനമാണ് ഹൈദരാബാദിനുള്ളത്. തൊട്ടുപിറികിലായി പൂനെ(144), ബംഗളൂരു(145), ചെന്നൈ(150), മുംബൈ(152), കൊല്‍ക്കത്ത(160), ന്യൂഡല്‍ഹി(161) എന്നിവയുമുണ്ട്. ഈ നഗരങ്ങളില്‍ താമസിക്കുന്നവരുടെ സാമൂഹിക, സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസപരമായ അവസ്ഥകളാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഇതിനായി ഈ നഗരങ്ങളിലെ വന്‍കിടകമ്പനികളെയും ഇവര്‍ തിരഞ്ഞെടുത്തു. ഈ നഗരങ്ങളില്‍ അവരുടെ തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനത്തിന്റെ തോതും പഠനത്തിന് വിധേയമാക്കി. ലോക ബേങ്കിന്റെ കണക്ക് പ്രകാരം ലോകത്ത് സാമ്പത്തിക വളര്‍ച്ച കൂടുതലുള്ള രാജ്യമാണ് ഓസ്ട്രിയ. അമേരിക്ക രണ്ടാമതും, ജര്‍മനി മൂന്നാമതും ബ്രിട്ടന്‍ നാലാമതുമാണെന്ന് പഠനം പറയുന്നു. യൂറോപ്പിലേക്കും ജര്‍മനിയിലേക്കും അഭയാര്‍ഥികളായി പലായനം ചെയ്യുന്നവര്‍ വിയന്ന വഴിയാണ് പോകുന്നത്. ഇത് നഗരത്തിന്റെ ജീവിതചക്രത്തില്‍ ഒരുമാറ്റവും വരുത്തിയിട്ടില്ലെന്ന് പഠനം പറയുന്നു.